ഹാഥറസ്: ഗ്രാമം അടച്ചുപൂട്ടി, ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൊലീസ്
text_fieldsലഖ്നോ: ഹാഥറസിൽ അതിക്രൂരമായി പെൺകുട്ടി കൊലചെയ്യപ്പെട്ട സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെ ഗ്രാമം അടച്ചുപൂട്ടി പൊലീസ്. കുടുംബത്തെ തടങ്കലിൽ വെച്ചതിന് പുറമെ സുരക്ഷയുടെ പേരിൽ ഗ്രാമത്തിൽ 'ഭീകരാന്തരീക്ഷം' സൃഷ്ടിച്ചിരിക്കുകയാണ് പൊലീസ്.
ട്രക്കും ബസ്സുമടങ്ങിയ 17 വാഹനങ്ങൾ, ബാരിക്കേഡുകൾ എന്നിവയുമായി 300 ഓളം പൊലീസുകാരാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്. സ്വകാര്യ-സർക്കാർ വാഹനങ്ങൾ കർശന പരിശോധനക്ക് ശേഷം മാത്രമേ കടത്തിവിടുന്നുള്ളൂ. പെൺകുട്ടിയുടെ വീട്ടിലേക്ക് ഗ്രാമീണരെ പോലും കടത്തിവിടുന്നില്ല.
നേരത്തേ കുടുംബാംഗങ്ങളുടെ ഫോൺ പിടിച്ചെടുത്ത പൊലീസ് ഉദ്യോഗസ്ഥർ വീട്ടിൽ നിന്നും പുറത്തിറങ്ങരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. മാധ്യമങ്ങളെ കാണാനോ സംസാരിക്കാനോ പാടില്ലെന്നും ഭീഷണിപ്പെടുത്തിയിരുന്നു.
അതിനിടെ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ കുടുംബാംഗങ്ങളെയും നുണ പരിശോധനക്ക് വിധേയമാക്കണമെന്ന ഉത്തർപ്രദേശ് സർക്കാരിന്‍റെ ഉത്തരവ് വിവാദത്തിലായിരുന്നു. പ്രത്യേക അന്വേഷണ സമിതിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നുണ പരിശോധനക്ക് വിധേയരാക്കാൻ സർക്കാർ ഉത്തരവുണ്ടായത്.
ഇതിനെതിരെ പല കോണുകളിൽ നിന്നും പ്രതിഷേധമുയർന്നിരുന്നു. സംഭവത്തിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തതിന് പുറമെ കേസ് സി.ബി.ഐക്ക് കൈമാറാനും യോഗി സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന.രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ശനിയാഴ്ച ഉച്ചക്ക് ശേഷം പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കും. കോൺഗ്രസ് എം.പിമാരും ഇവരെ അനുഗമിക്കും. അതേസമയം വില്ലേജിലേക്കുള്ള അതിർത്തികൾ രണ്ടു ദിവസത്തിന് ശേഷം തുറന്നതായും വാർത്തകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.