ഹഥ്രസ് കൂട്ടബലാത്സംഗം: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് യോഗി സർക്കാർ
text_fields
ലഖ്നോ: ഉത്തർപ്രദേശിലെ ഹഥ്രസിൽ ദലിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാന ആഭ്യന്തര വകുപ്പ് സെക്രട്ടറി
ഭഗ്വാൻ സ്വരൂപ് അധ്യക്ഷനായ മൂന്നംഗ സംഘമാണ് അന്വേഷണം നടത്തുക. പൊലീസ് ഉദ്യോഗസ്ഥരായ ഡി.ഐ.ജി ചന്ദ്ര പ്രകാശ്, പി.എ.സി കമാൻഡൻഡ് സേനാ നായക് പൂനം എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റ് അംഗങ്ങൾ. ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും സർക്കാർ നിർദേശിച്ചു. കേസിെൻറ വിചാരണ അതിവേഗ കോടതിയിലേക്ക് മാറ്റാനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.
പെൺകുട്ടിയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ലോക്കൽ പൊലീസ് പ്രതികളെ സംരക്ഷിക്കുന്ന നടപടിയാണ് സ്വീകരിച്ചതെന്നും ഭരണകൂടത്തിൽ നിന്ന് സമ്മർദ്ദമുണ്ടെന്നും കുടുംബാംഗങ്ങൾ വെളിപ്പെടുത്തിയിരുന്നു. കുടുംബാംഗങ്ങളുടെ എതിർപ്പിനെ മറികടന്ന് ബലം പ്രയോഗിച്ചാണ് പൊലീസ് പെൺകുട്ടിയുടെ സംസ്കാരം നടത്തിയത്. പൊലീസിെൻറ ഈ നടപടിയും ഏറെ വിവാദമായിരുന്നു.
സെപ്റ്റംബർ 14നാണ് നാല് പേർ ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ആരോഗ്യനില മോശമായതോടെ പെൺകുട്ടിയെ വിദഗ്ധ ചികിത്സക്കായി ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ചൊവ്വാഴ്ച പുലർച്ചെ മരണം സംഭവിച്ചു.
അമ്മക്കൊപ്പം പുല്ല് വെട്ടാൻ പോയതിനിടെയാണ് പെൺകുട്ടിയെ നാല് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയത്. പെൺകുട്ടിയെ കാണാതെ തിരഞ്ഞുപോയ മാതാവ് ഒഴിഞ്ഞ പ്രദേശത്ത് അബോധാവസ്ഥയിൽ കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ നാക്ക് മുറിച്ചെടുത്ത നിലയിലായിരുന്നു. നട്ടെല്ല് തകരുകയും ശരീരമാസകലം പരിക്കേൽക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.