ബി.ജെ.പി സ്ഥാനാർഥിയാക്കുമെന്നാണ് പ്രതീക്ഷയെന്ന് വിദ്വേഷ പ്രസ്താവനക്ക് കുപ്രസിദ്ധനായ രാജ സിങ്; ‘ഒരു മതേതര പാർട്ടിയിലും ചേരില്ല, ഹിന്ദു രാഷ്ട്രത്തിനായി പ്രവർത്തിക്കും’
text_fieldsഹൈദരാബാദ്: തന്റെ സസ്പെൻഷൻ പിൻവലിച്ച് അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി തന്നെ സ്ഥാനാർഥിയാക്കുമെന്നാണ് പ്രതീക്ഷയെന്ന് വിദ്വേഷ പ്രസ്താവനകളിലൂടെ കുപ്രസിദ്ധനായ തെലങ്കാന എം.എൽ.എ ടി. രാജ സിങ്. തന്റെ സസ്‌പെൻഷൻ പിൻവലിക്കേണ്ടെന്ന് ബി.ജെ.പി തീരുമാനിച്ചാൽ ഒരു ‘സെക്കുലർ’ പാർട്ടിയിലും ചേരില്ലെന്നും ഹിന്ദു രാഷ്ട്രത്തിനായി പ്രവർത്തിക്കുമെന്നും എംഎൽഎ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ നടത്തിയ വിവാദ പ്രസ്താവനയുടെ പേരിലാണ് ഗോഷാമഹൽ നിയോജക മണ്ഡലം എംഎൽഎയായ രാജ സിങ്ങിനെ ബി.ജെ.പി സസ്‌പെൻഡ് ചെയ്തത്.
‘സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കില്ല. ബി.ആർ.എസിൽ ചേരുകയുമില്ല. സസ്പെൻഷൻ ബിജെപി ഉടൻ പിൻവലിക്കുമെന്നും തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗോഷാമഹൽ മണ്ഡലത്തിൽ നിന്ന് ബി.ജെ.പിയുടെ ടിക്കറ്റിൽ മത്സരിക്കാൻ കഴിയുമെന്നുമാണ് പ്രതീക്ഷ’ -രാജാ സിങ് പറഞ്ഞു.
ഗോഷാമഹൽ മണ്ഡലത്തിലെ ബി.ആർ.എസ് സ്ഥാനാർത്ഥിയെ എ.ഐ.എം.ഐ.എം തലവനും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസിയാണ് തീരുമാനിക്കുന്നതെന്നും രാജ സിങ് ആരോപിച്ചു.
119 മണ്ഡലങ്ങളുള്ള തെലങ്കാന നിയമസഭയിലേക്ക് ഈ വർഷം അവസാനമാണ് തെരഞ്ഞെടുപ്പ്. അടുത്തിടെ ബിആർഎസ് 115 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഗോഷാമഹൽ ഉൾപ്പെടെ നാല് മണ്ഡലത്തിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ് നിലവിൽ ബിആർഎസ്), ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐഎൻസി), ബിജെപി എന്നിവയായിരുന്നു പ്രധാന പാർട്ടികൾ. ബി.ആർ.എസ് 119 ൽ 88 സീറ്റുകൾ നേടി സർക്കാർ രൂപീകരിച്ചു. കോൺഗ്രസിന്റെ സീറ്റ് വിഹിതം 21 ൽ നിന്ന് 19 ആയി കുറഞ്ഞു, അതേസമയം എ.ഐ.എം.ഐ.എം ഏഴ് സീറ്റുകൾ നേടി.
സർക്കാർ രൂപീകരിക്കാൻ കിണഞ്ഞു പരിശ്രമിച്ച ബിജെപിക്ക് ഒരു സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. ഗോഷാമഹൽ നിയമസഭാ മണ്ഡലത്തിൽ നിന്ന് രാജാ സിങ് മാത്രമാണ് വിജയിച്ചത്. പാർട്ടിയുടെ സീറ്റ് വിഹിതം അഞ്ചിൽ നിന്ന് ഒന്നായി കുറയുകയും ചെയ്തു. ഇത്തവണയും ബിആർഎസ് അധികാരം നിലനിർത്തിയാൽ ദക്ഷിണേന്ത്യയിൽ തുടർച്ചയായി മൂന്നാം തവണയും മുഖ്യമന്ത്രിയാകുന്ന ആദ്യ നേതാവായി കെ.സി.ആർ മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.