ഹാഥ്റസ് ബലാത്സംഗക്കൊല: യു.പി സർക്കാറിന് തിരിച്ചടിയായി സുപ്രീംകോടതി ഇടപെടൽ
text_fieldsന്യൂഡൽഹി: ഹാഥ്റസിൽ കൂട്ട ബലാത്സംഗത്തിനിരയായ ദലിത് പെൺകുട്ടി മരിച്ച കേസിൽ അലഹബാദ് ഹൈകോടതി വിധിക്കെതിരെ ഉത്തർപ്രദേശ് സർക്കാർ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ഹാഥ്റസ് പെൺകുട്ടിയുടെ കുടുംബത്തെ ഹാഥ്റസിൽനിന്ന് മാറ്റിപ്പാർപ്പിക്കണമെന്നും കുടുംബാംഗങ്ങളിൽ ഒരാൾക്ക് ജോലി നൽകണമെന്നുമുള്ള ഹൈകോടതി വിധിക്കെതിരെയാണ് യു.പി സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്.
ഇത്തരമൊരു ഹരജിയുമായി സുപ്രീംകോടതിയെ സമീപിച്ച യു.പി സർക്കാറിന്‍റെ നടപടിയിൽ ആശ്ചര്യം പ്രകടിച്ച കോടതി ഹരജി പരിഗണിക്കാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. 'ഇത് കുടുംബത്തിന് നൽകുന്ന സൗകര്യങ്ങളാണ്. ഇടപെടാൻ കഴിയില്ല. ഇത്തരം വിഷയങ്ങളുമായി സംസ്ഥാനം മുന്നോട്ട് വരരുത്' -ചീഫ് ജസ്റ്റിസ് പറഞ്ഞു.
കുടുംബത്തെ ഹാഥ്റസിൽ നിന്ന് മാറ്റി പാർപ്പിക്കാൻ സർക്കാർ തയാറാണെന്നും എന്നാൽ നോയിഡയിലേക്കോ ഗാസിയബാദിലേക്കോ ഡൽഹിയിലേക്കോ മാറ്റണമെന്നാണ് ആവശ്യപ്പെടുന്നതെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. വിവാഹിതനായ സഹോദരനെ ആശ്രിതനായി പരിഗണിക്കാൻ കഴിയുമോ എന്ന ചോദ്യവും അഭിഭാഷകൻ ഉന്നയിച്ചു. എന്നാൽ ഹരജി തള്ളുകയാണെന്ന് ബെഞ്ച് വ്യക്തമാക്കി.
2022 ജൂലൈ 26നാണ് പെൺകുട്ടിയുടെ കുടുംബാംഗങ്ങളിൽ ഒരാൾക്ക് ജോലി നൽകണമെന്നും കുടുംബത്തിന്‍റെ സുരക്ഷ മുൻനിർത്തി ഹാഥ്റസിൽ നിന്ന് മാറ്റിപാർപ്പിക്കണമെന്നും ഹൈകോടതി യു.പി സർക്കാറിന് നിർദേശം നൽകിയത്.
2020 സെപ്റ്റംബർ 16നാണ് രാജ്യത്തെ നടുക്കിയ ബലാത്സംഗക്കൊല യു.പിയിലെ ഹാഥ്റസിൽ അരങ്ങേറിയത്. കൂട്ടബലാത്സംഘത്തിനിരയാക്കിയ ദലിത് യുവതി ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. തുടർന്ന് മൃതദേഹം വീട്ടുകാരുടെ സമ്മതമില്ലാതെ അർധരാത്രി ദഹിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തെങ്കിലും മൂന്ന് പേരെ കോടതി വെറുതെ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.