വിദ്വേഷ പ്രസംഗങ്ങൾ രാജ്യത്തിന്റെ അന്തരീക്ഷത്തെ ദുഷിപ്പിക്കുന്നു -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: വിദ്വേഷ പ്രസംഗങ്ങൾ കൊണ്ട് അന്തരീക്ഷം മൊത്തം മലിനമായിരിക്കുന്നുവെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി. അവ തടയണമെന്ന ആവശ്യം ന്യായമാണെന്ന് കൂട്ടിച്ചേർത്ത ചീഫ് ജസ്റ്റിസ് യു.യു. ലളിത് ഇതിനെതിരായ കേസിൽ അമിക്കസ് ക്യൂറിയുടെ സഹായം തേടേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.
വംശഹത്യ നടത്തി 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ ലക്ഷ്യമിട്ട് ന്യൂനപക്ഷ സമുദായത്തിനെതിരെ ആയുധമെടുക്കാനും അവരെ ജയിലിലടക്കാനും ആഹ്വാനം ചെയ്യുന്നതാണ് വിദ്വേഷ പ്രസംഗങ്ങൾ എന്ന് ഹരജിക്കാരിയായ അഭിഭാഷക ഹർപ്രീത് മൻസുഖാനി സൈഗാൾ ബോധിപ്പിച്ചപ്പോഴാണ് സുപ്രീംകോടതി പ്രതികരിച്ചത്. കേന്ദ്ര സർക്കാർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങി 42 പേരെ എതിർകക്ഷികളാക്കി സമർപ്പിച്ച ഹരജിയിൽ അനുബന്ധ സത്യവാങ്മൂലം സമർപ്പിക്കാൻ ഉത്തരവിട്ടാണ് സുപ്രീംകോടതി നിരീക്ഷണം.
വിദ്വേഷ പ്രസംഗങ്ങളുടെ കേസുകളുടെ തൽസ്ഥിതി എന്താണ്? ആരൊക്കെയാണത് നടത്തിയത്? ഏതെങ്കിലും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടോ ഇല്ലേ? ഇത്യാദി കാര്യങ്ങളൊന്നും തങ്ങൾക്കറിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം, ഭൂരിപക്ഷ ഹിന്ദു വോട്ട് നേടാനും അധികാരം പിടിക്കാനുമാണ് വിദ്വേഷ പ്രസംഗങ്ങൾ എന്ന് അഭിഭാഷക തുടർന്നു. ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട സാധാരണക്കാരെ എതിർകക്ഷിക്കാർ കൊലപ്പെടുത്തിയിട്ടുണ്ട്. 72 വിദ്വേഷ പ്രസംഗങ്ങൾ ഹരജിയിൽ പരാമർശിച്ചിട്ടുണ്ട്. ധർമ സൻസദിലെയും 'കശ്മീർ ഫയൽസ്' സിനിമയിലെയും വിദ്വേഷ പ്രസംഗങ്ങൾ ഒറ്റപ്പെട്ട കേസുകളായി കാണാനാവില്ലെന്നും ആശങ്കാജനകമായ ഗൂഢാലോചനയാണെന്നും അവർ ബോധിപ്പിച്ചു.
മുസ്ലിം സമുദായത്തെ ലക്ഷ്യമിട്ട് നടത്തുന്ന വിദ്വേഷ പ്രസംഗങ്ങൾ നിരവധി തവണ മുൻ ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ ശ്രദ്ധയിൽപ്പെടുത്തിയതാണെന്നും സുപ്രീംകോടതി സ്വമേധയാ കേസ് എടുക്കണമെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടതാണെന്നും അഭിഭാഷക ചൂണ്ടിക്കാട്ടി. എന്നിട്ടും നടപടിയുണ്ടായില്ല.
വംശഹത്യക്ക് ആഹ്വാനം ചെയ്തതിനെതിരെ മുൻ സേനാ മേധാവികളും സൈനികരും മുൻ ഉന്നത ഉദ്യോഗസ്ഥരും പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തെഴുതിയതാണ്. സെപ്റ്റംബർ ഒന്നിന് ഈ വിഷയം പരിഗണിച്ച ജസ്റ്റിസ് ചന്ദ്രചൂഡ് തെഹ്സീൻ പുനെവാല കേസിൽ സുപ്രീംകോടതി ഇവ തടയുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതാണെന്ന് പറഞ്ഞ് റിപ്പോർട്ട് സമർപ്പിക്കാൻ രണ്ട് മാസം സമയം നൽകിയിരിക്കുകയാണെന്ന് അഭിഭാഷക ചൂണ്ടിക്കാട്ടി.
സ്വമേധയാ കേസെടുക്കാൻ കോടതിക്ക് വസ്തുതകളുടെ പിൻബലം ആവശ്യമുണ്ടെന്ന് ചീഫ് ജസ്റ്റിസ് ലളിത് വ്യക്തമാക്കി. വിദ്വേഷ പ്രസംഗത്തിന്റെ ഉദാഹരണങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് കേസ് ഒക്ടോബർ 31ലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.