ഹാഥ്റസ്: പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് പ്രതിപക്ഷ പാർട്ടികൾ; ഇന്ത്യ ഗേറ്റിൽ നിരോധനാജ്ഞ
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹാഥ്റസിലെ കൂട്ട ബലാത്സംഗക്കൊലയിൽ ഡൽഹിയിലും പ്രതിഷേധം ശക്തമാകുന്നു. ഗുജറാത്ത് എം.എൽ.എയും സാമൂഹിക പ്രവർത്തകനുമായ ജിഗ്നേഷ് മേവാനി ഇന്ത്യ ഗേറ്റിൽ പ്രതിഷേധ കൂട്ടായ്മക്ക് ആഹ്വാനം ചെയ്തു. വി ദ പീപ്പിള്‍ ഓഫ് ഇന്ത്യ എന്ന കൂട്ടായ്മയുടെ കീഴിൽ വൈകിട്ട് അഞ്ചു മണിക്ക് പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്ന് അറിയിച്ചതോടെ ഇന്ത്യ ഗേറ്റില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോൺഗ്രസ്, എ.എ.പി നേതാക്കൾ പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുക്കും.
പെൺകുട്ടിയുടെ കുടുംബത്തെ സർക്കാർ ഭീഷണിപ്പെടുത്തുകയാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ചും കുടുംബത്തെ ഒറ്റപ്പെടുത്തിയും കേസ് ഒതുക്കാനാണ് യു.പി സർക്കാറും പൊലീസും ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാക്കൾ വിമർശിച്ചു.
പെൺകുട്ടി ബലാത്സംഗത്തിനിരയായിട്ടില്ല എന്നാണ് യു.പി പൊലീസ് അഡീഷണൽ ഡയറക്ടർ ജനറൽ പറയുന്നത്. മാധ്യമങ്ങളും ബാക്കി എല്ലാവരും പോകും ഞങ്ങള്‍ മാത്രമേ കാണൂ എന്ന് ജില്ലാ മജിസ്ട്രേറ്റ് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയതും വാർത്തയായിരുന്നു. നിയമസഹായം നല്‍കാന്‍ തയാറായ നിർഭയ കേസിലെ അഭിഭാഷക സീമ കുശ്വാഹയെ ഹാഥ്റസിലെത്താനും പൊലീസ് അനുവദിച്ചില്ല.
പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ തിരിച്ച കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും യു.പി പൊലീസ് തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. യു.പി സർക്കാറിെൻറ അടിച്ചമർത്തലിനെതിരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അറിയിച്ചു. അഞ്ച് മണിക്ക് ഡല്‍ഹിയില്‍ ശക്തമായ പ്രതിഷേധം ഉയർത്താനാണ് വി ദ പീപ്പിള്‍ ഓഫ് ഇന്ത്യ എന്ന കൂട്ടായ്മയുടെ തീരുമാനം. പ്രതിപക്ഷ പാർട്ടി നേതാക്കളും പങ്കെടുക്കുമെന്നാണ് വിവരം. ഇത് മുന്നില്‍ കണ്ടാണ് ഇന്ത്യ ഗേറ്റില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ജന്തർമന്തറിൽ ധർണ നടത്തുമെന്ന് പ്രിയങ്ക ഗാന്ധി അറിയിച്ചിരുന്നുവെങ്കിലും പരിപാടിക്ക് പൊലീസ് അനുമതി നൽകിയിരുന്നില്ല. ജന്തർമന്തറിലെ പരിപാടികള്‍ക്ക് മുന്‍കൂര്‍ അനുമതി തേടണമെന്നും 100 പേർക്കേ പങ്കെടുക്കാനാകൂ എന്നും പൊലീസ് അറിയിച്ചു. എന്നാൽ ശക്തമായ പ്രതിഷേധ പരിപാടിയുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷ പാർട്ടികളുടെ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.