ഹരിയാനയിലെ വിവാദ ആൾദൈവം ജിലേബി ബാബ ജയിലിൽ മരിച്ചു
text_fieldsചണ്ഡീഗഢ്: ബലാത്സംഗക്കേസിൽ ജയിൽ ശിക്ഷയനുഭവിക്കുകയായിരുന്ന ഹരിയാനയിലെ സ്വയം പ്രഖ്യാപിത ആൾദൈവം ജിലേബി ബാബ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഹിസാർ സെൻട്രൽ ജയിലിൽ വെച്ചായിരുന്നു അന്ത്യം. 120 ഓളം സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും അതിന്റെ വിഡിയോ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചുവരികയായിരുന്നു ബില്ലുറാം എന്ന ജലേബി ബാബ. പോക്സോ കേസിൽ 14 വർഷത്തെ തടവിനാണ് ശിക്ഷിച്ചിരുന്നത്.
ജിലേബി ബാബ പ്രമേഹ രോഗിയായിരുന്നുവെന്നും ഹൃദയാഘാതം മൂലമാണ് മരണമെന്നും അഭിഭാഷകനായ ഗജേന്ദർ പാണ്ഡെ പറഞ്ഞു. ഫത്തേബാബാദ് ജിലിലയിലെ തോഹാന സ്വദേശിയായ ബില്ലുറാം 2023 ജനുവരിയിലാണ് ലൈംഗിക പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ടത്. ഉന്തുവണ്ടിയിൽ ജിലേബി വിൽക്കലായിരുന്നു ജോലി. അതിനു ശേഷമാണ് ആൾദൈവമായി സ്വയം പ്രഖ്യാപിച്ചത്. ജിലേബി ബാബ എന്ന പേരിലാണ് അറിയപ്പെട്ടത്.
സഹായം അഭ്യർഥിച്ച് തന്റെയടുക്കൽ വരുന്ന സ്ത്രീകളെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്തുവെന്നാണ് ഇയാൾക്കെതിരെ ഉയർന്ന പരാതി. ബലാത്സംഗത്തിന്റെ ദൃശ്യങ്ങൾ പകർത്തി വിഡിയോ പരസ്യമാക്കുമെന്ന് സ്ത്രീകളെ ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ടുതവണ ബലാത്സംഗം ചെയ്തതിന് പോക്‌സോ വകുപ്പ് പ്രകാരവും ഇയാൾക്കെതിരെ കേസുണ്ട്.
2018ലാണ് ഹരിയാന പൊലീസ് ഫത്തേഹാബാദിലെ തോഹാന ടൗണിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് 120 ഓളം ലൈംഗിക വീഡിയോ ക്ലിപ്പുകൾ കണ്ടെത്തുകയും ചെയ്തു. ഹരിയാനയിലെ അതിവേഗ കോടതിയാണ് പോക്സോ കേസിൽ 14 വർഷത്തെ തടവിന് വിധിച്ചത്. രണ്ട് ബലാത്സംഗക്കേസുകളിൽ ഏഴുവർഷവും ഐ.ടി ആക്ട് പ്രകാരമുള്ള കുറ്റത്തിന് അഞ്ചുവർഷവും തടവ് വിധിച്ചു. ശിക്ഷകളെല്ലാം ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നായിരുന്നു കോടതിയുടെ ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.