ഹാഥറസ്: സാക്ഷികൾക്ക് സി.ആർ.പി.എഫ് സംരക്ഷണം നൽകണം; ഹരജിയുമായി ടീസ്റ്റ
text_fieldsലഖ്നോ: ഹാഥറസിൽ ദലിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതികളെ സംരക്ഷിക്കാനാണ് യു.പി പൊലീസ് ശ്രമിക്കുന്നതെന്ന് സാമൂഹിക പ്രവർത്തക ടീസ്റ്റ സെറ്റൽവാദ്. കേസിലെ സാക്ഷികൾക്ക് സംരക്ഷണം നൽകണമെന്നും അവർ സുപ്രീംകോടതിയിൽ നൽകിയ ഹരജിയിൽ ആവശ്യപ്പെട്ടു. കോടതി മേൽനോട്ടത്തിൽ കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്.
അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ ബലാത്സംഗം നടന്നിട്ടില്ലെന്നാണ് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവും പറയുന്നതെന്ന് ടീസ്റ്റ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പെൺകുട്ടിയെ ഗുരുതരമായി പരിക്കേറ്റ നിലയിൽ ആദ്യം കണ്ട അമ്മയുടെ മൊഴി ബലാത്സംഗം നടന്നുവെന്നതിന് സാധൂകരണം നൽകുന്നതാണ്. പക്ഷേ ഇതൊന്നും പരിഗണിക്കാതെയായിരുന്നു എ.ഡി.ജി.പി പ്രശാന്ത് കുമാറിെൻറ പ്രതികരണം. അദ്ദേഹത്തിെൻറ പ്രസ്താവന ഉത്തരവാദിത്തമില്ലാത്തതാണ്. പ്രതികളെ സംരക്ഷിക്കാനാണ് യു.പി പൊലീസിെൻറ ശ്രമമെന്നും ടീസ്റ്റ ഹരജിയിൽ ആരോപിക്കുന്നു.
ബന്ധുക്കളുടെ സമ്മതമില്ലാതെ പെൺകുട്ടിയുടെ മൃതദേഹം അർധരാത്രി പൊലീസ് കത്തിച്ചതിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു. ഹരജി അടുത്തയാഴ്ച സുപ്രീംകോടതി പരിഗണിക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.