അമിത് ഷാക്കെതിരെ ജാട്ട് വിഭാഗം; ഹരിയാനയിലേക്ക് കേന്ദ്രസേന
text_fieldsന്യൂഡൽഹി: ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ നയിക്കുന്ന റാലി തടയുമെന്ന് ജാട്ട് വിഭാഗക്കാരുടെ ഭീഷണി. ഇതേതുടർന്ന് ഹരിയാന സർക്കാറിെൻറ അഭ്യർഥന പ്രകാരം കേന്ദ്രം 150 കമ്പനി കേന്ദ്രസേനയെ വിന്യസിക്കാൻ ഒരുങ്ങുന്നു. സാഹചര്യങ്ങൾ വിലയിരുത്താൻ ഞായറാഴ്ച ഡി.ജി.പി ഉന്നതതല യോഗവും വിളിച്ചു.
ഇൗ മാസം 15നാണ് ചണ്ഡിഗഢിനടുത്ത ജിണ്ഡിൽ അമിത്ഷാ നയിക്കുന്ന ബൈക്ക് റാലി നടക്കുന്നത്. എന്നാൽ 50,000 ട്രാക്ടർ ട്രോളികളുമായി എത്തി റാലി തടയുമെന്നാണ് അഖിലേന്ത്യ ജാട്ട് സംവരണ പ്രക്ഷോഭ സമിതിയുടെ മുന്നറിയിപ്പ്. കേന്ദ്രസർക്കാർ പലവിധ വാഗ്ദാനങ്ങൾ നൽകിയതല്ലാതെ ഒന്നും നടപ്പാക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയാണ് പ്രക്ഷോഭം.
കേന്ദ്ര, സംസ്ഥാന അധികാരം കൈയാളുന്നതിെൻറ അജയ്യതക്കിടയിൽ ബി.ജെ.പി അധ്യക്ഷന് പൊതുപരിപാടി നടത്താൻ കഴിയാതെവരുന്ന സാഹചര്യം മൂന്നര വർഷത്തിനിടയിൽ ഇതാദ്യമാണ്. പ്രധാനമന്ത്രി സ്ഥാനാർഥിയെന്ന നിലയിൽ നരേന്ദ്ര മോദി മൂന്നര വർഷം മുമ്പ് ആദ്യ പ്രചാരണ യോഗം നടത്തിയ സംസ്ഥാനം കൂടിയാണ് ഹരിയാന.
അമിത് ഷാ ജിണ്ഡിൽ എത്തുന്ന ദിവസം അരലക്ഷം ട്രാക്ടറുകളുടെ റാലി അവിടെ നടത്താനാണ് ജാട്ട് സമിതിയുടെ പരിപാടി. സംവരണവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ അംഗീകരിക്കുന്നതിനു പുറമെ, ഇൗ പ്രക്ഷോഭത്തിെൻറ പേരിൽ സമരക്കാർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുകയും പരിക്കേറ്റവർക്ക് നഷ്ടപരിഹാരം നൽകുകയും വേണമെന്ന് സമിതി ആവശ്യപ്പെട്ടു.
ഇതിനിടെ, സുപ്രീംകോടതിയിൽനിന്ന് വ്യക്തമായ നിർദേശമുണ്ടായിട്ടും സത്ലജ്-യമുന ലിങ്ക് കനാൽ പദ്ധതി പൂർത്തിയാക്കാൻ വൈകുന്നതിനെക്കുറിച്ച് അമിത് ഷായുടെ വിശദീകരണം തേടാനൊരുങ്ങുകയാണ് പ്രതിപക്ഷമായ ഇന്ത്യൻ നാഷനൽ ലോക്ദൾ. വിശദീകരണം തൃപ്തികരമല്ലെങ്കിൽ റാലി നടത്താൻ സമ്മതിക്കില്ലെന്ന് പാർട്ടി നേതാവ് അഭയ് സിങ് ചൗതാല പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.