‘കാഴ്ചയിൽ തീവ്രവാദിയെപ്പോലെ തോന്നി; ആക്രമിച്ച് കൊന്നു’
text_fieldsമുംബൈ: ‘കാഴ്ചയിൽ അയാളൊരു തീവ്രവാദിയെപ്പോലെ ഉണ്ടായിരുന്നു’ -കർണാടകയിൽ ആൾക്കൂട്ട ആക്രമണത്തിൽ െഎ.ടി എൻജിനീയർ കൊല്ലപ്പെട്ടതിെൻറ നിജഃസ്ഥിതി അന്വേഷിച്ച ‘റോയിട്ടർ’ സംഘത്തോട് ഒരു ഗ്രാമമുഖ്യൻ പറഞ്ഞതിങ്ങനെയായിരുന്നു. ആക്രമിക്കപ്പെടുേമ്പാൾ ഹൈദരാബാദ് സ്വദേശി മുഹമ്മദ് അസമിനൊപ്പം ഉണ്ടായിരുന്ന ഖത്തർ സ്വദേശിയെ കുറിച്ചായിരുന്നു മുർകിയിലെ ഗ്രാമമുഖ്യൻ വിജയ് ബിർദാറിെൻറ പരാമർശം. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ വന്നവരാണെന്ന് പറഞ്ഞ് എന്തിനാണ് സംഘത്തെ ആൾക്കൂട്ടം ആക്രമിച്ചതെന്ന് ചോദിച്ചപ്പോൾ നിസ്സംഗമായി അദ്ദേഹം മറുപടി നൽകി ‘അത് ജനങ്ങൾക്കു പറ്റിയ തെറ്റാണ്’. സംഭവത്തിൽ പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെ 30 പേരെ അറസ്റ്റ് ചെയ്തെങ്കിലും ഒരാൾക്കെതിരെയും കുറ്റം ചുമത്തിയിട്ടില്ലെന്നും ‘റോയിട്ടർ’ വെളിപ്പെടുത്തി.
ആൾക്കൂട്ട ആക്രമണത്തിൽനിന്ന് സംഘത്തെ രക്ഷപ്പെടുത്താൻ എത്തിയപ്പോൾ ഇഷ്ടികയും കല്ലും വടിയും മഴുവും ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പൊലീസ് ഇൻസ്പെകട്ർ വി.ബി. യാദവിെൻറ വാക്കുകളിൽ നിസ്സഹായത പ്രകടമായിരുന്നു -‘ഞങ്ങൾ ആൾക്കൂട്ടത്തെ തടയാൻ ശ്രമിച്ചു. പക്ഷേ, അവർ ആരെയും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല’. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് ആരോപിച്ച് ഇരുന്നൂറോളം പേർ മുഹമ്മദ് അസം ഉൾപ്പെടെ അഞ്ചുപേരെ ക്രൂരമായി മർദിക്കുന്നതറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയപ്പോൾ ആക്രമികളുടെ മർദനത്തിൽ പരിക്കേറ്റ എട്ട് പൊലീസുകാരിലൊരാളാണ് യാദവ്.
2017 ജനുവരി മുതൽ രാജ്യത്ത് നടന്ന 70ഒാളം ആൾക്കൂട്ട ആക്രമണ സംഭവങ്ങളിൽ 30 പേർക്ക് ജീവൻ നഷ്ടപ്പെെട്ടന്ന് ‘റോയിട്ടർ’ വ്യക്തമാക്കുന്നു. പ്രതിപക്ഷം മോദി സർക്കാറിനെ കുറ്റപ്പെടുത്തുേമ്പാൾ വാട്സ്ആപ്പിനെ കുറ്റപ്പെടുത്താനാണ് സർക്കാർ ശ്രമം. സർക്കാർ നിർദേശപ്രകാരം വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് വാട്സ്ആപ് നിയന്ത്രണം കൊണ്ടുവന്നെങ്കിലും അതുകൊണ്ടുമാത്രം ആൾക്കൂട്ട ആക്രമണം തടയാനാകില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. മതത്തിെൻറയും ജാതിയുടെയും പേരിൽ എളുപ്പത്തിൽ ആക്രമിക്കപ്പെടുന്ന സാഹചര്യമാണ് ഇന്ത്യയിലെന്ന് തെലങ്കാനയിലെ പൊലീസ് സൂപ്രണ്ട് രമ രാജേശ്വരി പറഞ്ഞു.
വാട്സ്ആപ്പ് കൂടിയാകുേമ്പാൾ സ്ഥിതിഗതികർ നിയന്ത്രണം വിടുകയാണെന്നും അവർ കൂട്ടിച്ചേർത്തു. കർണാടക സംഭവത്തിലും ആക്രമണത്തിന് തൊട്ടുമുമ്പ് മുഹമ്മദ് അസം ഉൾപ്പെടെ അഞ്ച് പേരുടെയും വിഡിയോ ചിത്രീകരിച്ച് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് ചിത്രീകരിച്ച് വാട്സ്ആപ്പിൽ പ്രചരിപ്പിച്ചിരുന്നു. സന്ദർശകരായ തങ്ങൾ ദരിദ്രരായ കുട്ടികൾക്ക് ചോക്ലറ്റ് സമ്മാനിക്കുകയാണ് ചെയ്തതെന്നും തങ്ങളുടെ നിരപരാധിത്വം എത്ര ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടും ആൾക്കൂട്ടം ഗൗനിച്ചില്ലെന്നും ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ട മുഹമ്മദ് അഫ്രോസ് ‘റോയിട്ടറി’നോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.