വിലക്ക്, വിദ്വേഷ പ്രചാരണം; മുനവ്വർ ഫാറൂഖി സ്റ്റേജ് ഷോ നിർത്തുന്നു
text_fieldsബംഗളൂരു: ആവിഷ്കാര സ്വാതന്ത്ര്യത്തിനുനേരെയുള്ള ഹിന്ദുത്വ-ഭരണകൂട നടപടികളിൽ പ്രതിഷേധിച്ച് സ്റ്റേജ് ഷോ അവസാനിപ്പിക്കുന്നതായി സ്റ്റാൻഡ് അപ് കൊമേഡിയൻ മുനവ്വർ ഫാറൂഖി. ഞായറാഴ്ച വൈകീട്ട് ബംഗളൂരുവിൽ നടത്താനിരുന്ന പരിപാടി ഹിന്ദു ജനജാഗ്രതി സമിതിയുടെ പരാതിയെ തുടർന്ന് പൊലീസ് തടഞ്ഞതോടെയാണ് മുനവ്വർ പ്രതികരണവുമായി എത്തിയത്. 'വിദ്വേഷം വിജയിച്ചു, കലാകാരൻ പരാജയപ്പെട്ടു' എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
തമാശയുടെ േപരിൽ ജയിലിൽ കഴിഞ്ഞു. ഹിന്ദുത്വ ഭീഷണിയുടെ പേരിൽ രണ്ടുമാസത്തിനിടെ 12 ഷോ റദ്ദാക്കേണ്ടി വന്നു. ഇത് അനീതിയാണ്. ഇതിന് അവസാനമായെന്ന് ഞാൻ കരുതുന്നു. എെൻറ പേര് മുനവ്വർ ഫാറൂഖി. അതെെൻറ നല്ലകാലമായിരുന്നു. നിങ്ങൾ നല്ല സദസ്യരായിരുന്നു. എനിക്ക് ചെയ്യാനുള്ളത് ഞാൻ ചെയ്തു. ഗുഡ്ബൈ !'- മുനവ്വർ ഫാറൂഖി ട്വീറ്റ് ചെയ്തു. പരിപാടിയിൽനിന്നുള്ള വരുമാനം അന്തരിച്ച യുവ നടൻ പുനീത് രാജ്കുമാറിെൻറ ചാരിറ്റി സംഘടനക്ക് നൽകാൻ ധാരണയായിരുന്നതായും പരിപാടിക്കായി 600 ലേറെ ടിക്കറ്റുകൾ വിറ്റിരുന്നതായും അദ്ദേഹം വിശദീകരിച്ചു.
ഡൽഹി ആസ്ഥാനമായ ഇവൻറ് മാനേജ്മെൻറ് ടീം ബംഗളൂരു ഗുഡ്ഷെപേഡ് ഒാഡിറ്റോറിയത്തിൽ നടത്താനിരുന്ന 'ദൊങ്ഗ്രി നൗഹിയർ' എന്ന കോമഡി ഷോ ആണ് പൊലീസ് തടഞ്ഞത്. മുനവ്വർ ഫാറൂഖി ഹിന്ദുമതവികാരം വ്രണപ്പെടുത്തിയെന്നും ഹിന്ദു ദൈവങ്ങളെ അപകീർത്തിപ്പെടുത്തിയെന്നും ആരോപിച്ച് ഹിന്ദു ജനജാഗ്രതി സമിതി ബംഗളൂരു സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകുകയായിരുന്നു. പരാതിയുടെ പകർപ്പ് ട്വിറ്ററിൽ പങ്കുവെച്ച ഹിന്ദു ജനജാഗ്രതി സമിതി മുനവ്വറിനെതിരെ തെരുവിലിറങ്ങുമെന്ന് ഭീഷണിപ്പെടുത്തി. മാധ്യമപ്രവർത്തക ഗൗരി ലേങ്കഷിെൻറയും എം.എം. കൽബുർഗിയുടെയും കൊലപാതകത്തിൽ പങ്ക് ആരോപിക്കെപ്പടുന്ന സംഘടനയാണ് ഹിന്ദു ജനജാഗ്രതി സമിതി.
ക്രമസമാധാന ഭീഷണിയുള്ളതിനാൽ അനുമതി നിഷേധിക്കുന്നതായി ശനിയാഴ്ച രാത്രി സംഘാടകർക്ക് നൽകിയ നോട്ടീസിൽ അശോക് നഗർ പൊലീസ് വ്യക്തമാക്കി. പല സംസ്ഥാനങ്ങളിലും അദ്ദേഹത്തിെൻറ കോമഡി ഷോ നിരോധിച്ചിട്ടുണ്ടെന്നും ഇന്ദോറിലെ തുകോജി പൊലീസ് സ്റ്റേഷനിൽ മുനവ്വറിനെതിരെ കേസുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടി. പൊലീസ് നടപടിയിൽ മനുഷ്യാവകാശ പ്രവർത്തകരും കലാകാരന്മാരും പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.