ഹാഥറസ് ദുരന്തം: പട്ന കോടതിയിൽ ഭോലെ ബാബക്കെതിരെ ആദ്യ കേസ്
text_fieldsപട്ന: ഉത്തർപ്രദേശിലെ ഹാഥറസിൽ തിക്കിലും തിരക്കിലും 121 പേരുടെ മരണത്തിന് ഇടയായ സംഭവവുമായി ബന്ധപ്പെട്ട് ആൾദൈവം ഭോലെ ബാബ എന്ന സൂരജ് പാൽ സിങ്ങിനെതിരെ പട്‌നയിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു. ബി.ജെ.പി നേതാവ് കൃഷ്ണകുമാർ സിങ് കല്ലുവാണ് ഭോലെ ബാബക്കെതിരെ പട്ന സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്തത്. ദുരന്തത്തിൽ അതീവ ദുഃഖിതനാണെന്ന് പറഞ്ഞുകൊണ്ടുള്ള ബാബയുടെ സന്ദേശം ഇന്ന് രാവിലെ വന്നിരുന്നു. ഇതിനു പിന്നാലെയാണ് കേസ് ഫയൽ ചെയ്തത്.
ഹാഥറസിലെ ചടങ്ങിന്‍റെ പ്രധാനസംഘാടകനും കേസിലെ മുഖ്യപ്രതിയുമായ ദേവ്പ്രകാശ് മധുകറിനെ വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്തു. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷംരൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ റിട്ടയേഡ് ഹൈകോർട്ട് ജഡ്ജിയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ സർക്കാർ നിയോഗിച്ചിട്ടുണ്ട്.
ഭോലെ ബാബ ഒളിവിലാണെന്നും ഇയാളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായും ആഗ്ര അഡീഷനൽ ഡി.ജി.പി അനുപം കുലശ്രേഷ്ഠ പറഞ്ഞു. സമ്മേളനത്തിന്റെ സംഘാടകരായ രണ്ട് വനിതകൾ ഉൾപ്പടെ ആറുപേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിക്കാനിടയായതിൽ സംഘാടകർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.