24 മണിക്കൂറിനുള്ളിൽ സർക്കാർ റിപ്പോർട്ട് സമർപ്പിക്കണം: ബിർഭും തീവെപ്പിൽ കൊൽക്കത്ത ഹൈകോടതി
text_fieldsകൊൽക്കത്ത: ബിർഭും ജില്ലയിലെ രാംപുർഹട്ടിൽ എട്ടുപേരെ ചുട്ടരിച്ച് കൊന്ന സംഭവത്തിൽ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ പശ്ചിമ ബംഗാൾ സർക്കാറിന് കൊൽക്കത്ത ഹൈകോടതി നിർദേശം നൽകി. തീപിടിത്തമുണ്ടായ സ്ഥലത്ത് നിന്ന് സാമ്പിളുകൾ ശേഖരിക്കാൻ ഡൽഹിയിലെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്ന് ഒരു സംഘത്തെ അയക്കും. പ്രദേശത്ത് സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്നും കോടതി ഉത്തരവിട്ടു.
ഒരു തെളിവും നശിപ്പിക്കപ്പെടരുതെന്നും ഓരോ ഗ്രാമീണരുടെയും സാക്ഷികളുടെയും സുരക്ഷ ജില്ല കോടതിയും സംസ്ഥാന ഡി.ജി.പിയും ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. ശേഷിക്കുന്ന പോസ്റ്റ്‌മോർട്ടത്തിന്‍റെ ദൃശ്യങ്ങൾ പകർത്തി ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു.
ആക്രമവുമായി ബന്ധപ്പെട്ട് ഹൈകോടതി സ്വമേധയ കേസെടുത്തിരുന്നു. ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, ജസ്റ്റിസ് രാജർഷി ഭരദ്വാജ് എന്നിവരടങ്ങിയ ബെഞ്ച് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കേസിൽ വാദം കേട്ടത്.
തൃണമൂൽ പ്രവർത്തകന്‍റെ കൊലപാതകത്തിനു പിന്നാലെ ചൊവ്വാഴ്ച പുലർച്ചെയാണ് ആക്രമം നടന്നത്. സംഭവത്തിൽ അഡീഷനൽ ഡയറക്ടർ ജനറൽ (സി.ഐ.ഡി) ഗ്യാൻവന്ത് സിങ്ങിന്റെ നേതൃത്വത്തിൽ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 22 പേരാണ് അറസ്റ്റിലായത്.
സംസ്ഥാനത്തെ ക്രമസമാധാനം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തിയിരുന്നു. 72 മണിക്കൂറിനുള്ളിൽ ആക്രമത്തിന്‍റെ വിശദ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.