വിദ്വേഷം ബാക്കി
text_fieldsവോട്ടെടുപ്പ് പ്രക്രിയ പൂർത്തിയായി, മറ്റന്നാൾ വോട്ടെണ്ണൽ. എക്സിറ്റ് പോൾ ഫലങ്ങൾ ശരിയാവാനും പൊളിയാവാനും സാധ്യതയുണ്ട്. ഭരണം നിലനിർത്തുന്നതിനായി പ്രയോഗിച്ച വിഷത്തിലൂട്ടിയ ആയുധങ്ങൾ സൃഷ്ടിക്കുന്ന വികരണങ്ങൾ ഈ നാട്ടിലെ ജനങ്ങളെ ഭിന്നിപ്പിച്ചു കൊണ്ടിരിക്കും... ഇന്ത്യ എന്ന ആശയം നിലനിൽക്കണമെന്നാഗ്രഹിക്കുന്ന മനസ്സുകളെ വേദനിപ്പിച്ചുകൊണ്ടേയിരിക്കും
രാജ്യത്തിന്റെ ഭരണസാരഥ്യത്തിലിരുന്ന് ജനങ്ങൾക്കിടയിൽ വെറുപ്പും ഭിന്നിപ്പും സൃഷ്ടിച്ച നേതാവ് എന്ന, എളുപ്പത്തിലൊന്നും തകർക്കാനാവാത്ത റെക്കോർഡ് സ്വന്തമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പെരുങ്കള്ളങ്ങളാൽ മുഖരിതമായിരുന്നു പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണകാലം.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന മാർച്ച് 16 മുതൽ പ്രചാരണം അവസാനിച്ച മേയ് 30ന്റെ തലേനാൾവരെ രാജ്യത്തിന്റെ മുക്കുമൂലകളിൽ (മണിപ്പൂരിൽ ഒഴികെ) തന്റെ പാർട്ടിയായ ബി.ജെ.പിക്കും സഖ്യകക്ഷികൾക്കുംവേണ്ടി 155 തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലാണ് മോദി സംസാരിച്ചത്.
പത്തു വർഷം രാജ്യം ഭരിച്ചിട്ടും സ്വന്തം ഭരണനേട്ടങ്ങളെക്കുറിച്ചല്ല എതിരാളികളായി കാണുന്ന പാർട്ടികളെയും ജനവിഭാഗങ്ങളെയും സംബന്ധിച്ച് മുന്നറിയിപ്പ് നൽകാനാണ് അദ്ദേഹം ഔത്സുക്യം കാണിച്ചത്. ഭയാനകമായ ദീർഘകാല പ്രത്യാഘാതം സൃഷ്ടിക്കുന്ന വിഷപ്പെയ്ത്താണ് തെരഞ്ഞെടുപ്പ് പ്രസംഗമെന്ന പേരിൽ മോദി പലയിടങ്ങളിലും നടത്തിയത്. വോട്ടിങ്ങിൽ കോൺഗ്രസ് പാർട്ടി/ഇൻഡ്യ മുന്നണിയെയും നിത്യജീവിതത്തിൽ മുസ്ലിംകളെയും ശത്രുപക്ഷത്തു നിർത്തുന്നവയായിരുന്നു ഈ വിദ്വേഷ പ്രസംഗങ്ങൾ.
ചരിത്ര വിദ്യാർഥികളുടെ അറിവിലേക്കായി, വിദ്വേഷ ഭാഷണങ്ങളെന്ന് വിലയിരുത്തപ്പെട്ട മോദിയുടെ പ്രധാന പ്രസംഗങ്ങൾ ഇതാ
എല്ലാം മുസ്ലിംകൾക്ക് കൊടുക്കും!
ഏപ്രിൽ 21ന് രാജസ്ഥാനിലെ ബൻസ്വാരയിൽ നടത്തിയ പ്രസംഗത്തോടെയാണ് ഈ തെരഞ്ഞെടുപ്പിലെ മോദിയുടെ വിദ്വേഷ സീസൺ ഔപചാരികമായി ആരംഭിക്കുന്നത്. അവിടെ മോദി ഇങ്ങനെ പ്രസംഗിച്ചു:
മുമ്പ് അവരുടെ സർക്കാർ ഭരിച്ചിരുന്നപ്പോൾ അവർ പറഞ്ഞു, ഈ രാജ്യത്തിന്റെ സമ്പത്തിൽ പ്രഥമ അധികാരം മുസ്ലിംകൾക്കാണെന്ന്. അതായത് ഇവിടത്തെ സമ്പത്ത് പിടിച്ചെടുത്ത് ആർക്ക് നൽകും? കൂടുതൽ മക്കളുള്ളവർ ആരാണോ അവർക്ക് നൽകും, നുഴഞ്ഞുകയറ്റക്കാർക്ക് നൽകും’’
തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടങ്ങളുടെയും ഇന്ത്യൻ ഭരണഘടനാ തത്ത്വങ്ങളുടെയും കടകവിരുദ്ധമായ പ്രസംഗം മുസ്ലിംകൾ അന്യായവും അനർഹവുമായി അവകാശങ്ങൾ പിടിച്ചെടുക്കുന്നു എന്ന ധ്വനിയാണ് നൽകിയത്. അത് നിങ്ങൾക്ക് സമ്മതമാണോ, അനുവദിക്കുമോ എന്ന് വിളിച്ചു ചോദിക്കുന്ന മോദിയോട് ഇല്ല, ഒരിക്കലുമില്ല എന്ന് കേൾവിക്കാർ ആവേശപൂർവം മറുപടി നൽകുന്നുണ്ട്.
കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വിജയം ലഭിച്ച മണ്ഡലങ്ങളിലുൾപ്പെടെ ആദ്യ ഘട്ട പോളിങ് നടന്ന ഇടങ്ങളിൽ വോട്ടിങ് ശതമാനം കുറഞ്ഞതാണ് പച്ചക്ക് വർഗീയത പറഞ്ഞ് കളത്തിലിറങ്ങാൻ മോദിയെ പ്രേരിപ്പിച്ചത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയത്.
മതന്യൂനപക്ഷങ്ങൾ, പട്ടികജാതി-വർഗം, മറ്റു പിന്നാക്ക വിഭാഗങ്ങൾ, സ്ത്രീകൾ, കുട്ടികൾ എന്നിങ്ങനെ രാജ്യത്തെ പിന്നാക്ക ദുർബല സമൂഹങ്ങളെ ഉയർത്തിക്കൊണ്ടുവരണമെന്ന് ആഹ്വാനം ചെയ്ത് 2006ൽ അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് നടത്തിയ ഒരു പ്രസംഗത്തെ വക്രീകരിച്ചും വളച്ചൊടിച്ചുമായിരുന്നു ഈ വിദ്വേഷം വിളമ്പൽ.
രാജ്യത്തെ മുസ്ലിംകളുടെ സാമൂഹിക-സാമ്പത്തിക പിന്നാക്കാവസ്ഥ സംബന്ധിച്ച് പഠനം നടത്തി ജസ്റ്റിസ് രജീന്ദർ സച്ചാർ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ച് ഒരുമാസത്തിന് ശേഷമായിരുന്നു മൻമോഹൻ സിങ്ങിന്റെ പ്രസംഗം. ആ പ്രസംഗത്തിന്റെ കോപ്പി ഇപ്പോഴും സർക്കാർ രേഖകളിൽ ലഭ്യമാണ്.
*****
താലിമാല പറിച്ചെടുക്കും
സർവേ നടത്തി താലിമാലയുൾപ്പെടെ സ്വകാര്യസമ്പത്ത് പിടിച്ചെടുക്കുകയും പുനർവിതരണം നടത്തുകയും ചെയ്യുമെന്ന് കോൺഗ്രസ് പ്രകടനപത്രികയിൽ പറയുന്നുവെന്നതായിരുന്നു മറ്റൊരു മോദിവെടി.
എന്റെ അമ്മമാരുടെയും സഹോദരിമാരുടെയും സ്വർണാഭരണങ്ങൾ വെറും കാഴ്ചപ്പണ്ടങ്ങളല്ല, അവരുടെ ആത്മാഭിമാനത്തിന്റെ ഭാഗമാണ്. താലിമാല അവരുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ്, നിങ്ങൾ അതുംപിടിച്ചു പറിക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണോ’’
കോൺഗ്രസ് പ്രകടനപത്രികയുടെ ഒരുഭാഗത്തും താലിമാലയെക്കുറിച്ചോ സമ്പത്ത് പിടിച്ചെടുക്കുന്നതിനേക്കുറിച്ചോ യാതൊരു വിധ പരാമർശമോ സൂചനയോ പോലുമില്ല. കോൺഗ്രസ് ഉൾപ്പെടെ ഇൻഡ്യാ സഖ്യത്തിലെ പാർട്ടികളിൽ പലരും അധികാരം ലഭിച്ചാൽ ഞങ്ങൾ ജാതി സെൻസസ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഇത്തരമൊരു കണക്കെടുപ്പ് ഭൂമി, തൊഴിലവസരങ്ങൾ, അധികാര പങ്കാളിത്തം എന്നിങ്ങനെയുള്ള രാജ്യത്തിന്റെ പൊതുസ്വത്തുക്കളുടെ പങ്കുവെപ്പിൽ പിന്നാക്ക സമൂഹങ്ങൾ നേരിടുന്ന അവകാശ നിഷേധം വെളിച്ചത്തുകൊണ്ടുവരുമെന്ന് ജാതി സർവേ നടപ്പാക്കിയ ബിഹാറിന്റെ അനുഭവത്തിൽ നിന്ന് വ്യക്തമാണ്.
മേൽജാതികളുടെയും സമ്പന്ന വണിക്കുകളുടെയും നിയന്ത്രണത്തിലുള്ള ബി.ജെ.പി അതുകൊണ്ടു തന്നെ ജാതി സെൻസസിനെ എതിർക്കുന്നു. ജാതി സെൻസസ് നടപ്പാക്കപ്പെട്ടാൽ താലിമാല ഉൾപ്പെടെ പിടിച്ചു പറിക്കപ്പെടുമെന്ന ഭീഷണി മേൽജാതികളിലെ മാത്രമല്ല, മധ്യവർഗ കുടുംബങ്ങളിൽ മുഴുവനുമുള്ള സ്ത്രീകളിൽ ആശങ്കയും ആശയക്കുഴപ്പവും സൃഷ്ടിക്കാനും പ്രതിപക്ഷ പാർട്ടികൾക്കെതിരെ രോഷം സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു.
*****
രാമന്റെ നാമത്തിൽ
മേയ് 18ന് ബാരാബങ്കിയിൽ നടത്തിയ പ്രസംഗം പ്രതിപക്ഷ മര്യാദയുടെ മാത്രമല്ല, സകലവിധ മാന്യതകളുടെയും ഉല്ലംഘനമായിരുന്നു.
സമാജ്വാദി പാർട്ടി-കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നാൽ രാം ലല്ലയെ വീണ്ടും ടെന്റിലേക്ക് മാറ്റും,ക്ഷേത്രത്തിനു മുകളിൽ ബുൾഡോസർ കയറ്റും’’
സംഘ്പരിവാർ അക്രമികൾ തകർത്തു കളഞ്ഞ അയോധ്യയിലെ ബാബരി മസ്ജിദ് ഭൂമിയിൽ നിർമിച്ച രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ മോദി സർക്കാർ രാഷ്ട്രീയവത്കരിച്ചുവെന്നാരോപിച്ച് ചടങ്ങിലേക്കുള്ള ക്ഷണം കോൺഗ്രസ് നേതാക്കൾ നിരസിച്ചിരുന്നു. അതല്ലാതെ ക്ഷേത്രത്തോട് കോൺഗ്രസ് പാർട്ടിക്കോ നേതാക്കൾക്കോ എന്തെങ്കിലും തരത്തിൽ വിപ്രതിപത്തിയില്ല.
ഞങ്ങളല്ലാത്തവരെല്ലാം ഹിന്ദുവിരുദ്ധരാണ്, ക്ഷേത്രത്തിനെതിരാണ് എന്ന് സ്ഥാപിക്കുകയും അത് വിദ്വേഷമാക്കി വളർത്തി വോട്ടിന് വളമാക്കുകയുമായിരുന്നു പ്രധാനമന്ത്രി. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കോ സ്ഥാനാർഥിക്കോ എതിരെ ഇത്തരത്തിൽ മതവൈരം സൃഷ്ടിക്കുന്ന പരാമർശം നടത്തുന്നത് ചട്ടലംഘനവും സ്ഥാനാർഥിത്വവും തെരഞ്ഞെടുപ്പും അസാധുവാകാൻ പോന്നതുമായ പ്രവർത്തനമാണ്. എന്നാൽ, ഇതിൽ നടപടിയെടുക്കേണ്ട തെരഞ്ഞെടുപ്പ് കമീഷൻ മൗനം പാലിക്കുകയായിരുന്നു.
*****
ഞായറാഴ്ച അവധിയുണ്ടായതെങ്ങനെ
മെയ് 28ന് ഝാർഖണ്ഡിലെ ധുംക്കയിൽ നടത്തിയ പ്രസംഗത്തിൽ മോദി പറഞ്ഞു:
നമ്മുടെ രാജ്യത്ത് ഞായറാഴ്ച അവധി ദിനമാണ്. ബ്രിട്ടീഷുകാർ ഇവിടെ ഭരിച്ചിരുന്ന കാലത്ത് ക്രൈസ്തവ സമൂഹം ഈ അവധി ആഘോഷിച്ചു തുടങ്ങിയതാണ്. ഹിന്ദുക്കളുമായല്ല, ക്രൈസ്തവ സമൂഹവുമായി ബന്ധപ്പെട്ട ദിനമാണ് ഞായറാഴ്ച. 200-300 വർഷമായി ഇതൊരു അവധി ദിനമാണ്. ഇപ്പോഴിവർ ഒരു ജില്ലയിൽ ഞായറാഴ്ചയെ തഴഞ്ഞ് വെള്ളിയാഴ്ച അവധി ദിനമാക്കിയിരിക്കുന്നു. ആദ്യമവർ ഹിന്ദുക്കളുമായാണ് പോരടിച്ചിരുന്നത്, ഇപ്പോൾ ക്രൈസ്തവർക്ക് നേരെയും. എന്താണിവിടെ നടക്കുന്നത്?’’
ക്രൈസ്തവ സ്ഥാപനങ്ങൾക്കും മിഷിനറിമാർക്കുമെതിരെ സംഘ്പരിവാർ വ്യാപകമായി അതിക്രമം നടത്തുന്ന സംസ്ഥാനങ്ങളിലൊന്നായ ഝാർഖണ്ഡിൽ വെച്ച് ഇത് പറയുക വഴി ക്രൈസ്തവ സമൂഹത്തോട് തനിക്ക് മമതയുണ്ടെന്ന് ധ്വനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് പ്രധാനമന്ത്രി.
ഏതാനും വർഷം മുമ്പ് സംസ്ഥാനത്തെ 43 സർക്കാർ സ്കൂളുകളുടെ അവധി ഞായറാഴ്ചയിൽനിന്ന് വെള്ളിയാഴ്ചയിലേക്ക് മാറ്റിയിരുന്നു. ഝാർഖണ്ഡ് മുക്തി മോർച്ച സർക്കാർ ഞായറാഴ്ച അവധി പുനഃസ്ഥാപിച്ചെങ്കിലും ജാംതാരയിലെ ചില സ്കൂളുകൾ ഇപ്പോഴും വെള്ളിയാഴ്ച അവധി തുടരുകയാണെന്ന് ഈയിടെ ഒരു അന്വേഷണത്തിൽ വെളിപ്പെട്ടു. ഇതാണ് ക്രൈസ്തവർക്കെതിരായ പോരാട്ടമായി ചിത്രീകരിക്കാൻ പ്രധാനമന്ത്രി ശ്രമിക്കുന്നത്.
ക്രൈസ്തവരുടെ വിശേഷദിനം എന്ന നിലയിലല്ല ഇന്ത്യയിൽ ഞായറാഴ്ച അവധി ദിനമായത് എന്നുകൂടി അറിയേണ്ടതുണ്ട്.
രാജ്യത്തെ ആദ്യകാല തൊഴിലാളി നേതാവും സാമൂഹിക ഉദ്ധാരകനുമായിരുന്ന നാരായൺ മേഘജി ലോഖണ്ഡേയാണ് ഞായറാഴ്ച അവധിയുടെ തുടക്കക്കാരൻ. ബോംബേയിലെ തുണിമില്ലുകളിൽ ആഴ്ചയിൽ ഏഴുദിവസവും തൊഴിലാളികൾക്ക് വിശ്രമമില്ലാതെ ജോലി ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നു. ലോഖണ്ഡേ മുൻകൈയെടുത്ത് രൂപവത്കരിച്ച ബോംബേ മിൽഹാൻഡ്സ് അസോസിയേഷന്റെ ശക്തമായ സമര സമ്മർദങ്ങളെത്തുടർന്നാണ് 1890ൽ മില്ലുടമകൾ ഞായറാഴ്ച അവധി നൽകാൻ സന്നദ്ധരായത്.
*****
ഗാന്ധിയെ ആർക്കും അറിയില്ല
ഗാന്ധിയെ ആർക്കും അറിയില്ലായിരുന്നു എന്ന് പറയുന്നു എ.ബി.പി ന്യൂസ് ചാനലുമായി നടത്തിയ അഭിമുഖത്തിൽ മോദി.
മഹാത്മാഗാന്ധി ഈ ലോകത്തെ തന്നെ ഒരു മഹത്തായ വ്യക്തിത്വമാണ്. ലോകം മുഴുവൻ മഹാത്മാഗാന്ധിയെ അറിയുന്നുവെന്ന് ഉറപ്പാക്കേണ്ടത് സ്വാതന്ത്ര്യം ലഭിച്ച് 75 വർഷമായ നമ്മുടെ ഉത്തരവാദിത്തമല്ലേ. അദ്ദേഹത്തെക്കുറിച്ച് ആർക്കും അറിയുമായിരുന്നില്ല എന്ന് പറയുന്നതിൽ ഖേദമുണ്ട്. ആദ്യമായി ‘ ഗാന്ധി’ എന്ന സിനിമ നിർമിക്കപ്പെട്ടപ്പോഴാണ് ഈ വ്യക്തി ആരാണെന്നറിയാൻ ലോകത്തിന് ആകാംക്ഷയുണ്ടായത്’’
റിച്ചാർഡ് അറ്റൻബറോയുടെ ഗാന്ധി സിനിമ 1982ലാണ് പുറത്തിറങ്ങുന്നത്. അതിനും എത്രയോ മുമ്പ് തന്നെ ലോകമൊട്ടുക്കുമുള്ള സമാധാന മുന്നേറ്റങ്ങൾക്കും സ്വാതന്ത്ര്യപ്പോരാട്ടങ്ങൾക്കും പ്രചോദനവും പ്രേരണയുമാണ് ഗാന്ധിജി. വിഖ്യാത ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റൈൻ മുതൽ ഡോ. മാർട്ടിൻ ലൂഥർ കിങ് ജൂനിയറും നെൽസൻ മണ്ടേലയും വരെയുള്ള ലോകവ്യക്തിത്വങ്ങൾ ഗാന്ധിയെ അറിഞ്ഞതും ആദരിച്ചതും സിനിമ കണ്ടിട്ടല്ല.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ 76 വർഷം മുമ്പ് കൊലപ്പെടുത്തിയ ആശയധാരയുടെ വർത്തമാനകാല മുഖമായ മോദിയുടെ ഭരണകാലത്താണ് ഗാന്ധിജി ഏറ്റവുമധികം അവമതിക്കപ്പെട്ടതും ഗാന്ധി ഘാതകർ ശ്ലാഘിക്കപ്പെട്ടതും. പ്രധാനമന്ത്രിയായശേഷം നടത്തിയ ഒരു പ്രസംഗത്തിൽ മോഹൻ ലാൽ കരംചന്ദ് ഗാന്ധി എന്ന് മോദി പറഞ്ഞതും മറക്കാനാവുന്നതല്ല.
നേട്ടം കുറവ്, നാവിൽ നിറയെ നെഗറ്റിവ്
മോദി സ്വന്തം നാമം പറഞ്ഞത്: 2862 തവണ
കോൺഗ്രസിനെതിരെ പറഞ്ഞത്: 2942 തവണ
മുസ്ലിംകളെക്കുറിച്ച്: 288 തവണ
രാമക്ഷേത്രത്തെക്കുറിച്ച്: 244 തവണ
തൊഴിലിനെക്കുറിച്ച്: 53 തവണ
ആത്മനിർഭർ ഭാരതിനെക്കുറിച്ച്: 23 തവണ
അമൃതകാലത്തെക്കുറിച്ച്: 4 തവണ
പാവപ്പെട്ടവരെക്കുറിച്ച്: 949
എസ്.സി/എസ്.ടി/ഒ.ബി.സിയെക്കുറിച്ച്: 780
വികസനം: 633
ഇൻഡ്യ സഖ്യം: 518
മോദി കി ഗാരന്റി: 342
അഴിമതി: 341
സ്ത്രീകൾ: 244
വികസിത ഭാരതം: 119
പാകിസ്താൻ: 104
കുടുംബവാദം: 91
പ്രതിപക്ഷം: 35
വിദ്വേഷ പ്രസംഗം എന്നാൽ എന്ത്?
ഒരു വ്യക്തിയേയോ ഒരു സംഘത്തെയോ ലക്ഷ്യമിട്ട്, അവർ ആരാണെന്നതിന്റെ (മതം, വർഗം, ദേശീയത, വംശം, നിറം, പാരമ്പര്യം, ലിംഗം, മറ്റു തിരിച്ചറിയൽ ഘടകങ്ങൾ) അടിസ്ഥാനത്തിൽ അധിക്ഷേപകരമോ വിവേചനപരമോ ആയ പ്രസംഗത്തിലൂടെയോ എഴുത്തിലൂടെയോ പെരുമാറ്റത്തിലൂടെയോ ആക്രമിക്കുന്ന എല്ലാ തരത്തിലുമുള്ള ആശയവിനിമയത്തെ വിദ്വേഷ പ്രസംഗമായി കണക്കാക്കാം- യു.എൻ സ്ട്രാറ്റജി ആൻഡ് പ്ലാൻ ഓഫ് ആക്ഷൻ ഓൺ ഹേറ്റ് സ്പീച്ച്
3 കാര്യങ്ങൾ
1. ചിത്രങ്ങൾ, കാർട്ടൂൺ, മെമി, വസ്തുക്കൾ, അംഗവിക്ഷേപം, ബിംബങ്ങൾ തുടങ്ങി ഏതു രൂപത്തിലും വിദ്വേഷം പ്രകടിപ്പിക്കാം.
2. വിവേചനപരം (പക്ഷപാതം, അന്യാഭിപ്രായവിരോധം, അസഹിഷ്ണുത), അവഹേളനപരം (മുൻവിധി, പുച്ഛം, നിന്ദ) എന്നിവയാണ് വിദ്വേഷത്തിന്റെ പ്രകട ഭാവങ്ങൾ.
3. നിർവചനത്തിൽ പറയുന്ന, യഥാർഥത്തിലുള്ളതോ ആരോപിക്കപ്പെടുന്നതോ ആയ തിരിച്ചറിയൽ ഘടകങ്ങൾക്കൊപ്പം, ഭാഷ, സാമ്പത്തിക- സാമൂഹിക ഘടകങ്ങൾ, വൈകല്യങ്ങൾ, ആരോഗ്യനില, ലിംഗം തുടങ്ങിയവയും വിദ്വേഷത്തിന് ആയുധമാക്കുന്നു.
പൊതുസംവാദത്തിന്റെ അന്തസ്സും അതുവഴി പ്രധാനമന്ത്രിയുടെ ഓഫിസിന്റെ യശസ്സും അധഃപതിപ്പിച്ചു കളഞ്ഞ ആദ്യത്തെ പ്രധാനമന്ത്രിയാണ് മോദിജി. സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെയോ പ്രതിപക്ഷത്തെയോ ലക്ഷ്യം വെച്ച് വിദ്വേഷകരവും പാർലമെന്ററി വിരുദ്ധവുമായ മര്യാദാരഹിതമായ പരാമർശങ്ങൾ നാളിതുവരെ ഒരു പ്രധാനമന്ത്രിയും നടത്തിയിട്ടില്ല- ഡോ. മൻമോഹൻ സിങ്
ഒരു പ്രതിപക്ഷ വിജയത്തിന്റെ സാധ്യതകളില് സംഭീതനായ മോദി ഇപ്പോള് നടത്തുന്ന പ്രസംഗങ്ങങ്ങളുടെ ഉള്ളടക്കം അവയുടെ നിലവാരമില്ലായ്മയും പരാജയഭീതിയും ചരിത്രവിരുദ്ധതയുംകൊണ്ട് മാത്രമല്ല, അതിലെ കടുത്ത ദുസ്സൂചനകളുടെ പേരിലും അപലപിക്കപ്പെടേണ്ടതുണ്ട്- ഡോ. ടി.ടി. ശ്രീകുമാർ (സാമൂഹിക ശാസ്ത്രജ്ഞൻ)
47 വർഷമായി ഇംഗ്ലീഷ് പത്രങ്ങൾക്കു വേണ്ടി പൊതുതെരഞ്ഞെടുപ്പുകൾ കവർ ചെയ്ത ഒരാൾ എന്ന നിലക്ക് സാമ്പത്തിക പരിപാടികളിലോ വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിലോ ഇത്രയേറെ മിണ്ടാട്ടംമുട്ടിയ ഒരു പ്രധാനമന്ത്രി മുമ്പൊരിക്കലും ഉണ്ടായിട്ടില്ലെന്ന് പറയാനാവും- പി. രാമൻ മാധ്യമ പ്രവർത്തകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.