ആരെ പിന്തുണക്കണമെന്ന് തീരുമാനിച്ചു; കോൺഗ്രസും ബി.ജെ.പിയും സമീപിച്ചെന്നും ജെ.ഡി.എസ് നേതാവ്
text_fieldsബംഗളുരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ശനിയാഴ്ച നടക്കാനിരിക്കെ, ഭരണകക്ഷിയായ ബി.ജെ.പിയും കോൺഗ്രസും ഏറെ കരുതലോടെയാണ് നീങ്ങുന്നത്. എക്സിറ്റ് പോൾ ഫലങ്ങൾ തൂക്കുസഭ പ്രവചിക്കുമ്പോൾ ജെ.ഡി.എസ് കിങ് മേക്കറാകുമെന്നും പറയുന്നു.
ഭരണത്തിലെത്തുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ബി.ജെ.പിയും കോൺഗ്രസും. ഇതിനിടെയാണ് കോൺഗ്രസും ബി.ജെ.പിയും പിന്തുണ തേടി സമീപിച്ചെന്ന നിർണായക വെളിപ്പെടുത്തലുമായി ജെ.ഡി.എസ് വക്താവ് തൻവീർ അഹമ്മദ് രംഗത്തെത്തിയത്. ആരെ പിന്തുണക്കണം എന്ന് തീരുമാനിച്ചിട്ടുണ്ട്. കൃത്യം സമയം വരുമ്പോൾ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് തൻവീർ അഹമ്മദിന്റെ വെളിപ്പെടുത്തൽ.
വോട്ടെടുപ്പിനു പിന്നാലെ ജെ.ഡി.എസ് നേതാവ് കുമാരസ്വാമി സിംഗപ്പൂരിലേക്ക് പോയി. വോട്ടെണ്ണൽ ദിവസം പുലർച്ചെ മാത്രമേ അദ്ദേഹം തിരികെയെത്തു. സഖ്യത്തിന്റെ പ്രശ്‌നമില്ലെന്നും പാർട്ടി ജെ.ഡി.എസ് നേതൃത്വത്തെ ബന്ധപ്പെട്ടിട്ടില്ലെന്നും മുതിർന്ന ബി.ജെ.പി നേതാവ് ശോഭ കരന്തലാജെ പറഞ്ഞു. ‘120 സീറ്റ് ലഭിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പാണ്. താഴെക്കിടയിലുള്ള പാർട്ടി പ്രവർത്തകർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ നമ്പറിലെത്തിയത്’ -അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.