ഹാഷിംപുര കൂട്ടക്കൊല: 16 പൊലീസുകാർക്ക് ജീവപര്യന്തം
text_fieldsന്യൂഡൽഹി: മൂന്നു പതിറ്റാണ്ട് മുമ്പ് രാജ്യത്തെ പിടിച്ചുലച്ച ഹാഷിംപുര കൂട്ടക്കുരുതിയിൽ പ്രതികളായ 16 പൊലീസുകാരെ ഡൽഹി ഹൈകോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ന്യൂനപക്ഷ സമുദായത്തിലെ വ്യക്തികളെ ലക്ഷ്യമിട്ട് നടത്തിയ കൂട്ടക്കൊലയാണ് ഹാഷിംപുരയിലേതെന്ന് ഹൈകോടതി വിധിയിൽ വ്യക്തമാക്കി. എല്ലാ പ്രതികളെയും വെറുതെവിട്ട വിചാരണ കോടതി വിധി റദ്ദാക്കിയാണ് ജസ്റ്റിസുമാരായ എസ്. മുരളീധർ, വിനോദ് ഗോയൽ എന്നിവരടങ്ങുന്ന ഡിവിഷൻ െബഞ്ചിെൻറ വിധി.
1987 മേയിൽ മീറത്തിലുണ്ടായ കലാപത്തെ തുടർന്ന് പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറി(പി.എ.സി)യുടെ 41ാം ബറ്റാലിയെൻറ ‘സി’ കമ്പനി ഹാഷിംപുരയിൽ നടത്തിയ മൃഗീയമായ കൂട്ടക്കൊലയാണ് കേസിന് ആധാരം. മേയ് 22ന് ചെറുപ്പക്കാരും പ്രായമുള്ളവരുമായ 45ഒാളം മുസ്ലിംകളെ വളഞ്ഞുപിടിച്ച് ഒരു ട്രക്കിൽ കയറ്റിക്കൊണ്ടുപോയി ഒാരോരുത്തരെയും വെടിവെച്ചു കൊന്ന് മൃതദേഹങ്ങൾ കനാലിലും നദിയിലുമായി തള്ളുകയായിരുന്നു. ഇരകളുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കാൻ 31 വർഷം കാത്തിരിക്കേണ്ടി വന്നുവെന്നും ഏതെങ്കിലും വിധത്തിലുള്ള സാമ്പത്തികമായ നഷ്ടപരിഹാരംകൊണ്ട് നികത്താവുന്നതല്ല ഇതെന്നും ബെഞ്ച് വിധിയിൽ ഒാർമിപ്പിച്ചു.
തട്ടിക്കൊണ്ടുപോയ 42 അപരിചിതരെയാണ് പൊലീസ് കൊന്നുകളഞ്ഞതെന്ന് ഹൈകോടതി വിധിയിൽ ചുണ്ടിക്കാട്ടി. നിയമപാലകർതന്നെ കൂട്ടക്കൊല നടത്തിയ അപൂർവ സംഭവമാണിത്. അതിനാൽ, ജീവപര്യന്തം ശിക്ഷക്ക് പുറമെ 10 വർഷം തടവും 10,000 രൂപ പിഴയും, അഞ്ചു വർഷം തടവും 10,000 രൂപയും, മൂന്നു വർഷവും 10,000 രൂപ പിഴയും എന്നിവയും 16 പൊലീസുകാർ അനുഭവിക്കണം. എല്ലാ ശിക്ഷയും ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും ഹൈകോടതി വിധിച്ചു.
പൊലീസ് വണ്ടി മരണവണ്ടിയായ കാളരാത്രി
ക്രമസമാധാന പാലനത്തിന് നിയമപാലകരെ വിന്യസിക്കാനുപയോഗിക്കുന്ന പൊലീസ് ട്രക്ക് 1987 മേയ് 22ലെ കാളരാത്രിയിൽ ഹാഷിംപുരയിൽ മരണ വണ്ടിയായതെങ്ങനെയെന്ന് ഹൈകോടതി വിധിയിൽ വിശദീകരിച്ചു. സുരേന്ദ്ര പാൽ സിങ് എന്ന ഇതിനകം മരിച്ച കമാൻഡർ ആയിരുന്നു തെൻറ കീഴിലുള്ള 18 സായുധ പൊലീസുകാരെയും കൊണ്ട് ഹാഷിംപുര കൂട്ടക്കൊല നടത്തിയതെന്ന് ഡൽഹി ഹൈകോടതി വിധിയിൽ ചൂണ്ടിക്കാട്ടി.
മോകം സിങ് എന്ന ട്രക്ക് ഡ്രൈവർ 45ൽപരം മുസ്ലിംകളെയുമെടുത്ത് ഡൽഹി റോഡിലേക്കാണ് പോയത്. അൽപം കഴിഞ്ഞ് കൂടുതൽ പി.എ.സിക്കാരെ ട്രക്കിൽ കയറ്റി. ഒന്നര മണിക്കൂർ യാത്രക്കു ശേഷം മുറാദ് നഗറിലെത്തി ട്രക്ക് നിർത്തി. അപ്പോഴേക്കും ഇരുട്ടിയിരുന്നു. ട്രക്കിെൻറ ലൈറ്റണച്ച് ഒാരോരുത്തരെയായി ട്രക്കിൽനിന്ന് ഇറക്കി വെടിവെക്കാൻ തുടങ്ങി. ഹാഷിംപുരക്കാരൻ മുഹമ്മദ് യാസിം ആയിരുന്നു ആദ്യ ഇര. ഇയാളെ വെടിവെച്ച് കനാലിലേക്ക് എറിഞ്ഞു.
പിന്നീട് അശ്റഫ്, സുൽഫിക്കർ തുടങ്ങിയവരെ. ഇരുവരെയും വെടിെവച്ച് അതുപോലെ എറിഞ്ഞു. എന്നാൽ, മരിക്കാതിരുന്ന സുൽഫിക്കർ ശ്വാസം അടക്കിപ്പിടിച്ച് മരിച്ച പോലെ കിടന്നതിനാൽ രക്ഷപ്പെട്ടു. അപ്പോഴേക്കും രക്ഷിക്കൂ എന്ന് പറഞ്ഞ് ട്രക്കിലുള്ളവർ മുറവിളി തുടങ്ങി. അതോടെ ട്രക്കിനകത്തുെവച്ചുതന്നെ തുരുതുരാ വെടിയുതിർത്തു. ഇവരിൽ 15 പേരെ എടുത്ത് കനാലിലേക്ക് എറിഞ്ഞു. ഇൗ എറിഞ്ഞവരിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട മുഹമ്മദ് നഇൗമും മുഹമ്മദ് ഉസ്മാനും മുജീബുർഹ്മാനും കേസിലെ സാക്ഷികളായി. മറ്റു വാഹനങ്ങളുടെ ലൈറ്റ് കണ്ടതോടെ വെടിവെപ്പ് നിർത്തിയ പി.എ.സി അര മണിക്കൂർ കഴിഞ്ഞ് ട്രക്ക് മാറ്റി വീണ്ടും വെടിവെപ്പ് തുടർന്നു. കൊണ്ടുവന്ന എല്ലാവരെയും കൊന്നുവെന്ന് ഉറപ്പാക്കി. ലീല ധർ എന്ന പൊലീസുകാരനും കൂട്ടവെടിവെപ്പിൽ പരിക്കേറ്റു. കൊല്ലപ്പെട്ടവർക്കു വേണ്ടി മലയാളി അഭിഭാഷക അഡ്വ. റെബേക്ക ജോൺ മാമനും ദേശീയ മനുഷ്യാവകാശ കമീഷന് വേണ്ടി അഡ്വ. വൃന്ദാ ഗ്രോവറുമാണ് ഹാജരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.