നീതി ലഭിച്ചില്ല, പോരാട്ടം തുടരുമെന്ന് ഹാഥറസ് ഇരയുടെ കുടുംബം
text_fieldsഹാഥറസ് (യു.പി): നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് ഹാഥറസ് ഇരയുടെ കുടുംബം. രാജ്യത്തെ നടുക്കിയ 2020ലെ ഹാഥറസ് കൂട്ട ബലാത്സംഗ-കൊലപാതക കേസിലെ പ്രധാന പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും മറ്റ് മൂന്നു പേരെ പ്രത്യേക കോടതി വെറുതെവിടുകയും ചെയ്തിരുന്നു. കൊലപാതകത്തേക്കാൾ കുറഞ്ഞ വകുപ്പായ മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി മുഖ്യപ്രതിയായ സന്ദീപിനെ (20) ജീവപര്യന്തം തടവിന് ശിക്ഷിച്ച കോടതി രവി (35), ലവ് കുശ് (23), രാമു (26) എന്നിവരെയാണ് വെറുതെവിട്ടത്. മുഖ്യപ്രതിക്കെതിരെ ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങൾ തെളിയിക്കാനായിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ മുന്ന സിങ് പണ്ടിർ പറഞ്ഞു. ‘എന്റെ സഹോദരിക്ക് നീതി ലഭിക്കാനുള്ള ഞങ്ങളുടെ സമരം ഫലം കണ്ടിട്ടില്ല. ഞങ്ങൾക്ക് ഇനിയും നീതി ലഭിച്ചിട്ടില്ല, അതിനായി പോരാട്ടം തുടരും’- ഇരയുടെ സഹോദരൻ വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. പണത്തിനോ നഷ്ടപരിഹാരത്തിനോ വേണ്ടിയായിരുന്നില്ല തങ്ങളുടെ പോരാട്ടമെന്നും സഹോദരൻ പറഞ്ഞു. വ്യാഴാഴ്ച വിധി പ്രഖ്യാപിക്കുമ്പോൾ സഹോദരനും കോടതിമുറിയിലുണ്ടായിരുന്നു.
‘2020 സെപ്റ്റംബർ 14ന് പ്രതിയായ സന്ദീപ് ഇരയുടെ കഴുത്തു ഞെരിച്ചുവെന്നതിൽ ഒരു സംശയവുമില്ല. ഇരയെ പരിക്കേല്പിച്ചത് ഒരാൾമാത്രമാണ്’- ഇന്ത്യൻ ശിക്ഷാ നിയമം 304 വകുപ്പ് പ്രകാരം സന്ദീപിനെ ശിക്ഷിച്ച ഉത്തരവ് പറയുന്നു. സന്ദീപിനെ കൊലക്കുറ്റത്തിന് ശിക്ഷിക്കാത്തത് എന്തുകൊണ്ടാണെന്നതിന് കോടതി ഉത്തരവിലെ മറുപടി ഇങ്ങനെയാണ്. ‘സംഭവം കഴിഞ്ഞ് എട്ട് ദിവസം ഇര സംസാരിക്കുന്നുണ്ടായിരുന്നു. അതിനാൽ ഇരയെ കൊലപ്പെടുത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പറയാനാവില്ല’ ഇരയുടെ ജനനേന്ദ്രിയത്തിൽ ബലാത്സംഗത്തിന്റേതായ മുറിവുകളോ പാടുകളോ കണ്ടെത്തിയിട്ടില്ലെന്നും അത്തരം തെളിവുകൾ കണ്ടെത്തിയതായി ഡോക്ടർമാരോ നഴ്സുമാരോ മൊഴിയിൽ വ്യക്തമാക്കുന്നില്ലെന്നും ഉത്തരവ് പറയുന്നു.
അതിനാൽ 50,000 രൂപ പിഴയായി അടക്കാനും അതിൽ 40,000 രൂപ ഇരയുടെ കുടുംബത്തിന് നൽകാനും കോടതി നിർദേശിച്ചു. സന്ദീപിനെതിരെ ബലാത്സംഗ കുറ്റം തെളിയിക്കാനുമായില്ല.നാലു പ്രതികൾക്കുമെതിരെ കൊലപാതകം, കൂട്ടബലാത്സംഗം എന്നീ കുറ്റങ്ങളും പട്ടികജാതി, പട്ടികവർഗക്കാർക്കെതിരായ അതിക്രമം തടയൽ നിയമത്തിലെ വകുപ്പുകളും ചുമത്തി പ്രത്യേക കോടതിയിൽ സി.ബി.ഐയാണ് കുറ്റപത്രം സമർപ്പിച്ചത്. വിധിയെ ഹൈകോടതിയിൽ ചോദ്യം ചെയ്യുമെന്ന് ഇരയുടെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷക സീമ കുശ്വാഹ പറഞ്ഞു. അതേസമയം, ശിക്ഷക്കെതിരെ ഹൈകോടതിയിൽ അപ്പീൽ നൽകുമെന്നും പീഡനം, കൂട്ടബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും ശിക്ഷിക്കപ്പെട്ട സന്ദീപിന്റെ അഭിഭാഷകൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.