അംഗൻവാടി ജീവനക്കാരെ സർക്കാർ സർവിസിൽ ഉൾപ്പെടുത്താൻ നയം രൂപീകരിക്കണമെന്ന് ഗുജറാത്ത് ഹൈകോടതി
text_fieldsഅഹമ്മദാബാദ്: സംസ്ഥാനത്തെ1.06 ലക്ഷവും രാജ്യത്തുടനീളമുള്ള 24 ലക്ഷത്തിലധികവും സ്ത്രീകൾക്ക് പ്രയോജനം ലഭിക്കുന്ന സുപ്രധാന വിധിയിയുമായി ഗുജറാത്ത് ഹൈകോടതി. അംഗൻവാടി ജീവനക്കാർക്കും ഹെൽപർമാർക്കും സർക്കാർ സർവിസിൽ ‘സ്ഥിരം ജീവനക്കാരായി’ നിയമിക്കപ്പെടാൻ അർഹതയുണ്ടെന്ന് ഹൈകോടതി ഉത്തരവിട്ടു. കേന്ദ്ര-സംസ്ഥാന സർക്കാറുകളിൽ സിവിൽ തസ്തികകൾ വഹിക്കുന്ന ഇവരെ സർക്കാർ സേവനങ്ങളിലേക്ക് നിയോഗിക്കുന്നതിനും കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഇന്‍റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്‌മെന്‍റ് സർവിസസിനു കീഴിൽ ജോലികൾ ക്രമപ്പെടുത്തുന്നതിനും സംയുക്തമായി നയം രൂപീകരിക്കാൻ ജസ്റ്റിസ് നിഖിൽ കരിയാൽ കേന്ദ്രത്തിനും സംസ്ഥാന സർക്കാറിനും നിർദേശം നൽകി.
1967ലെ ഗുജറാത്ത് സിവിൽ സർവിസസ് ചട്ടങ്ങൾക്കു കീഴിലാണ് സംസ്ഥാനത്തെ സർക്കാർ സർവിസിൽ ഇവരെ ഉൾപ്പെടുത്തുന്നത്. യഥാക്രമം ക്ലാസ് 3, ക്ലാസ് 4 തസ്തികകളിൽ ലഭ്യമായ ഏറ്റവും കുറഞ്ഞ ശമ്പള സ്കെയിലിൽ അംഗൻവാടി വർക്കറുടെയും ഹെൽപറുടെയും ശമ്പളം പരിഗണിക്കാനും ഹൈകോടതി ഉത്തരവിട്ടു. ഹോണറേറിയം എന്ന നിലയിൽ വർക്കർക്ക് 10,000 രൂപയും ഹെൽപർക്ക് 5,500 രൂപയുമാണ് നിലവിൽ നൽകി വരുന്നത്. ഇത് നാലു മണിക്കൂർ ജോലി ചെയ്യുന്ന ക്ലാസ് 4 ജീവനക്കാർക്ക് നൽകുന്നതിനേക്കാൾ വളരെ കുറവാണ്.
കഴിഞ്ഞയാഴ്‌ച ഹൈകോടതിയുടെ പോർട്ടലിൽ വിധി അപ്‌ലോഡ് ചെയ്‌ത തീയതി മുതൽ ആറ് മാസത്തിനുള്ളിൽ നയം രൂപീകരിക്കുന്നതിനുള്ള നടപടി പൂർത്തിയാക്കാൻ കേന്ദ്രത്തോടും സംസ്ഥാന സർക്കാറിനോടും കോടതി ഉത്തരവിട്ടു. ഇക്കാര്യത്തിൽ സർക്കാറുകൾ ഉചിതമായ തീരുമാനം എടുക്കുന്നതുവരെ ക്ലാസ് 3, 4 തസ്തികകളിലെ കുറഞ്ഞ ശമ്പള സ്കെയിലിൽ ഇവർക്ക് ശമ്പളത്തിന് അർഹതയുണ്ടെന്നും ഹൈകോടതി ഉത്തരവിൽ പറയുന്നു.
10 വർഷത്തിലേറെയായി ജോലി ചെയ്യുന്ന അംഗൻവാടി വർക്കേഴ്സും ഹെൽപർമാരും സേവനവും മിനിമം വേതനവും ക്രമപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 2015ൽ സമർപിച്ച നൂറുകണക്കിന് ഹരജികൾക്കുള്ള മറുപടിയിലാണ് ഹൈകോടതിയുടെ സുപ്രധാന നിർദേശങ്ങൾ. ഈ തസ്തികകളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ വിവേചനവും ചൂഷണവും അനുഭവിക്കുന്നതായി അവകാശപ്പെടുകയും ഐ.സി.ഡി.എസ് സ്കീമിനു കീഴിൽ ഹോണറേറിയത്തിൽ തങ്ങളെ നിയമിക്കുന്ന സംവിധാനം ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനമാണെന്ന് കോടതിയെ ബോധിപ്പിക്കുകയും ചെയ്തു.
പ്രവർത്തനങ്ങളുടെയും ചുമതലകളുടെയും ഉത്തരവാദിത്തങ്ങളുടെയും തോതും ഇവർക്ക് നൽകുന്ന ശമ്പളവുമായി താരതമ്യപ്പെടുത്തുമ്പോൾ വിവേചനം വളരെ വലുതാണെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി. പാരാമെഡിക്കൽ, കൗൺസിലർ, കോ ഓഡിനേറ്റർ, പബ്ലിക് റിലേഷൻസ് മാനേജർ, ഇവന്‍റ് മാനേജർ, ക്ലാർക്ക്, പ്രീ സ്കൂൾ എന്നീ നിലകളിൽ അംഗൻവാടി വർക്കർമാരുടെ സേവനം ആവശ്യമാണ് എന്ന വസ്തുത കണക്കിലെടുത്ത് ഈ സ്ത്രീകൾക്ക് വളരെ തുച്ഛമായ ശമ്പളം മാത്രമേ നൽകുന്നുള്ളൂവെന്നും ഹൈകോടതി വ്യക്തമാക്കി.
അധ്യാപനം കൂടാതെ മറ്റു പല ഉത്തരവാദിത്തങ്ങളുമുണ്ട്. രാവിലെ 9 നും 3.45 നും ഇടയിൽ അംഗൻവാടിയിൽ ഇവർ ഹാജറാകണം. ഐ.സി.ഡി.എസ് ഒരു പരിപാടി നടത്തുന്നതിൽ സർക്കാർ അഭിമാനിക്കുമ്പോൾ അതിനുവേണ്ടി പണിയെടുക്കുന്ന തൊഴിലാളികൾക്ക് വളരെ കുറച്ച് മാത്രമേ പ്രതിഫലം നൽകുന്നുള്ളൂ. ഗുജറാത്ത് സർക്കാറും അംഗൻവാടി ജീവനക്കാരും തമ്മിൽ യജമാനനും സേവകനുമായ ബന്ധമാണ് നിലനിൽക്കുന്നതെന്നും ഹൈകോടതി വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.