അമ്മയെ കൊലപ്പെടുത്തി അവയവങ്ങൾ പാകം ചെയ്ത് കഴിച്ചു; മകന്റെ വധശിക്ഷ സ്റ്റേ ചെയ്ത് സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: അമ്മയെ കൊലപ്പെടുത്തി അവയവങ്ങള്‍ പാകംചെയ്ത് കഴിച്ച മകന് വധശിക്ഷ വിധിച്ച ഹൈകോടതി വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി. മഹാരാഷ്ട്ര സ്വദേശി സുനില്‍ കുച്‌കോരാവിയുടെ ശിക്ഷയാണ് സുപ്രീംകോടതി സ്‌റ്റേ ചെയ്തത്. കേസില്‍ മഹാരാഷ്ട്ര സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, പങ്കജ് മിത്തല്‍, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.
2017 ഓഗസ്റ്റിലായിരുന്നു സംഭവം. പ്രതിയായ സുനിൽ കുച്കോരാവി അമ്മയെ ക്രൂരമായി കൊലപ്പെടുത്തി അവയവങ്ങൾ ഭക്ഷിക്കുകയായിരുന്നു. സമീപവാസിയായ കുട്ടിയാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന അമ്മയെയും സുനിലിനെയും ആദ്യം കണ്ടത്. തുടര്‍ന്ന് സമീപവാസികള്‍ വിവരം പൊലീസിനെ അറിയിക്കുകായയിരുന്നു.
കടുത്ത മദ്യപനായിരുന്ന സുനില്‍ കുച്‌കോരാവിയുടെ പീഡനം സഹിക്കവയ്യാതെ ഭാര്യ നാല് കുട്ടികളോടൊപ്പം വീടുവിട്ടു പോയിരുന്നു. തുടര്‍ന്ന് അമ്മയ്‌ക്കൊപ്പമായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. അമ്മയ്ക്ക് 4000 രൂപ പെന്‍ഷന്‍ ലഭിച്ചിരുന്നു. മദ്യപിക്കാൻവേണ്ടി പണത്തിനായി ഇയാള്‍ അമ്മയുമായി നിരന്തരം വഴക്കിട്ടിരുന്നുവെന്ന് പൊലീസ് പറയുന്നു.
കേസില്‍ 2021 ജൂലൈയില്‍ കോലാപൂര്‍ സെഷന്‍സ് കോടതി പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ചു. സമൂഹമനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു കോടതി പരമാവധി ശിക്ഷ വിധിച്ചത്. തുടർന്ന് ബോംബെ ഹൈകോടതി വധശിക്ഷ ശരിവെച്ചു. പൂച്ചയുടേയും പന്നിയുടേയും മാംസം കഴിക്കുന്നത് ശീലമാണെന്നായിരുന്നു അപ്പീലില്‍ പ്രതി ചൂണ്ടിക്കാട്ടിയിരുന്നത്. സ്വന്തം അമ്മയെ കൊലപ്പെടുത്തുകയും തലച്ചോര്‍, ഹൃദയം തുടങ്ങിയ ആന്തരികാവയവങ്ങൾ പാചകം ചെയ്ത് കഴിക്കുകയും ചെയ്ത സംഭവം അപൂര്‍വങ്ങളില്‍ അത്യപൂര്‍വമായ കേസാണെന്ന് വിലയിരുത്തിയാണ് ഹൈകോടതി അപ്പീല്‍ തള്ളിയത്.
നരഭോജി സ്വഭാവമുള്ള പ്രതി സുനില്‍ കുച്‌കോരാവിയുടെ വധശിക്ഷ ജീവപര്യന്തമായി ഇളവു നല്‍കുന്നത് സഹ തടവുകാര്‍ക്ക് മാത്രമല്ല ഭാവിയില്‍ സമൂഹത്തിനും ദോഷകരമാകുമെന്നും കോടതി നിരീക്ഷിച്ചിരുന്നു. മാത്രമല്ല കുറ്റകൃത്യത്തില്‍ ഇയാള്‍ ഒരു തരത്തിലുള്ള പശ്ചാത്താപവും പ്രകടിപ്പിച്ചിട്ടില്ല. ഇയാളുടെ ശിക്ഷയിൽ ഇളവ് നൽകുന്നതിലൂടെ സമൂഹത്തിലെ മറ്റുള്ളവര്‍ക്ക് ഇത്തരം കുറ്റകൃത്യം ചെയ്യാന്‍ സ്വാതന്ത്ര്യം നല്‍കുന്നതിന് തുല്യമാണെന്നും ബോംബെ ഹൈകോടതി അഭിപ്രായപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.