ആർ.എസ്.എസിന്റെ നിക്കറിടാൻ തുടങ്ങിയതോടെ കോൺഗ്രസിനെ കുറ്റം പറയാതെ പറ്റില്ലെന്നായി; കുമാരസ്വാമിക്ക് നേരെ പരിഹാസവുമായി കോൺഗ്രസ്
text_fieldsബംഗളൂരു: ആർ.എസ്.എസിന്റെ നിക്കറിടാൻ തുടങ്ങിയതോടെ കുമാരസ്വാമിക്ക് കോൺഗ്രസിനെ കുറ്റം പറയാതെ മുന്നോട്ടുപോകാനാകില്ലെന്ന സ്ഥിതിയായെന്ന് പരിഹസിച്ച് കോൺഗ്രസ് നേതാവ് സയ്യിദ് നസീർ ഹുസൈൻ. കഴിഞ്ഞ ദിവസം കർണാടകയിൽ കോൺഗ്രസ് മുന്നോട്ടുവെച്ച വാഗ്ധാനങ്ങളെല്ലാം പരാജയപ്പെട്ടെന്ന പരാമർശവുമായി മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സയ്യിദ് ഹുസൈന്റെ പരാമർശം.
ബി.ജെ.പിയുമായി സഖ്യത്തിലെത്തിയതിന് ശേഷം കുമാരസ്വാമി ആർ.എസ്.എസിൻെ നിക്കർ ധരിച്ച് തുടങ്ങിയെന്നും കോൺഗ്രസിനെ കുറ്റം പറഞ്ഞേ പറ്റൂവെന്നായെന്നുമായിരുന്നു സയ്യിദ് നസീർ ഹുസൈന്റെ പരാമർശം. ജെ.ഡി.എസിനെ കർണാടകയിൽ ജയിക്കാനായില്ല. പാർട്ടിയുടെ ആശക്കുഴപ്പമുണ്ടാക്കുന്ന പ്രസ്താവനകൾ ഉള്ളിടത്തോളം തെലങ്കാനയിലെ വിജയം വിദൂരമായിരിക്കുമെന്നും സയ്യിദ് ഹുസൈൻ പറഞ്ഞു.
കോൺഗ്രസ് മുന്നോട്ടുവെച്ച അഞ്ച് ഉറപ്പുകളും പാർട്ടി സംസ്ഥാനത്ത് നടപ്പിലാക്കി. പുതിയ പദ്ധതികൾ പ്രാവർത്തികമാക്കുമ്പോൾ നേരിടേണ്ടി വരുന്ന സാധാരണ വെല്ലുവിളികൾ മാത്രമാണ് നിലനിൽക്കുന്നത്. വിഷയത്തിൽ ആഴത്തിലുള്ള പഠനം നടത്തിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമ്പത്തിക സ്ഥിതിയെ കുറിച്ച് വ്യക്തമായി പഠിച്ച ശേഷമാണ് കോൺഗ്രസ് കർണാടകയിൽ പുതിയ പദ്ധതികൾ ആവിഷ്കരിച്ചത്. സംസ്ഥാനത്തിൻ്റെ ഭാവിയോർത്ത് കുമാരസ്വാമി ആകുലനാകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യരെ ജാതിയുടെ പേരിൽ വേർതിരിക്കുകയാണ് ബി.ജെ.പിയുടെയും മോദിയുടെയും ലക്ഷ്യം. കോൺഗ്രസ് ആരും തമ്മിൽ ഭിന്നിപ്പുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. തെലങ്കാനയിൽ കോൺഗ്രസ് ജയിക്കുമെന്ന് ബി.ജെ.പിക്കും ജെ.ഡി.എസിനും തോന്നി തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് ഇരു കൂട്ടരും കോൺഗ്രസ് നേതാക്കൾക്കെതിരെ ശാരീരിക അക്രമണമുൾപ്പെടെ നടത്തുന്നതെന്നും സയ്യിദ് ഹുസൈൻ ആരോപിച്ചു.
നവംബർ 30നാണ് തെലങ്കാനയിൽ തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ മൂന്നിന് വോട്ടെണ്ണും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.