സോണിയ ഗാന്ധിക്കെതിരെ വിദ്വേഷ പ്രസംഗം: അസം മുഖ്യമന്ത്രിക്കെതിരെ പൊലീസിൽ പരാതി
text_fieldsഗുവാഹത്തി: അസം മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ഹിമന്ത ബിശ്വ ശർമ്മ, കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ വസതി കത്തിക്കാൻ ആഹ്വാനം ചെയ്തതായി പരാതി. മുതിർന്ന കോൺഗ്രസ് നേതാവ് ദേബബ്രത സൈകിയയാണ് പരാതി നൽകിയത്.
സെപ്തംബർ 18ന് മധ്യപ്രദേശിലെ വിധിഷ ജില്ലയിൽ നടന്ന റാലിയിലായിരുന്നു വിവാദ പ്രസംഗം. പ്രമുഖ കോൺഗ്രസ് നേതാവ് കമൽനാഥിന്റെ ഹിന്ദു സ്വത്വത്തെ പരിഹസിച്ച ഹിമന്ത, നമ്പർ 10 ജൻപഥ് (സോണിയയുടെ വസതി) കത്തിച്ചുകളയണമെന്ന് ആഹ്വാനം ചെയ്തതായി അസം പ്രതിപക്ഷ നേതാവ് കൂടിയായ സൈകിയ പരാതിയിൽ പറഞ്ഞു. അക്രമത്തിനും തീവെപ്പിനും വ്യക്തമായ പ്രേരണ നൽകുന്നതാണ് ഹിമന്ത ബിശ്വ ശർമയുടെ പ്രസംഗമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രസ്താവന നടത്തിയത് മധ്യപ്രദേശിലാണെങ്കിലും അസമിലെ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വിധവ കൂടിയായ 77 വയസ്സുള്ള ഒരു സ്ത്രീയുടെ വസതി അഗ്നിക്കിരയാക്കണമെന്ന ആഹ്വാനം പ്രതിപക്ഷത്തിനെതിരായ പ്രസംഗമല്ലെന്നും തീവെപ്പിനുള്ള നിർദേശമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാപരമായ അധികാരമുള്ള ഒരു വ്യക്തിയുടെ ഇത്തരം അനാവശ്യ പ്രസ്താവനകൾ ചിലരെ അക്രമത്തിലേക്ക് നയിക്കാനും നമ്പർ 10 ജൻപഥിൽ താമസിക്കുന്നവർക്ക് ദോഷം വരുത്താനും സാധ്യതയുണ്ട് -സൈകിയ പറഞ്ഞു.
ബി.ജെ.പി നേതാവിനെതിരെ ഐപിസി സെക്ഷൻ 153 (പ്രകോപനം ഉണ്ടാക്കൽ), സെക്ഷൻ 115/436 (അക്രമത്തിന് പ്രേരണ) എന്നിവ പ്രകാരം പരാതി പരിശോധിച്ചുവരികയാണെന്നും തീരുമാനമെടുത്തിട്ടില്ലെന്നും ശിവസാഗർ ജില്ലയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. രാജസ്ഥാനിൽ ബി.ജെ.പിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന മുഖ്യമന്ത്രി ഹിമന്ത, പരാതിയെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.