വിദ്വേഷ പ്രസംഗങ്ങൾ ചിരിച്ച് കൊണ്ടാണെങ്കിൽ കുറ്റകരമല്ല -ഡൽഹി ഹൈകോടതി
text_fieldsന്യൂഡൽഹി: വിദ്വേഷ പ്രസംഗങ്ങൾ ചിരിച്ച് കൊണ്ടായാൽ കുറ്റകരമല്ല എന്നും കോപിച്ചുകൊണ്ടായാൽ കുറ്റകരമാണെന്നും ഡൽഹി ഹൈകോടതി. ഡൽഹിയിൽ വംശീയാക്രമണത്തിനുള്ള പ്രേരണയാണെന്ന വിമർശനമുയർന്ന പ്രകോപനങ്ങളുണ്ടാക്കിയ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറിനും ബി.ജെ.പി എം.പി പർവേഷ് വർമക്കും എതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബൃന്ദാ കാരാട്ടും കെ.എം തിവാരിയും സമർപ്പിച്ച ഹരജികൾ വിധി പറയാനായി മാറ്റിവെച്ചാണ് ഡൽഹി ഹൈകോടതി ജഡ്ജി ജസ്റ്റിസ് ചന്ദ്ര ധാരി സിങ്ങിന്‍റെ സുപ്രധാന നിരീക്ഷണം.
പൗരത്വ ദേഭഗതി നിയമത്തിനെതിരായ സമരത്തിൽ പ്രസംഗിച്ച ജെ.എൻ.യു വിദ്യാർഥി നേതാവ് ഉമർഖാലിദിന് ജാമ്യം നൽകാനാവില്ലെന്ന വിചാരണ കോടതി വിധിയുടെ പിറ്റേന്നാണ് പൗരത്വ സമരക്കാർക്കെതിരെ പ്രകോപനമുണ്ടാക്കിയ കേന്ദ്ര മന്ത്രി അടക്കമുള്ളവർ ചെയ്തത് ഒരു കുറ്റമല്ലെന്ന നിലപാട് ഹൈകോടതി കൈകൊണ്ടത്.
മോദി സർക്കാർ പാസാക്കിയ ഭരണഘടനാ വിരുദ്ധമായ പൗരത്വഭേദഗതി നിയമത്തിനെതിരെ ശാഹീൻ ബാഗിലും ഡൽഹിയിലെ മറ്റു ഭാഗങ്ങളിലും അരങ്ങേറിയ സമരങ്ങളെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാൻ 2020 ജനുവരി 17, 27, 28 ബി.ജെ.പി നേതാക്കൾ നടത്തിയ പ്രകോപന പ്രസംഗങ്ങളാണ് കേസിന് ആധാരം. 'ദേശ് കോ ഗദ്ദാറോം കോ, ഗോലി മാറോ സാലോം കോ' എന്ന് മുദ്രാവാക്യം വിളിച്ച് അണികളെ കൊണ്ട് അതേറ്റുവിളിപ്പിക്കുകയാണ് കേന്ദ്ര മന്ത്രി ചെയ്തതെങ്കിൽ പൗരത്വ സമരക്കാർ വീടുകളിൽ അതിക്രമിച്ചു കയറി സ്ത്രീകളെ ബലാൽസംഗം ചെയ്യുകയും ജനങ്ങളെ കൊല്ലുകയും ചെയ്യുമെന്നായിരുന്നു ബി.ജെ.പി എം.പിയുടെ പ്രസംഗം. കേന്ദ്ര മന്ത്രിയുടെ പരമാർശം മതസൗഹാർദം തകർക്കാൻ സാധ്യതയുള്ളതാണെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടവും തെരഞ്ഞെടുപ്പ് നിയമങ്ങളും അദ്ദേഹം ലംഘിച്ചുവെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ കേന്ദ്ര മന്ത്രിക്ക് അയച്ച കാരണം കാണിക്കൽ നോട്ടീസിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ കേന്ദ്രമന്ത്രിക്കും എം.പിക്കുമെതിരെ പ്രൊസിക്യൂഷൻ നടപടിക്ക് ഹരജിക്കാർ അനുമതി തേടിയില്ല എന്ന സാങ്കതിക കാരണം പറഞ്ഞ് കീഴ്കോടതി ആവശ്യം തള്ളി.
ഇതിനെതിരെ ഹൈകോടതിയെ സമീപിച്ച ബൃന്ദാ കാരാട്ടിന്റെയും കെ.എം തിവാരിയുടെയും അഭിഭാഷകരോട് സമരക്കാരുടെ മുന്നിലായിരുന്നോ ഈ പ്രസംഗങ്ങൾ എന്ന് ജഡ്ജി ചോദിച്ചു. ശാഹീൻ ബാഗിലും ജാമിഅ മില്ലിയ ഇസ്ലാമിയയിലും രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലും ജനങ്ങൾ പ്രക്ഷോഭം നടത്തികൊണ്ടിരുന്ന സമയമായിരുന്നു അതെന്നും അതിനാൽ പ്രത്യേക സമുദായത്തിന് എതിരായിരുന്നുവെന്നും അഡ്വ. അഥിത് എസ് പൂജാരി ചൂണ്ടിക്കാണിച്ചപ്പോൾ ആ സമരത്തിൽ പങ്കെടുത്തത് ഒരു സമുദായം മാത്രമായിരുന്നോ എന്നായി കോടതിയുടെ ചോദ്യം. സമരത്തിൽ മറ്റു പൗരന്മാരും പങ്കെടുത്തിട്ടുണ്ടെങ്കിൽ അതെങ്ങിനെ ഒരു സമുദായത്തിനെതിരാകും എന്നും ജഡ്ജി ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.