സൗജന്യങ്ങളോട് യുദ്ധംചെയ്ത ബി.ജെ.പിക്ക് ഇപ്പോൾ സൗജന്യങ്ങളുടെ യുദ്ധം ജയിക്കണം
text_fieldsഭരണംപിടിക്കാനായി പ്രഖ്യാപിക്കുന്ന സൗജന്യങ്ങൾ അപകടകരമാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് നൽകിയ മുന്നറിയിപ്പ്. സൗജന്യങ്ങൾ രാജ്യത്തുനിന്ന് നിർമാർജനം ചെയ്യേണ്ട തിന്മയാണെന്ന നിലക്ക് മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ബി.ജെ.പി അതിശക്തമായ പ്രചാരണമഴിച്ചുവിട്ടു. ‘സൗജന്യങ്ങൾ’ എന്ന പ്രതിപക്ഷ ദുശ്ശീലം നിരോധിക്കാൻ ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷൻ തൊട്ട് സുപ്രീംകോടതി വരെയുള്ള വാതിലുകൾ മുട്ടി.
പ്രഖ്യാപിക്കുന്ന സൗജന്യങ്ങൾക്ക് കാശ് എവിടെ നിന്നു കിട്ടുമെന്നുകൂടി പ്രകടനപത്രികക്കൊപ്പം വോട്ടർമാരെ തെര്യപ്പെടുത്തണമെന്ന് ബി.ജെ.പിയുടെ പരാതിയിൽ കമീഷൻ തീരുമാനവുമെടുത്തു. തങ്ങളുടെതന്നെ ഹരജിയിൽ 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് സൗജന്യങ്ങൾ നിരോധിക്കുമോ എന്ന് ഉറ്റുനോക്കുകയായിരുന്നു ബി.ജെ.പി.
എന്നാൽ, ഇതെല്ലാം അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പുള്ള കഥ. നിർമാർജനം ചെയ്യാൻ പറഞ്ഞ പ്രധാനമന്ത്രിയുടെ ചിത്രംവെച്ച് ബി.ജെ.പി പ്രഖ്യാപിച്ച സൗജന്യങ്ങളുടെ ബഹുവർണ ബിൽ ബോർഡുകളാണ് നമ്മെ ഇപ്പോൾ ഭോപാലിലേക്ക് വരവേൽക്കുന്നത്.
മധ്യപ്രദേശിൽ കാര്യങ്ങൾ കൈവിട്ടതോടെ സൗജന്യങ്ങളുടെ യുദ്ധം ജയിക്കാൻ അരയും തലയും മുറുക്കേണ്ട നിസ്സഹായാവസ്ഥയിലെത്തിയിരിക്കുന്നു ബി.ജെ.പി. മൂന്ന് കേന്ദ്രമന്ത്രിമാരടക്കം ഏഴ് എം.പിമാരെ നിയമസഭയിലേക്ക് മത്സരിക്കാനിറക്കിയിട്ടും ഭരണവിരുദ്ധവികാരം മറികടക്കാൻ കഴിയില്ലെന്ന യാഥാർഥ്യം തുറിച്ചുനോക്കുന്നതുകണ്ട് പറഞ്ഞതത്രയും വിഴുങ്ങേണ്ടിവന്നു.
കോൺഗ്രസ് 500 രൂപക്ക് സിലിണ്ടർ പ്രഖ്യാപിച്ചപ്പോൾ 450 രൂപക്ക് തങ്ങൾ തരാമെന്നാണിപ്പോൾ ബി.ജെ.പി പറയുന്നത്. കേന്ദ്രസർക്കാറിന്റെ ‘ഉജ്ജ്വല’, സംസ്ഥാന സർക്കാറിന്റെ ‘ലാഡ്ലി ബഹൻ’ പദ്ധതികളുടെ ഗുണഭോക്താക്കൾക്കാണ് 450 രൂപക്ക് സിലിണ്ടർ നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
ലാഡ്ലി ബഹൻ യോജനപ്രകാരം 1.31 കോടി വനിതകൾക്ക് കഴിഞ്ഞ മേയ് മുതൽ ബി.ജെ.പി സർക്കാർ നൽകുന്ന 1000 രൂപ 1500 രൂപയാക്കി തങ്ങൾ ഉയർത്തുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയതോടെ 1250 രൂപ വീതം തെരഞ്ഞെടുപ്പിന് മുമ്പ് നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഈ പദ്ധതിപ്രകാരം 21 വയസ്സിന് മുകളിലുള്ള മധ്യപ്രദേശിലെ എല്ലാ സ്ത്രീകളും ലാഡ്ലി ബഹൻ ആണ്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നോക്കാതെ വോട്ടെടുപ്പിന് പത്ത് ദിവസം പോലുമില്ലാത്ത സമയത്ത് അക്കൗണ്ടിലേക്കിടാൻ ചൊവ്വാഴ്ച ഉത്തരവിറക്കിയിരിക്കുകയാണ് മധ്യപ്രദേശ് മഹിളാ ബാലവികസന വകുപ്പ്.
രണ്ട് പതിറ്റാണ്ട് കാലത്തെ ബി.ജെ.പി ഭരണത്തിനൊടുവിൽ ഇക്കഴിഞ്ഞ മേയിൽ പ്രഖ്യാപിച്ച ഈ പദ്ധതി മാത്രമാണ് അതിശക്തമായ ഭരണവിരുദ്ധ വികാരത്തെ മറികടക്കാനുള്ള കച്ചിത്തുരുമ്പ്. തന്റെ 1.32 കോടി സഹോദരിമാരുടെ അക്കൗണ്ടിലേക്ക് 1250 രൂപ വീതമിടാൻ ഭാഗ്യം ലഭിച്ച സഹോദരനാണ് താനെന്ന് പറഞ്ഞാണ് ശിവരാജ് സിങ് ചൗഹാൻ ഇപ്പോൾ വോട്ടുപിടിക്കുന്നത്.
ഈ പദ്ധതിക്ക് എവിടെനിന്ന് പണം കണ്ടെത്തുമെന്ന് ചൗഹാന് പോലുമറിയില്ല. ബൈഗ, ഭാരിയ, സഹരിയ എന്നീ ഗോത്രവിഭാഗങ്ങളിലെ സ്ത്രീകളിലെയും പെൺകുട്ടികളിലെയും പോഷകാഹാരക്കുറവ് പരിഹരിക്കാനെന്ന നിലക്കായിരുന്നു 2022ൽ ഈ പദ്ധതി തുടങ്ങിയത്.
2.19 ലക്ഷം ഗുണഭോക്താക്കളുണ്ടായിരുന്ന പദ്ധതിക്ക് 21.98 കോടി രൂപ ഓരോ മാസവും മധ്യപ്രദേശ് സർക്കാർ ചെലവഴിച്ചുകൊണ്ടിരുന്നതാണ് സാമ്പത്തികബാധ്യത താങ്ങാനാവാതെ ശിവരാജ് സിങ് ചൗഹാൻ സർക്കാർ നിർത്തിവെച്ചത്. ഇതുകാരണം ആദിവാസി മേഖലകളിൽ സൃഷ്ടിച്ച ബി.ജെ.പി വിരുദ്ധ വികാരവും കൂടി മറികടക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.