മോദിക്കൊപ്പം ക്രിസ്മസ് വിരുന്ന് നൽകുന്നത് തെറ്റായ സന്ദേശം; വിമർശനവുമായി സാമൂഹിക സാംസ്കാരിക പ്രവർത്തകർ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്രൈസ്തവ മേലധ്യക്ഷന്മാരൊരുക്കിയ ക്രിസ്മസ് വിരുന്ന് വേട്ടയാടപ്പെടുന്ന ക്രൈസ്തവർക്കെതിരായ അവഹേളനമെന്ന് വിമർശനം. രാജ്യത്ത് ക്രൈസ്തവർക്കെതിരെ അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ നിഷ്ക്രിയനായി തുടരുന്നതിന് വിമർശനമേറ്റുവാങ്ങിയ പ്രധാനമന്ത്രിക്കൊപ്പമുള്ള ക്രിസ്മസ് ആഘോഷം തെറ്റായ സന്ദേശം നൽകുന്നതാണെന്നും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ക്രൈസ്തവർക്കെതിരായ അതിക്രമങ്ങളിൽ ആശങ്കാജനകമായ വർധനവിന് പ്രധാന കാരണം ഹിന്ദുത്വ ദേശീയതയുടെ പുനരുജ്ജീവനമാണ്. ബജ്റംഗ് ദൾ, വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) തുടങ്ങിയ മത, ദേശീയവാദ ഗ്രൂപ്പുകൾ പല സംസ്ഥാനങ്ങളിലും ക്രിസ്ത്യാനികൾക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്നു. 2022ൽ രാജ്യത്തുടനീളം ക്രിസ്ത്യാനികൾക്കെതിരെ 300ലധികം ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. മോദി സർക്കാർ അധികാരമേറ്റ 2014ൽ 127 സംഭവങ്ങളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തത്. എന്നാൽ, 2024 ജനുവരി മുതൽ 2024 നവംബർ വരെ വിശ്വാസത്തിന്റെ പേരിൽ ക്രിസ്ത്യാനികൾ ആക്രമിക്കപ്പെട്ട 745 സംഭവങ്ങൾ രാജ്യത്ത് രേഖപ്പെടുത്തി. ക്രിസ്ത്യാനികളുടെയും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടത്ര നടപടിയെടുക്കാത്തതിന് ഇന്ത്യൻ സർക്കാർ അന്താരാഷ്ട്ര തലത്തിൽ വിമർശിക്കപ്പെടുകയാണ്. ഈ സാഹചര്യത്തിൽ മോദിക്കൊപ്പമുള്ള ക്രിസ്മസ് ആഘോഷം സർക്കാറിന്റെ നിഷ്ക്രിയതയെ ന്യായീകരിക്കുന്നതാണെന്നും പ്രസ്താവനയിൽ പറയുന്നു.
തുഷാർ ഗാന്ധി, ആനി രാജ, ഫാ. സെഡ്രിക് പ്രകാശ്, ജോൺ ദയാൽ, പ്രകാശ് ലൂയിസ്, പമേല ഫിലിപ്പോസ്, ബ്രിനെല്ലെ ഡിസൂസ, അലോഷ്യസ് ഇരുദയം, ഷബ്നം ഹാഷ്മി, ലിസ പിരേസ്, മിനാക്ഷി സിങ്, ആഭാ ഭയ്യ, വിനോദ് പാണ്ഡേ എന്നിവരടക്കം 200 പേരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.