മുസ്‍ലിംകൾക്കെതിരായ വിദ്വേഷമാണ് മോദിയുടെ ഏക ഗ്യാരണ്ടി; കലാപമുണ്ടായാൽ ഏക ഉത്തരവാദി അദ്ദേഹം - ഉവൈസി
text_fieldsഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി മുസ്‍ലിംകൾക്കെതിരായ വിദ്വേഷ പ്രചാരണം നടത്തുകയാണെന്നും രാജ്യത്ത് നാളെയൊരു കലാപമുണ്ടായാൽ അതിന്റെ ഏക ഉത്തരവാദി അദ്ദേഹം മാത്രമായിരിക്കുമെന്നും എ.ഐ.എം.ഐ.എം അധ്യക്ഷനും എം.പിയുമായി അസദുദ്ദീൻ ഉവൈസി. രാജ്യത്ത് 17 കോടിയുള്ള ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗമായ മുസ്‍ലിംകൾക്കെതിരായ വിദ്വേഷം മാത്രമാണ് മോദിയുടെ ഏക ഗ്യാരണ്ടിയെന്നും അത് 2002 മുതൽ അദ്ദേഹം ചെയ്യുന്നുണ്ടെന്നും ഉവൈസി വാർത്ത ഏജൻസിയായി എ.എൻ.ഐയോട് പറഞ്ഞു.
‘അദ്ദേഹം രാജ്യത്തെ 140 കോടി ജനതയുടെ പ്രധാനമന്ത്രിയാണ്. മുസ്‍ലിംകളെ ഈ രീതിയിൽ വേദനിപ്പിക്കുന്നു, ഈ രീതിയിൽ വെറുക്കുന്നു. നാളെ ഒരു കലാപം രാജ്യത്ത് പൊട്ടിപ്പുറപ്പെടുകയാണെങ്കിൽ അതിന്റെ ഏക ഉത്തരവാദി നരേന്ദ്ര മോദി മാത്രമായിരിക്കും’ -ഉവൈസി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുസ്‍ലിംകൾക്കെതിരെ നടത്തിയ വിദ്വേഷ പരാമർശങ്ങൾ വ്യാപക പ്രതിഷേധത്തിനിടയാക്കിയ പശ്ചാത്തലത്തിലാണ് ഉവൈസിയുടെ പ്രതികരണം.
‘രാജ്യത്തിലെ സമ്പത്തിന്റെ ആദ്യ അവകാശികൾ മുസ്‍ലിംകളാണെന്ന് കോൺഗ്രസിന്റെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞിട്ടുണ്ട്. ഈ സ്വത്തുക്കളെല്ലാം ഒരുമിച്ചുകൂട്ടി കൂടുതൽ മക്കളുള്ളവർക്കും നുഴഞ്ഞുകയറ്റക്കാർക്കും നൽകുമെന്നാണ് അതിനർഥം. നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കൾ നുഴഞ്ഞുകയറ്റക്കാർക്ക് നൽകണോ? ഇത് നിങ്ങൾക്ക് അംഗീകരിക്കാനാകുമോ?' എന്നിങ്ങനെയായിരുന്നു രാജസ്ഥാനിലെ ബൻസ്വാരയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി യുടെ വിദ്വേഷ പ്രസംഗം. അമ്മമാരുടെയും പെൺമക്കളുടെയും സ്വർണങ്ങളുടെ കണക്കെടുത്ത് വിതരണം ചെയ്യുമെന്നാണ് കോൺഗ്രസ് പ്രകടനപത്രികയിൽ പറയുന്നതെന്നും മോദി തുടർന്നു.
പട്ടികജാതി-വർഗ വിഭാഗത്തിന്റെ സംവരണം തട്ടിയെടുത്ത് മുസ്‍ലിംകൾക്ക് നൽകാൻ കോൺഗ്രസ് ശ്രമിച്ചുവെന്ന് കഴിഞ്ഞ ദിവസം ടോങ്കിൽ നടന്ന പ്രചാരണറാലിയിലും മോദി ആരോപിച്ചിരുന്നു. കോൺഗ്രസ് ഭരണത്തിന് കീഴിൽ ഒരാൾക്ക് സ്വന്തം വിശ്വാസംപോലും പിന്തുടരാൻ പറ്റാതായി. കർണാടകയിൽ ഹനുമാൻ ചാലിസ ശ്രവിക്കുന്നത് ക്രിമിനൽ കുറ്റമാണ്. ജനങ്ങളുടെ സ്വത്തും പണവും തട്ടിയെടുത്ത് ചില ആളുകൾക്ക് വിതരണം ചെയ്യാനാണ് കോൺഗ്രസ് ഗൂഢാലോചനയെന്ന ആരോപണവും അദ്ദേഹം ആവർത്തിച്ചു. മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷനിൽ പരാതി നൽകിയിട്ടും അനക്കമുണ്ടായിട്ടില്ല. മോദിക്കെതിരെ നിയമനടപടിയെടുക്കുമെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.