ഹാഥറസിൽ പിതാവിനെ വെടിവെച്ചു കൊന്ന സംഭവത്തിൽ രണ്ടു പേർ കൂടി അറസ്റ്റിൽ
text_fieldsലക്നോ: ഹാഥറസിൽ പീഡനത്തിനിരയായ സ്ത്രീയുടെ പിതാവിനെ പ്രതി വെടിവെച്ചു കൊന്ന സംഭവത്തിൽ രണ്ടുപേർകൂടി അറസ്റ്റിൽ. രോഹിതാശ് ശർമ, നിഖിൽ ശർമ എന്നിവരെയാണ് ബുധനാഴ്ച പൊലീസ് പിടികൂടിയത്.
എന്നാൽ, ഇരയുടെ പിതാവ് അംബരീഷ് ശർമയെ വെടിവെച്ച മുഖ്യപ്രതി ഗൗരവ് ശർമയെ ഇനിയും പിടികൂടാനായിട്ടില്ല. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പൊലീസ് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. 25,000 രൂപ നേരത്തെ പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രോഹിതാശ് ശർമ, നിഖിൽ ശർമ എന്നിവരെ കുറിച്ച് സൂചന നൽകിയത്. മുഖ്യപ്രതിയെ പിടികൂടാനായി പ്രത്യേക പൊലീസ് സംഘം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇയാൾ സംസ്ഥാനം വിട്ടുവെന്നാണ് സൂചനയെന്നും ഹാഥറസ് സൂപ്രണ്ട് വിനീത് ജെയ്സ്വാൾ പറഞ്ഞു.
2018ലെ പീഡനക്കേസിൽ ഒരുമാസം ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ആളാണ് ഗൗരവ് ശർമ. തിങ്കളാഴ്ച വൈകുന്നേരം നാലരക്ക് നൊസാപുർ ഗ്രാമത്തിലെ ക്ഷേത്ര പരിസരത്തായിരുന്നു കൊലപാതകം.
യു.പിയിലെ ഓരോ കുടുംബവും നീതിക്കുവേണ്ടി കരയുന്നു –പ്രിയങ്ക
ന്യൂഡൽഹി: യു.പിയിലെ ഓരോ കുടുംബത്തിൽനിന്നും നീതിക്കായുള്ള നിലക്കാത്ത നിലവിളികൾ ഉയരുകയാണെന്ന് യോഗി സർക്കാറിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഹാഥറസിൽനിന്ന് കഴിഞ്ഞ ദിവസം വന്ന വാർത്തകളും ചിത്രങ്ങളുമാണ് പ്രിയങ്കയെ പ്രകോപിപ്പിച്ചത്. 2018ലെ ബലാത്സംഗക്കേസിലെ ഇരയുടെ പിതാവിനെ, ജാമ്യത്തിലിറങ്ങിയ പ്രതി വെടിവെച്ചുകൊന്നതും ദിവസങ്ങൾക്കു മുമ്പ് കാണാതായ 12കാരിയുടെ മൃതദേഹം ബുലന്ദ്ഷഹറിലെ വീട്ടിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ കാര്യവും അവർ ട്വീറ്റ് ചെയ്തു. യോഗി സർക്കാറിെൻറ അവകാശവാദങ്ങളെ തള്ളി സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ കുതിച്ചുയർന്നുവെന്നും ക്രമസമാധാന നില തകർന്നിരിക്കുകയാണെന്നും പ്രിയങ്ക കടന്നാക്രമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.