ഹാഥറസ് നടുക്കുന്നു –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഹാഥറസിൽ സവർണ ഹിന്ദുക്കൾ 19കാരി ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു മർദിച്ചു കൊന്ന സംഭവം നടുക്കുന്നുവെന്ന് സുപ്രീംകോടതി. യുവതി അനുഭവിക്കേണ്ടി വന്ന സംഭവം ഭയാനകവും അത്യസാധാരണവുമാണെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. ഹാഥറസ് സംഭവത്തെക്കുറിച്ച അന്വേഷണം സുഗമമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തുമെന്ന് കോടതി വ്യക്തമാക്കി. കേസിെൻറ സാക്ഷികൾക്ക് സംരക്ഷണം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തി സത്യവാങ്മൂലം സമർപ്പിക്കാൻ യു.പി സർക്കാറിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ''എങ്ങനെ സാക്ഷികളെ സംരക്ഷിക്കുന്നു? യുവതിയുടെ കുടുംബം കേസ് നടത്താൻ അഭിഭാഷകനെ കണ്ടെത്തിയിട്ടുണ്ടോ? അലഹബാദ് ഹൈകോടതിയിൽ നടക്കുന്ന കേസിെൻറ സ്ഥിതി എന്താണ്? േകസ് നടത്തിപ്പ് കൂടുതൽ വിപുലവും പ്രസക്തവുമാക്കുന്നതിന് എന്തൊക്കെ ചെയ്യാൻ കഴിയും?'' യു.പി സർക്കാറിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് സുപ്രീംകോടതി ചോദിച്ചു.
സംസ്ഥാന സർക്കാറിനു കീഴിലെ പ്രത്യേകാന്വേഷണ സംഘത്തിൽനിന്ന് കേസ് സി.ബി.ഐയെ ഏൽപിക്കണമെന്നും അന്വേഷണത്തിന് സുപ്രീംകോടതിയുടെ മേൽനോട്ടം വേണമെന്നും ആവശ്യപ്പെട്ട് സത്യം ദുബെയും മറ്റും നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു മൂന്നംഗ ബെഞ്ച്. ഹരജിയെ സംസ്ഥാന സർക്കാർ എതിർക്കുന്നില്ലെന്ന് സോളിസിറ്റർ ജനറൽ വിശദീകരിച്ചു. സംഭവത്തെക്കുറിച്ച് പല വ്യാഖ്യാനങ്ങൾ സമൂഹത്തിലുണ്ട്. സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടക്കണം. അത് അങ്ങനെയാണ് നടക്കുന്നതെന്ന് ബോധ്യപ്പെടുകയും വേണം. ഇതിന് സുപ്രീംകോടതി മേൽനോട്ടമുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും തുഷാർ മേത്ത കോടതിയിൽ പറഞ്ഞു. സി.ബി.ഐ അന്വേഷണത്തിന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.
സ്ഥാപിത താൽപര്യക്കാരുടെ തെറ്റായ വ്യാഖ്യാനങ്ങൾ സംഭവത്തെക്കുറിച്ച് വ്യാപരിക്കുന്നുണ്ടെന്ന് സർക്കാർ വിശദീകരിച്ചു. ജാതി സംഘർഷവും അക്രമവും ഉണ്ടാക്കാൻ ക്രിമിനൽ ഗൂഢാലോചനയുണ്ട്. രാഷ്ട്രീയമായ താൽപര്യമുള്ളവരുടെ ഗൂഢമായ പ്രചാരണം ഒരു വിഭാഗം മാധ്യമങ്ങളിൽ നടക്കുന്നു. ചില രാഷ്ട്രീയ പാർട്ടികൾ വർഗീയമായ അസ്വസ്ഥത ഉണ്ടാക്കാൻ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു.
മൃതദേഹം പാതിരാത്രി മാതാപിതാക്കളെപ്പോലും കാണിക്കാതെ കത്തിച്ച സംഭവം കേസിൽ ഇടപെട്ടു സംസാരിച്ച പ്രമുഖ അഭിഭാഷക ഇന്ദിര ജയ്സിങ് ചൂണ്ടിക്കാട്ടി. പ്രതിഷേധിക്കുന്നവർക്കെതിരെ 27 എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പട്ടികജാതി, പട്ടിക വർഗക്കാരോടുള്ള അതിക്രമം തടയുന്ന നിയമപ്രകാരം നാലു പ്രതികൾക്കുമെതിരെ കേസെടുക്കണം. കേസ് വിചാരണ യു.പിക്കു പുറത്തേക്ക് മാറ്റണമെന്നും ഇന്ദിര ജയ്സിങ് ആവശ്യപ്പെട്ടു. അടുത്തയാഴ്ച സുപ്രീംകോടതി കേസ് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.