വിദ്വേഷ വിഡിയോ: കർണാടക ബി.ജെ.പി ഐ.ടി സെൽ തലവൻ കസ്റ്റഡിയിൽ
text_fieldsബംഗളൂരു: വിദ്വേഷ വിഡിയോ പ്രചരിപ്പിച്ചെന്ന പരാതിയിൽ കർണാടക ബി.ജെ.പി ഐ.ടി സെൽ തലവൻ കസ്റ്റഡിയിൽ. പ്രശാന്ത് മകനൂരിനെ ബംഗളൂരുവിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിൽ എക്സിൽ പോസ്റ്റ് ചെയ്ത വിഡിയോക്കെതിരായ കേസിൽ ബി.ജെ.പി നേതാക്കൾക്കെതിരെ ബംഗളൂരു പൊലീസ് കഴിഞ്ഞ ദിവസം നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, പാർട്ടി സമൂഹ മാധ്യമ തലവൻ അമിത് മാളവ്യ, ബി.ജെ.പി കർണാടക അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര എന്നിവരോട് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചത്. കെ.പി.സി.സി കർണാടക മീഡിയ വിഭാഗം ചെയർമാൻ രമേശ് ബാബു നൽകിയ പരാതിയിന്മേലാണ് പൊലീസ് നടപടി.
പട്ടികജാതി-പട്ടികവർഗ സമുദായങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ളതാണ് എക്‌സിൽ പോസ്റ്റ് ചെയ്‌തിരിക്കുന്ന ആനിമേഷൻ വിഡിയോ എന്ന് പൊലീസ് നൽകിയ നോട്ടീസിൽ പറയുന്നു. നോട്ടീസ് കൈപ്പറ്റി ഏഴ് ദിവസത്തിനുള്ളിൽ ഹാജരാകാനാണ് നിർദേശിച്ചിട്ടുള്ളത്.
തെരഞ്ഞെടുപ്പ് കമീഷൻ കഴിഞ്ഞ ദിവസം വിഡിയോ നീക്കം ചെയ്യാൻ മാക്രോ ബ്ലോഗിങ് സൈറ്റായ എക്സിനോട് ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച വിവിധ പൗരാവകാശ സംഘടന പ്രതിനിധികളും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറെ കണ്ട് പരാതി നൽകിയിരുന്നു.
ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകൾ ചൂണ്ടിക്കാട്ടി ബി.ജെ.പി എക്സ് പോസ്റ്റിലൂടെയും പത്രപരസ്യങ്ങളിലൂടെയും വിദ്വേഷവും വ്യാജ വാർത്തകളും പ്രചരിപ്പിക്കുകയാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വിഷയത്തിൽ കോൺഗ്രസും തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിരുന്നു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും മുഖ്യമന്ത്രി സിദ്ധരാമയ്യയും മുസ്‍ലിം പ്രീണനം നടത്തുന്നുവെന്നാരോപിക്കുന്ന വിഡിയോ എക്സ് പ്ലാറ്റ്ഫോമിലെ ബി.ജെ.പിയുടെ ഔദ്യോഗിക അക്കൗണ്ട് വഴിയാണ് പ്രചരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.