യു.പിയിൽ തിരക്കിൽ പെട്ട് 121 പേർ മരിച്ച സംഭവം; ദുരന്തത്തിന് പിന്നിൽ സാമൂഹ്യവിരുദ്ധരെന്ന് ഭോലെ ബാബ
text_fieldsലഖ്നോ: യു.പിയിൽ മതചടങ്ങിനിടെ 121 പേർ മരിക്കാനിടയായ സംഭവത്തിൽ പ്രതികരണം നടത്തി സ്വയംപ്രഖ്യാപിത ആൾദൈവം നാരായൺ സാകർ ഹരിയെന്ന ഭോലെ ബാബ. സാമൂഹിക വിരുദ്ധഘടകങ്ങളാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഇയാളുടെ പ്രസ്താവന പുറത്ത് വന്നത്.
മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച ഭോലെ ബാബ പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖപ്പെടട്ടെയെന്നും പറഞ്ഞു. താൻ വേദിവിട്ട് കുറേ സമയം കഴിഞ്ഞതിന് ശേഷമാണ് ദുരന്തമുണ്ടായതെന്നും ഭോലെ ബാബ അവകാശപ്പെട്ടു. സുപ്രീംകോടതി അഭിഭാഷകൻ എ.പി സിങ് കേസിൽ തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ലക്ഷത്തോളം പേർ ഭോലെ ബാബയുടെ പരിപാടിയിൽ പങ്കെടുത്തിരുന്നുവെന്നാണ് സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് ഭോലെ ബാബ പന്തലിലേക്ക് എത്തിയത്. ഒരു മണിക്കൂറോളം പരിപാടിയുണ്ടായിരുന്നു. 1.40ന് ബാബ പന്തലിൽ നിന്ന് ഇറങ്ങി ദേശീയപാതക്ക് സമീപത്തേക്ക് നടന്നുപോയി.
ഇതിന് പിന്നാലെ ആൾദൈവത്തിൽ നിന്നും അനുഗ്രഹം വാങ്ങാനും കാലിനടിയിലെ മണ്ണ് ശേഖരിക്കാനും ആളുകൾ തിരക്കുകൂട്ടി. ഇതിനിടെയാണ് അപകടമുണ്ടായതെന്നാണ് സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.