ജനഗണമനക്കും വന്ദേമാതരത്തിനും തുല്യപദവി; കേന്ദ്രത്തിന് നോട്ടീസ് അയച്ച് ഹൈകോടതി
text_fieldsന്യൂഡൽഹി: ദേശീയഗാനമായ ജനഗണമനക്കും ദേശീയഗീതമായ വന്ദേമാതരത്തിനും തുല്യപദവി നൽകണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹരജിയിൽ കേന്ദ്ര സർക്കാറിന് ഡൽഹി ഹൈകോടതിയുടെ നോട്ടീസ്. മുതിർന്ന ബി.ജെ.പി നേതാവ് അശ്വനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹരജിയിലാണ് കോടതി നോട്ടീസ് അയച്ചത്. കേന്ദ്ര സർക്കാറിനോട് ആറാഴ്ചക്കകം മറുപടി നൽകാൻ ഹൈകോടതി ആവശ്യപ്പെട്ടു.
രാജ്യത്തിന്‍റെ സ്വാതന്ത്ര്യ സമരത്തിൽ വന്ദേമാതരം ചരിത്രപരമായ പങ്ക് വഹിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ ജനഗണമനക്ക് നൽകുന്ന അതേ ആദരം വന്ദേമാതരത്തിന് നൽകേണ്ടതാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. വന്ദേമാതരം പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ദേശീയ നയം രൂപീകരിക്കണം. ജനഗണമനയും വന്ദേമാതരവും പ്രവൃത്തി ദിവസങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആലപിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്നും ഹരജിയിൽ പറയുന്നുണ്ട്.
അതേസമയം, വാദം കേൾക്കുന്നതിന് മുമ്പെ ഹരജിയിലെ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയതിൽ ജസ്റ്റിസുമാരായ വിപിൻ സൻഖായ്, സച്ചിൻ ദത്ത എന്നിവരടങ്ങിയ ബെഞ്ച് അതൃപ്തി പ്രകടിപ്പിച്ചു. കേസ് പരിഗണിക്കുന്നത് നവംബർ ഒമ്പതിലേക്ക് മാറ്റി.
1895ൽ കൊൽക്കത്തയിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിലാണ് ബങ്കിംചന്ദ്ര ചാറ്റർജി ബംഗാൾ ഭാഷയിൽ രചിച്ച വന്ദേമാതരം രവീന്ദ്രനാഥ ടാഗോർ ആദ്യമായി ആലപിക്കുന്നത്. 1950 ജനുവരി 24നാണ് വന്ദേമാതരത്തെ ദേശീയ ഗീതമായി കേന്ദ്ര സർക്കാർ അംഗീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.