ഹാഥറസ്: പൊലീസ് വാദം പൊളിച്ച ഡോക്ടറെ ജോലിയിൽ നിന്ന് പുറത്താക്കി
text_fieldsന്യൂഡൽഹി: ഹാഥറസിൽ സവർണരുടെ ക്രൂരതക്ക് ഇരയായി ദലിത് പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ ബലാത്സംഗം നടന്നിട്ടില്ലെന്ന് വരുത്തിത്തീർക്കാനുള്ള പൊലീസിെൻറ ശ്രമം പൊളിച്ച ഡോക്ടർക്കെതിരെ നടപടി. പെൺകുട്ടിയെ ആദ്യം പ്രവേശിപ്പിച്ച അലീഗഢ് ജവഹർലാൽ നെഹ്റു മെഡിക്കൽ കോളജിലെ ചീഫ് മെഡിക്കൽ സൂപ്രണ്ടായിരുന്ന ഡോ. അസീം മാലിക്കിനെ ആശുപത്രിയിൽ നിന്നും പുറത്താക്കി. ഒക്ടോബർ 16ന് ഡോ. അസീമിനെ സൂപ്രണ്ട് സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. ഇതിനുപിന്നാലെയാണ് ഒക്ടോബർ 20 മുതൽ ആശുപത്രിയിലെ സേവനം അവസാനിപ്പിക്കാനുള്ള നോട്ടീസ് അധികൃതർ ഡോ. അസീമിന് നൽകിയത്. ഫോറൻസിക് സയൻസ് ലാബ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി ദലിത് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ പൊലീസ് ശ്രമം നടത്തിയിരുന്നു.
എന്നാൽ, പെൺകുട്ടി പീഡനത്തിന് ഇരയായി 11 ദിവസത്തിനു ശേഷമാണ് സാമ്പ്ൾ ലബോറട്ടറി പരിശോധനക്ക് അയച്ചതെന്നും സംഭവം നടന്ന് 96 മണിക്കൂറിനുശേഷം തെളിവ് ഇല്ലാതാകുമെന്നും ഡോ. അസീം മാധ്യമങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. കൂടാതെ, ആശുപത്രി തയാറാക്കിയ മെഡിക്കൽ റിേപ്പാർട്ടിൽ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് രേഖപ്പെടുത്തിയതും പുറത്തുവന്നു.
ഫോറൻസിക് റിപ്പോർട്ടുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തിയതിന് അസീമിനെ ജെ.എൻ മെഡിക്കൽ കോളജിെൻറ ചുമതലയുള്ള അലീഗഢ് മുസ്ലിം സർവകലാശാല വൈസ് ചാൻസലർ താരീഖ് മൻസൂർ ശാസിച്ചിരുന്നു. പൗരത്വ വിഷയവുമായി ബന്ധപ്പെട്ട് അലീഗഢ് കാമ്പസിനകത്ത് പൊലീസ് അതിക്രമത്തിന് അനുമതി കൊടുത്തതിൽ വിദ്യാർഥികളുടെ പ്രതിഷേധം നേരിടുന്നയാളാണ് താരീഖ് മൻസൂർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.