‘രാഹുലിനെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നവർക്ക് ഇലക്ഷൻ കമീഷൻ ഒരു നോട്ടീസെങ്കിലും നൽകിയിട്ടുണ്ടോ?’
text_fieldsന്യൂഡൽഹി: പ്രസംഗത്തിനിടെ രാഹുൽ ഗാന്ധി ‘പനോത്തി’ (അപശകുനം) എന്ന വാക്ക് പറഞ്ഞതിനെതിരെ ഇലക്ഷൻ കമീഷൻ നോട്ടീസ് നൽകിയത് വിവാദത്തിൽ. ആരുടെയും പേരെടുത്ത് പറയാതെ രാഹുൽ ഗാന്ധി ‘അപശകുനം’ എന്ന് പ്രയോഗിച്ചതിൽ ഇലക്ഷൻ കമീഷൻ നോട്ടീസ് അയച്ചത് പരിഹാസ്യതയുടെ അങ്ങേയറ്റമാണെന്ന് പ്രമുഖ മാധ്യമ പ്രവർത്തക സാഗരിക ഘോഷ് അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധിക്കും ഗാന്ധി കുടുംബത്തിനുമെതിരെ അധിക്ഷേപകരവും അസഭ്യവുമായ നിരവധി പദപ്രയോഗങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ആളുകൾക്കെതിരെ ഇലക്ഷൻ കമീഷൻ ഇക്കാലത്തിനിടക്ക് എപ്പോഴെങ്കിലും നോട്ടീസ് കൊടുത്തിട്ടുണ്ടോ എന്നും സാഗരിക ചോദ്യമുന്നയിച്ചു.
‘കോൺഗ്രസിന്റെ പ്രചാരണ റാലിയിൽ രാഹുൽ ഗാന്ധി ‘അപശകുനം’ എന്ന വാക്കു മാത്രമാണ് പറഞ്ഞത്. ആരാണ് അപശകുനം എന്ന് പറഞ്ഞിട്ടേയില്ല. എന്നിട്ടും തെരഞ്ഞെടുപ്പ് കമീഷൻ രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചിരിക്കുന്നു’- മാധ്യമ പ്രവർത്തകൻ രവി നായർ ചൂണ്ടിക്കാട്ടി.
‘അപശകുനം എന്ന് പറഞ്ഞതിന് രാഹുലിനെതിരെ നോട്ടീസ് നൽകിയിരിക്കുകയാണ് ഇലക്ഷൻ കമീഷൻ. എന്നാൽ, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടും പി.എം-കിസാൻ സ്കീമിന്റെ 15-ാമത് ഗഡു നരേന്ദ്ര മോദി വിതരണം ചെയ്തത് നാണംകെട്ട നീക്കമായിരുന്നു. അപ്പോൾ എന്തേ ഇലക്ഷൻ കമീഷൻ ഉറക്കമായിരുന്നോ? തങ്ങൾ പക്ഷപാതികളല്ലെന്ന് അഭിനയിക്കാൻ പോലും കമീഷൻ ശ്രമിക്കുന്നില്ല! -’ കോൺഗ്രസ് വക്താവ് ഡോ. ഷമ മുഹമ്മദ് കുറ്റപ്പെടുത്തി.
പ്രചാരണ റാലിക്കിടെ സദസ്സിൽനിന്ന് ആളുകൾ പറഞ്ഞ വാക്ക് രാഹുൽ ആവർത്തിക്കുക മാത്രമാണ് ചെയ്തതെന്ന് വിഡിയോ സഹിതം ചിലർ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ലോകകപ്പ് ഫൈനലിൽ ഇന്ത്യ തോറ്റതുമായി ബന്ധപ്പെട്ട ‘അപശകുനം’ എന്ന് പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടി നൽകിയ പരാതിയിലാണ് ഇലക്ഷൻ കമീഷൻ രാഹുലിന് നോട്ടീസയച്ചത്.
രാഹുലിന് നോട്ടീസ് അയച്ച പശ്ചാത്തലത്തിൽ പനോത്തി എന്ന് മോദിയെ പരാമർശിച്ച് കോൺഗ്രസ് ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഹിന്ദി സിനിമ ‘മുഗളേ അസമി’നെ മാതൃകയാക്കി ‘പനോത്തിയേ അസം’ എന്നാണ് കോൺഗ്രസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്ററുകളിൽ വിശേഷിപ്പിച്ചിട്ടുള്ളത്. കർട്ടനുപിന്നിൽനിന്ന് നോക്കുന്ന മോദിയുടെ ചിത്രവും പോസ്റ്ററിൽ ചേർത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.