ഹിമാചൽ സർക്കാർ രൂപീകരണത്തിൽ തനിക്കൊന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി സുഖ്‍വിന്ദർ സിങ് സുഖു
text_fieldsന്യൂഡൽഹി: ഹമാചൽ കോൺഗ്രസിൽ കലഹമുണ്ടെന്നത് ബി.ജെ.പിയുടെ ആരോപണം മാത്രമാണെന്ന് മുഖ്യമന്ത്രി സുഖ്‍വിന്ദർ സിങ് സുഖു. ലോബിയിങ് ഉണ്ടാകും, പക്ഷേ, കലഹമില്ല. അത് ബി.ജെ.പിയുടെ വിവരണമാണ് -സുഖു എൻ.ഡി.ടി.വിയോട് പറഞ്ഞു.
ഹിമാചലിൽ സർക്കാറുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് തനിക്ക് ഒന്നും ചെയ്യാനില്ല. ഹിമാചൽ പ്രദേശ് കോൺഗ്രസ് ഇൻചാർജ് രാജീവ് ശുക്ലക്കുള്ള വെല്ലുവിളിയാണ് സർക്കാർ രൂപീകരണം. അദ്ദേഹമാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നത്- സുഖ്‍വിന്ദർ സിങ് സുഖു കൂട്ടിച്ചേർത്തു.
സാധാരണ നിലയിൽ നിന്ന് ഉയർന്നു വന്നയാളാണ് സുഖു. ആറ് തവണ മുഖ്യമന്ത്രിയായിരുന്ന വീർ ഭദ്ര സിങ്ങിന്റെ ഭാര്യയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷയുമായ പ്രതിഭാ സിങ്, വീർ ഭദ്രസിങ്ങിന്റെ ശിഷ്യത്വം അവകാശപ്പെട്ട മുകേഷ് അഗ്നിഹോത്രി തുടങ്ങിയവരെല്ലാം മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശ വാദമുന്നയിച്ച് രംഗത്തെത്തിയിരുന്നു. അതിനിടെയാണ് സുഖുവിനെ മുഖ്യമന്ത്രിയായി അവരോധിച്ചത്.
പ്രതിഭക്കും മകനും സർക്കാറിൽ താക്കോൽ സ്ഥാനങ്ങൾ നൽകിയും അഗ്നിഹോത്രിയെ ഉപമുഖ്യമന്ത്രിയാക്കിയും പാർട്ടി ഈ പ്രശ്നം പരിഹരിക്കുമെന്നാണ് കരുതുന്നത്. സംസ്ഥാനത്തെ ഭൂരിഭാഗം എം.എൽ.എമാരുടെയും പിന്തുണ സുഖുവിനാണ്.
'ഞാൻ വളരെ എളിയ പശ്ചാത്തലത്തിൽ നിന്ന് വന്നയാളാണ്. എന്നെപ്പോലെയാരാൾക്ക് സംസ്ഥാന മുഖ്യമന്ത്രിയാകാൻ കഴിഞ്ഞത് അഭിമാന നിമിഷമാണ്. ഒരു കോൺഗ്രസ് പ്രവർത്തകന് ഇത്തരമൊരു അവസരം ലഭിക്കുന്നതിൽ സന്തോഷമുണ്ട്. ഞാൻ കോൺഗ്രസിനും ഗാന്ധി കുടുംബത്തിനും നന്ദി പറയുന്നു -സുഖു കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ പാർട്ടിയുടെ മുഖമായി അറിയപ്പെടുന്ന വീർ ഭദ്ര സിങ്ങിന്റെ പാരമ്പര്യത്തെ കുറിച്ചുള്ള ചോദ്യത്തിന്, കോൺഗ്രസിന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോവുക തന്നെ ചെയ്യും. ഇത് വീർ ഭദ്ര സിങ്ങിന്റെ മാത്രം പാരമ്പര്യമല്ല, യശ്വന്ത് സിങ്, രാംലാൽ താക്കൂർ എന്നിവരുടെ പാമ്പര്യവും മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്. എല്ലാത്തിലും വലുത് പാർട്ടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.