'ചൂലേന്തും കൈകളിൽ നീതിക്കുവേണ്ടി മുസ്ലിമിനെതിരെ ആയുധമെടുക്കാൻ സന്നദ്ധരാവുക': വിദ്വേഷ പ്രസംഗത്തിൽ മുൻകൂർ ജാമ്യം തേടി വി.എച്ച്.പി നേതാക്കൾ
text_fieldsമംഗളൂരു: ഉഡുപ്പി പാരാമെഡിക്കൽ കോളജിൽ മൂന്ന് വിദ്യാർഥിനികൾ മൊബൈൽ ഫോണിൽ സഹപാഠിയുടെ സ്വകാര്യത പകർത്തി എന്ന കേസ് അന്വേഷണം എൻ.ഐ.എക്ക് കൈമാറണം എന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച പ്രതിഷേധറാലിയിൽ വിദ്വേഷപ്രസംഗം നടത്തിയതിന് പൊലീസ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായ വിശ്വഹിന്ദു പരിഷത്ത് നേതാക്കൾ മുൻകൂർ ജാമ്യഹരജി നൽകി. വി.എച്ച്.പി മേഖല കൺവീനർ ശരൺ പമ്പുവെൽ, ഉടുപ്പി ജില്ല സെക്രട്ടറി ദിനേശ് മെൻഡൻ എന്നിവരാണ് തിങ്കളാഴ്ച ഉടുപ്പി ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹരജി സമർപ്പിച്ചത്.
മഹിള മോർച്ച ഉടുപ്പി ജില്ല പ്രസിഡന്റ് വീണ ഷെട്ടിക്കെതിരെയും ഉടുപ്പി ടൗൺ പൊലീസ് കേസെടുത്തിരുന്നു. ‘ഹിന്ദു അമ്മമാർ ഉണരണം, ചൂലേന്തും കൈകളിൽ നീതിക്കുവേണ്ടി മുസ്ലിമിനെതിരെ ആയുധമെടുക്കാൻ സന്നദ്ധരാവുക’-എന്നാണ് ശരൺ പറഞ്ഞത്.
‘നീതി നടപ്പാക്കാൻ സർക്കാർ സന്നദ്ധമായില്ലെങ്കിൽ ആദി-ഉടുപ്പി നഗ്നത കേസും ഹരിയടുക്ക ഹനബ്ബ കൊലക്കേസും ആവർത്തിക്കും’ എന്നായിരുന്നു ദിനേശിന്റെ ഭീഷണി.‘മുസ്ലിം പെൺകുട്ടികൾക്ക് സ്കൂളിലും കോളജിലും പ്രവേശം നൽകരുത്, അവർ വല്ല മദ്റസയിലും പഠിക്കട്ടെ’ എന്ന ആഗ്രഹം വീണയും പ്രകടിപ്പിച്ചു. ഈ മാസം മൂന്നിന് ഉടുപ്പിയിൽ നടത്തിയ റാലിയിലായിരുന്നു വിദ്വേഷപ്രസംഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.