കർണാടക: ജി. പരമേശ്വര ഉപമുഖ്യമന്ത്രിയായേക്കും; ഡി.കെ. ശിവകുമാറിന് സുപ്രധാനവകുപ്പ്
text_fieldsബംഗളൂരു: രണ്ടുദിവസം മാത്രം ആയുസ്സുള്ള ബി.ജെ.പി സർക്കാറിനെ മുട്ടുകുത്തിച്ച കോൺഗ്രസ്-ജെ.ഡി.എസ് സഖ്യം സർക്കാർ രൂപവത്കരണ ചർച്ച സജീവമാക്കി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ കോൺഗ്രസിലെയും ജെ.ഡി.എസിലെയും മുതിർന്ന എം.എൽ.എമാർ അംഗങ്ങളാകും. കുമാരസ്വാമി മുഖ്യമന്ത്രിയാകുമ്പോൾ കോൺഗ്രസിെൻറ മുതിർന്ന ദലിത് നേതാവിനെ ഉപമുഖ്യമന്ത്രിയാക്കാനാണ് നീക്കം. സംസ്ഥാന അധ്യക്ഷൻ ജി. പരമേശ്വരക്കാണ് സാധ്യത.
മുഖ്യമന്ത്രി പദവിക്കൊപ്പം ധനകാര്യവും ഇൻറലിജൻസും കുമാരസ്വാമി കൈകാര്യം ചെയ്യും. ആഭ്യന്തരവകുപ്പ് പരമേശ്വരക്കാകും. കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച രണ്ടുമണിക്ക് വിധാൻ സൗധയിൽ നടക്കും. നേരത്തെ കണ്ഠീരവ സ്റ്റേഡിയത്തിൽ നടക്കുമെന്നായിരുന്നു അറിയിച്ചത്. വാസ്തുശാസ്ത്ര വിശ്വാസിയായ കുമാരസ്വാമി വിധാൻ സൗധയിലെ പടികളിൽ നിന്നാകും സത്യപ്രതിജ്ഞ ചെയ്യുക.
സത്യപ്രതിജ്ഞക്കുശേഷം 24 മണിക്കൂറിനകം ഭൂരിപക്ഷം തെളിയിക്കുമെന്നും അഞ്ചുവർഷം മുഖ്യമന്ത്രിയായി തുടരുമെന്നും എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായും യു.പി.എ ചെയർപേഴ്സൺ സോണിയ ഗാന്ധിയുമായും ഡൽഹിയിൽ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. മന്ത്രിസഭ രൂപവത്കരണവും ചർച്ചയാകും. അഞ്ചുവർഷത്തിനിടെ മുഖ്യമന്ത്രി സ്ഥാനം വെച്ചുമാറുമോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം.
78 എം.എൽ.എമാരുള്ള കോൺഗ്രസ് 20 മന്ത്രി സ്ഥാനമാണ് ആവശ്യപ്പെട്ടത്. പൊതുമരാമത്ത്, ജലവിഭവം, റവന്യൂ തുടങ്ങിയ സുപ്രധാന വകുപ്പുകളിൽ ജെ.ഡി.എസ് ഉന്നംവെച്ചിട്ടുണ്ട്. വകുപ്പുകളും മന്ത്രിസ്ഥാനവും സംബന്ധിച്ച അനൗദ്യോഗിക ചർച്ച നടന്നു. ആർ.വി. ദേശ്പാണ്ഡെ, ഡി.കെ. ശിവകുമാർ, എച്ച്.കെ. പാട്ടീൽ, കെ.ആർ. രമേശ് കുമാർ, രാമലിംഗ റെഡ്ഡി, കെ.ജി. ജോർജ്, ശമന്നൂർ ശിവശങ്കരപ്പ, എം.ബി. പാട്ടീൽ, യു.ടി. ഖാദർ, എസ്.ആർ. പാട്ടീൽ തുടങ്ങിയവരാണ് കോൺഗ്രസിൽനിന്ന് മന്ത്രി സ്ഥാനം പ്രതീക്ഷിക്കുന്നവർ. കൂടാതെ, യുവാക്കളെയും പരിഗണിച്ചേക്കും. റിസോർട്ട് രാഷ്ട്രീയത്തിെൻറ സൂത്രധാരനായ കോൺഗ്രസിെൻറ ഡി.കെ. ശിവകുമാറിന് ആഭ്യന്തരമോ മറ്റേെതങ്കിലും സുപ്രധാന വകുപ്പോ നൽകും. മുൻ മുഖ്യമന്ത്രി സിദ്ധരാമയുടെ വകുപ്പിെൻറ കാര്യത്തിൽ അവ്യക്തത തുടരുകയാണ്.
ജെ.ഡി.എസിൽനിന്ന് എച്ച്.ഡി. രേവണ്ണ, ബസവരാജ്, ബന്ദേപ്പ കാശപ്പനവർ, ജി.ടി. ദേവഗൗഡ, ശിവലിംഗ ഗൗഡ, എച്ച്.കെ. കുമാരസ്വാമി, എ.എച്ച്. വിശ്വനാഥ്, ബി.എം. ഫാറൂഖ്, സി.എസ്. പുട്ടരാജു തുടങ്ങിയവർ മന്ത്രിസഭയിലുണ്ടാകും. എച്ച്.ഡി. ദേവഗൗഡയുമായി ആലോചിച്ചശേഷമാകും അന്തിമപട്ടിക തയാറാക്കുക. അതേസമയം, തെരഞ്ഞെടുപ്പിന് മുമ്പ് ജെ.ഡി.എസ് വിട്ട് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച എം.എൽ.എമാരുടെ കാര്യം തുലാസിലാണ്. ഇവരിലെ സമീർ അഹമ്മദ് ഖാൻ ചാമരാജ് പേട്ടിൽ ജെ.ഡി.എസ് സ്ഥാനാർഥിയോടാണ് വിജയിച്ചത്.
സമീറിന് സഖ്യസർക്കാറിൽ മന്ത്രിസ്ഥാനം കിട്ടാനിടയില്ല. ശമന്നൂർ ശിവശങ്കരപ്പയെ ഉപമുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് അഖില ഭാരത വീരശൈവ മഹാസഭ കുമാരസ്വാമിക്ക് കത്തയച്ചു. ലിംഗായത്ത് വീരശൈവ നേതാവായ ശമന്നൂർ മുൻമന്ത്രിയായിരുന്നു. കോൺഗ്രസിെൻറത് നിരുപാധിക പിന്തുണയായതിനാൽ അഞ്ചുവർഷവും കുമാരസ്വാമി മുഖ്യമന്ത്രി സ്ഥാനത്ത് തുടരും. ബുധനാഴ്ച കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ മാത്രമാകും നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.