'ആസൂത്രിതമായ വിദ്വേഷം നടക്കുന്നിടത്ത് നിശബ്ദത ഒരു പരിഹാരമല്ല'; മാധ്യമസ്ഥാപനങ്ങൾ ഉത്തരവാദിത്തം നിറവേറ്റണമെന്ന് പ്രമുഖർ
text_fieldsരാജ്യത്ത് മുസ്ലിംകൾ അടക്കം മതന്യൂനപക്ഷങ്ങൾക്ക് നേരെ വിവിധ കോണുകളിൽ നിന്നും ആക്രമണങ്ങൾക്ക് ആഹ്വാനം ഉയരുന്ന സാഹചര്യത്തിൽ മാധ്യമ സ്ഥാപനങ്ങൾ അവരുടെ ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റണമെന്ന് പ്രമുഖ മാധ്യമപ്രവർത്തകർ. ദി ഹിന്ദു മുൻ എഡിറ്റർ ഇൻ ചീഫും പബ്ലിഷിങ് ഗ്രൂപ്പ് ഡയറക്ടറുമായ എൻ. റാം അടക്കം മാധ്യമമേഖലയിലെ 28 പ്രമുഖരാണ് തുറന്ന പ്രസ്താവനയിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടത്.
കഴിഞ്ഞ വർഷങ്ങളിലും മാസങ്ങളിലും വിദ്വേഷ പ്രചരണം വലിയ രീതിയിൽ വർധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ്, ധർമ സൻസദിന്‍റെ പേരിലുള്ള വിദ്വേഷ പ്രസ്താവനകൾ, വസ്ത്ര വിവാദം, സിനിമാ പ്രദർശനം തുടങ്ങിയ സന്ദർഭങ്ങളിലാണ് ഇത്തരം പ്രചരണം നടക്കുന്നത്. നിരവധി അക്രമസംഭവങ്ങളെ കുറിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും രാജ്യത്തെ ഉന്നതരായ നേതാക്കൾ മനഃപൂർവം നിശബ്ദത തുടരുകയാണ്. കഴിഞ്ഞ മാസങ്ങളിൽ കോവിഡിന്‍റെ മറവിൽ മുസ്ലിംകൾക്കെതിരെ വിദ്വേഷ പ്രചരണം നടന്നത് നമ്മൾ കണ്ടതാണ്. മുസ്ലിംകൾക്കെതിരെ സാമൂഹിക, സാമ്പത്തിക ബഹിഷ്കരണത്തിന് നിയമസഭ സാമാജികരുടെ ആഹ്വാനങ്ങൾ അടക്കമുള്ളവ ഉണ്ടായിയിട്ടുണ്ട്. 'കൊറോണ ജിഹാദ്' എന്ന പദം കെട്ടിച്ചമച്ചതും വ്യാപിപ്പിച്ചതും മാധ്യമ സ്ഥാപനമാണ്.
ഒരു സമുദായത്തിനെതിരെ ഭരണഘടന നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിച്ചാണ് അക്രമങ്ങൾക്കും സാമൂഹിക, സാമ്പത്തിക ബഹിഷ്കരണത്തിനും ആഹ്വാനം ചെയ്യുന്നത്. എന്നാൽ, ഇതിനെതിരെ നടപടി സ്വീകരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അവരുടെ ഭരണഘടനാപരമായ ബാധ്യത നിറവേറ്റുന്നില്ല. ന്യൂനപക്ഷ വിരുദ്ധ അക്രമത്തിന് പ്രേരിപ്പിക്കുന്നവർക്കെതിരെ പൊലീസ് നടപടിയില്ല. അല്ലെങ്കിൽ കുറ്റവാളികൾക്കെതിരെ ചെറിയ വകുപ്പുകൾ ചുമത്തി കേസെടുക്കുന്നു. ഇത് കുറ്റവാളികൾ നിയമത്തിന് അതീതരാണെന്ന ധാരണ ശക്തിപ്പെടുത്തുന്നുവെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.
മൃണാൾ പാണ്ഡെ (മുതിർന്ന പത്രപ്രവർത്തക, എഴുത്തുകാരി), ആർ. രാജഗോപാൽ (ദി ടെലഗ്രാഫ് എഡിറ്റർ), വിനോദ് ജോസ് (കാരവൻ എക്‌സിക്യൂട്ടീവ് എഡിറ്റർ), ആർ. വിജയശങ്കർ, (ഫ്രണ്ട്‌ലൈൻ എഡിറ്റർ), ക്യു.ഡബ്ല്യു. നഖ്‌വി (സത്യ ഹിന്ദി ചെയർമാൻ- എംഡി), സബ നഖ്വി (മാധ്യമപ്രവർത്തക), കൽപന ശർമ (മാധ്യമപ്രവർത്തക), സിദ്ധാർഥ് വരദരാജൻ (ദി വയർ സ്ഥാപക എഡിറ്റർ), സിദ്ധാർഥ് ഭാട്ടിയ (ദി വയർ സ്ഥാപക എഡിറ്റർ), എം.കെ വേണു (ദി വയർ സ്ഥാപക എഡിറ്റർ), ആർ.കെ. രാധാകൃഷ്ണൻ (മുതിർന്ന മാധ്യമപ്രവർത്തകൻ), ടീസ്റ്റ സെതൽവാദ് (സബ്രൻജിന്ത്യ കോ-എഡിറ്റർ), അനുരാധ ഭാസിൻ (കശ്മീർ ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റർ), ധന്യ രാജേന്ദ്രൻ (ദി ന്യൂസ് മിനിറ്റ് എഡിറ്റർ ഇൻ ചീഫ്) അടക്കമുള്ളവരും സംയുക്ത പ്രസ്താവനയെ പിന്തുണച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.