വിദ്വേഷ പ്രസംഗം, ബലാത്സംഗ ഭീഷണി; ബജ്റംഗ് മുനി ദാസ് അറസ്റ്റിൽ
text_fieldsലഖ്നോ: യു.പിയിൽ മുസ്‍ലിം മതസ്ഥർക്കതിരെ വിദ്വേഷ പ്രസംഗം നടത്തുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്ത ബജ്റംഗ് മുനി ദാസ് അറസ്റ്റിൽ. സീതാപൂരിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞയാഴ്ച ഖാരാബാദിൽ നടന്ന പ്രസംഗത്തിനിടെയായിരുന്നു ബജ്റംഗിന്‍റെ വിവാദ പരാമർശം. പ്രസംഗത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ഇയാൾക്കെതിരെ കേസെടുക്കാൻ പൊലീസ് തയാറായത്. അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനും വിദ്വേഷ പ്രസംഗം നടത്തിയതിനുമാണ് കേസെടുത്തത്.
ഹിന്ദു യുവതികളെ പ്രത്യേക മതത്തിലുള്ള ആരെങ്കിലും ഉപദ്രവിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ആ മതത്തിലെ സ്ത്രീകളെ താൻ തന്നെ ബലാത്സംഗം ചെയ്യുമെന്നായിരുന്നു ബജ്റംഗിന്‍റെ പ്രസ്താവന. സ്ത്രീകൾക്കെതിരായ ഇത്തരം പരാമർശങ്ങൾ അനുവദിക്കരുതെന്നും ഇത്തരത്തിൽ വിവാദ പരാമർശങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ദേശീയ വനിതാ കമീഷനും രംഗത്തെത്തിയിരുന്നു.
സംഭവത്തിന് പിന്നാലെ പ്രസ്താവനകളിൽ ക്ഷമാപണം നടത്തിക്കൊണ്ടുള്ള ബജ്റംഗിന്‍റെ വിഡിയോയും സമൂഹ മാധ്യമങ്ങൾ പങ്കുവെച്ചിരുന്നു. യു.പിയിലെ സീതാപൂർ ജില്ലയിലെ ഖൈരാബാദിലുള്ള മഹർഷി ശ്രീ ലക്ഷ്മൺ ദാസ് ഉദസിൻ ആശ്രമത്തിലെ മുഖ്യ പുരോഹിതനാണ് ബജ്‌റംഗ് ദാസ് മുനി. ഇയാൾക്കെതിരെ നിരവധി വഞ്ചനാ കേസുകൾ നിലവിലുണ്ട്. യു.പിയിലെ സീതാപൂർ, പ്രതാപ്ഗഡ്, മഹാരാഷ്ട്രയിലെ നാസിക്ക് എന്നിവിടങ്ങളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി മുനിക്കെതിരെ വിവിധ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
'എന്റെ മതത്തെ ഇത്തരം തെമ്മാടികൾ പ്രതിനിധീകരിക്കുന്നില്ല'; ബജ്‌റംഗ് ദാസ് മുനിക്കെതിരെ ശശി തരൂർ
ന്യൂഡൽഹി: മുസ്‍ലിം സ്ത്രീകളെ ഹിന്ദു യുവാക്കൾ ബലാത്സംഗം ചെയ്യണമെന്നും അവർ ലവ-കുശൻമാരെ പ്രസവിക്കണമെന്നും ആഹ്വാനം ചെയ്ത സന്യാസി ബജ്‌റംഗ് ദാസ് മുനിക്കെതിരെ കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. എന്റെ മതത്തെ ഇത്തരം തെമ്മാടികൾ പ്രതിനിധീകരിക്കുന്നില്ലെന്ന് തരൂർ ഫേസ്ബുക്കിൽ കുറിച്ചു.
'ഒരു ഹിന്ദു എന്ന നിലയിൽ ദൃഢവിശ്വാസത്തോടെ എനിക്ക് എന്റെ മുസ്ലിം സുഹൃത്തുക്കളോട് പറയാൻ കഴിയും, നിങ്ങളുടെ മതത്തെ ഒരു ഐസിസ് തീവ്രവാദി പ്രതിനിധീകരിക്കുന്നില്ല എന്നത് പോലെ തന്നെ എന്റെ മതത്തെ ഇത്തരം തെമ്മാടികൾ പ്രതിനിധീകരിക്കുന്നില്ല.
ഹിന്ദുക്കളിൽ ബഹു ഭൂരിപക്ഷവും ഇത്തരം ആളുകളെ തള്ളിക്കളയുക മാത്രമല്ല അവരൊന്നും തങ്ങളിൽ പെട്ടവരല്ല എന്ന നിലപാടുള്ളവരാണ്. ഇത്തരക്കാർ ഹിന്ദുക്കൾക്ക് വേണ്ടിയല്ല ഒരിടത്തും സംസാരിക്കുന്നത്; അവരുടെ സ്വന്തം താത്പര്യത്തിന് വേണ്ടി മാത്രമാണ്' -ശശി തരൂർ ഫേസ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.