കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ബി.ജെ.പിയുടെ ഏതെങ്കിലും നേതാക്കൾക്ക് ഇ.ഡി അന്വേഷണം നേരിടേണ്ടി വന്നിട്ടുണ്ടോയെന്ന് ചിദംബരം
text_fieldsന്യൂഡൽഹി: കഴിഞ്ഞ നാലോ അഞ്ചോ വർഷത്തിനിടെ ഏതെങ്കിലും ബി.ജെ.പി നേതാവിന് ഇ.ഡിയുടെ അന്വേഷണം നേരിടേണ്ടി വന്നിട്ടുണ്ടോയെന്ന് കോൺഗ്രസ് നേതാവ് പി. ചിദംബരം. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
കേന്ദ്രം യാതൊരു നിയമവും പാലിക്കുന്നില്ലെന്നും അതിനാൽ ജനാധിപത്യത്തിൽ ഞങ്ങൾക്ക് പ്രതിഷേധിക്കാൻ അർഹതയുണ്ടെന്നും ഇ.ഡിക്കെതിരെ കോൺഗ്രസ് നടത്തുന്ന സമരത്തെ ന്യായീകരിച്ച് ചിദംബരം പറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്ത് അവരുടെ ഏതെങ്കിലും നേതാക്കൾക്കെതിരെ ഇ.ഡി ഇത്തരത്തിൽ കേസെടുത്തിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ബി.ജെ.പിയുടെ ഉന്നതാധികാരികൾ ദയവായി ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. നിലവിൽ കോൺഗ്രസ് നേതാവിനെതിരെ ആരോപിക്കപ്പെടുന്ന കുറ്റവുമായി ബന്ധപ്പെട്ട് ഏത് പൊലീസ് ഏജൻസിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്ന് ചിദംബരം ചോദിച്ചു. അങ്ങനെ ഒരു എഫ്.ഐ.ആർ ഉണ്ടെങ്കിൽ അത് എവിടെയാണ്. അതിന്‍റെ പകർപ്പ് കാണിച്ച് തരാൻ ബി.ജെ.പി നേതാക്കൾക്ക് സാധിക്കുമോ?. എഫ്.ഐ.ആർ ഇല്ലാത്തപക്ഷം അന്വേഷണം ആരംഭിക്കാൻ കള്ളപ്പണ നിരോധന നിയമ പ്രകാരം ഇ.ഡിക്ക് അധികാരമില്ലെന്ന് നിങ്ങൾക്ക് അറിയാമോയെന്നും ചിദംബരം ട്വീറ്റിലൂടെ ചോദിച്ചു.
നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ തിങ്കളാഴ്ച പത്ത് മണിക്കൂറോളം ഡൽഹിയിലെ ഇ.ഡി ഓഫീസിൽ ചോദ്യം ചെയ്തിരുന്നു. രണ്ടാം ദിവസവും ചോദ്യം ചെയ്യൽ തുടരുകയാണ്. ഇ.ഡി നടപടിയിൽ പ്രതിഷേധിച്ച് നിരവധി കോൺഗ്രസ് നേതാക്കളാണ് ഇന്നലെയും ഇന്നുമായി ഡൽഹിയിൽ പ്രതിഷേധ സമരങ്ങൾ നടത്തി വരുന്നത്. നിരവധി പ്രതിഷേധക്കാരെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.