മുസ്‌ലിങ്ങള്‍ക്കെതിരായ വിദ്വേഷം രാജ്യത്ത് സാധാരണമായെന്ന് ഉമർ അബ്ദുല്ല
text_fieldsമുസ്‌ലിങ്ങള്‍ക്കെതിരായ വിദ്വേഷം രാജ്യത്ത് സാധാരണമായെന്നും അത് മുഖ്യധാരയായെന്നും കാശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്ദുല്ല. കർണാടകയിലെ സർക്കാർ കോളജിലേക്ക് ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാർഥിനിയെ ഒരു സംഘമാളുകൾ ജയ്ശ്രീരാം വിളിയുമായി നേരിടുന്ന ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു ഉമർ അബ്ദുല്ലയുടെ ട്വീറ്റ്.
ഒറ്റക്ക് വരുന്നൊരു യുവതിയെ കൂട്ടമായി നേരിടുേമ്പാൾ എന്ത് കരുത്തായിരിക്കും അവർക്ക് സ്വയം തോന്നിയിട്ടുണ്ടാകുക എന്ന് അദ്ദേഹം പരിഹസിച്ചു. വൈവിധ്യം ആഘോഷിക്കപ്പെടാത്ത രാജ്യമായി ഇന്ത്യ മാറിയെന്നും അദ്ദേഹം പറഞ്ഞു. ഹിജാബ് (ശിരോവസ്ത്രം) ധരിച്ചെത്തുന്നവരെ കർണാടകയിലെ കോളജുകളിൽ നിന്ന് പുറത്തു നിർത്തുന്നതുമായി ബന്ധപ്പെട്ട വിവാദവും അതിനെതിരായ പ്രതിഷേധവും അന്താരാഷ്ട്ര തലത്തിൽ തന്നെ ചർച്ചയായ സാഹചര്യത്തിലാണ് ഉമർ അബ്ദുല്ലയുടെ ട്വീറ്റ്.
'വൈവിധ്യം ആഘോഷിക്കപ്പെടാത്ത രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. വൈവിധ്യങ്ങളുടെ പേരിൽ ജനങ്ങളെ ശിക്ഷിക്കുകയും അകറ്റി നിർത്തുകയുമാണ്' - ഉമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തു.
കർണാടകയിലെ ഉഡുപ്പി, ശിവമോഗ, ബഗാല്‍കോട്ട എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനത്തെ തുടർന്ന് പ്രതിഷേധം നടക്കുകയാണ്. ഹിജാബ് നിരോധനത്തിനെതിരെ ഉഡുപ്പിയിലെ ഗവണ്‍മെന്റ് കോളേജില്‍ പഠിക്കുന്ന വിദ്യാഥിനികള്‍ നല്‍കിയ ഹരജികള്‍ കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ജനുവരിയിലാണ് ഹിജാബ് വിവാദം ആരംഭിച്ചത്. ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളോട് ക്ലാസിൽ ഇരിക്കേണ്ടെന്ന് അധികൃതർ കൽപിക്കുകയായിരുന്നു. ശിരോവസ്ത്രം ധരിക്കുന്ന വിദ്യാർഥിനികൾക്ക് ഇപ്പോഴും കോളജുകളിൽ പ്രവേശിക്കാൻ അനുമതി നൽകിയിട്ടില്ല. ഇതിനെതിരെ വിദ്യാർഥിനികളുടെ സമരം തുടരുകയാണ്. സമരം ചെയ്യുന്ന വിദ്യാർഥിനികൾക്ക് തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണമാണ് ഇതിനെതിരെ കർണാടക സർക്കാർ ഉന്നയിക്കുന്നത്. വിദ്യാർഥിനികളുടെ ഫോൺ കോൾ വിശദാംശങ്ങളും സംഘടനാ ബന്ധങ്ങളും അന്വേഷിക്കാൻ പൊലീസിന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഇൗ ഭീഷണികൾക്കൊന്നും വഴങ്ങാതെയാണ് വിദ്യാർഥിനികൾ സമരവും നിയമനടപടികളും തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.