പൗരത്വ പ്രക്ഷോഭം: തടങ്കൽ സംബന്ധിച്ച് കേന്ദ്രത്തിനും ഡൽഹി സർക്കാറിനും ഹൈകോടതി നോട്ടീസ്
text_fieldsന്യൂഡൽഹി: പൗരത്വ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് അറസ്റ്റിലായ വിദ്യാർഥിനിയുടെ തടങ്കൽ സംബന്ധിച്ച് വിശദീകരണം തേടി ഡൽഹി ഹൈകോടതി കേന്ദ്രത്തിനും ഡൽഹി സർക്കാരിനും നോട്ടീസ് നൽകി. തടവിൽ കഴിയുന്ന ഗുൽഫിഷ ഫാത്തിമ(25) എന്ന എം.ബി.എ വിദ്യാർഥിനിക്ക് വേണ്ടി സഹോദരൻ ആഖിൽ ഹുസൈൻ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹരജിയിലാണ് ഹൈകോടതി ഉത്തരവ്.
പൗരത്വ ഭേദഗതി നിയമം (സിഎഎ), ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) എന്നിവക്കെതിരെ സമരം ചെയ്തതിന് ഏപ്രിൽ ഒമ്പതിനാണ് ഗുൽഫിഷ അറസ്റ്റിലായത്. യു.എ.പി.എ നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. കേസ് പരിഗണിച്ചിരുന്ന പ്രത്യേക കോടതി ലോക്ഡൗൺ കാരണം പ്രവർത്തിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് സഹോദരൻ ഹൈകോടതിെയ സമീപിച്ചത്. കേസിൽ വിശദമായ വാദം കേൾക്കാനായി ജസ്റ്റിസുമാരായ വിപിൻ സംഘി, രജനിഷ് ഭട്നഗർ എന്നിവരടങ്ങിയ ബെഞ്ച് മേയ് 29ലേക്ക് മാറ്റി.
ഫെബ്രുവരി 22ന് ജാഫ്രാബാദ് മെട്രോ സ്റ്റേഷന് സമീപം റോഡ് തടയാൻ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചുവെന്നാണ് ഗുൽഫിഷക്കും മറ്റുമെതിരെ ജാഫ്രാബാദ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ പറയുന്നത്. ഈ കേസിലാണ് ഇവരെ ആദ്യം അറസ്റ്റുചെയ്തത്. പിന്നീട്, ദേശവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് യു.എ.പി.എ ചുമത്തുകയായിരുന്നു.
ജാഫ്രാബാദിലെ പ്രാഥമിക എഫ്.ഐ.ആറിൽ സഹോദരിക്ക് ജാമ്യം ലഭിച്ചെങ്കിലും യു.എ.പി.എ പ്രകാരം കസ്റ്റഡിയിൽ തുടരുകയാണെന്ന് ആഖിൽ ഹുസൈൻ പറഞ്ഞു. എൻ.ഐ.എ നിയമപ്രകാരം രൂപീകരിച്ച പ്രത്യേക കോടതിക്ക് മാത്രമേ യു.എ.പി.എ കേസുകൾ വിചാരണ ചെയ്യാൻ കഴിയൂ. എന്നാൽ, മാർച്ച് 23ന് ലോക്ക്ഡൗൺ ആരംഭിച്ചതു മുതൽ ഈ കോടതികൾ പ്രവർത്തിക്കുന്നില്ലെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. നിയമപരമായ അധികാരമില്ലാതെയാണ് തുടർച്ചയായി തടങ്കലിൽ വയ്ക്കുന്നതെന്നും ഉടൻ തന്നെ മോചിപ്പിക്കണമെന്നും ഹൈകോടതിയോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.