നമസ്ക്കാരത്തിന് ഇടമില്ല; കൈയേറിയ പള്ളികൾ ഒഴിഞ്ഞു തരണമെന്ന് വഖഫ് ബോർഡ്
text_fieldsഗുരുഗ്രാം: പൊതുസ്ഥലങ്ങളിലെ നമസ്ക്കാരം പള്ളിക്കകത്തേക്ക് മാറ്റണമെന്ന ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്‍റെ നിർദേശം വിവാദമായിരിക്കെ കൈയേറിയ പള്ളികൾ ഒഴിഞ്ഞു തരണമെന്ന് ആവശ്യവുമായി ഹരിയാന വഖഫ് ബോർഡ്. നിയമം ലംഘിച്ച് കൈയേറിയ പള്ളികൾ ഒഴിഞ്ഞുതരാൻ സർക്കാർ സഹായിക്കണമെന്നാണ് വഖഫ് ബോർഡിന്‍റെ ആവശ്യം.
പ്രാർഥിക്കാൻ പള്ളികളുടെ കുറവ് അനുഭവപ്പെടുന്നുണ്ടെന്നും അതിനാൽ ജില്ലാഭരണകൂടം മുൻകൈയെടുത്ത് 20 പള്ളികൾ ഒഴിപ്പിച്ചു തരണമെന്നുമാണ് വഖഫ് ബോർഡിന്‍റെ ആവശ്യം.
പൊതുസ്ഥലങ്ങളിൽ നമസ്ക്കരിക്കുന്നത് മറ്റുള്ളവർ തടയുന്നതിനാലാണ് കൈയേറിയ പള്ളികൾ വിട്ടുതരണമെന്ന് തങ്ങൾ ആവശ്യപ്പെടുന്നത്. പള്ളികൾ ഒഴിപ്പിക്കുന്നതിന് പൊലീസ് സംരക്ഷണം ആവശ്യമുണ്ട്. പള്ളികൾ ഒഴിപ്പിച്ചു തന്നാൽ അവയുടെ അറ്റകുറ്റപ്പണികൾ നടത്താനും ജീവനക്കാരെ നിയമിക്കുന്നതിനുമുള്ള ചിലവ് ഹരിയാന വഖഫ് ബോർഡ് വഹിക്കുന്നതാണെന്നും പ്രസ്താവനയിൽ പറയുന്നു.
പൊതുസ്ഥലങ്ങളിൽ നമസ്ക്കാരം ഒഴിവാക്കണമെന്ന ഹരിയാന മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തിന് തിരി കൊളുത്തിയിരുന്നു. മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന എന്ന വിമർശനത്തെ തുടർന്ന് അദ്ദേഹം പ്രസ്താവന പിൻവലിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.