‘അമിത് ഷായുടെ മകൻ ക്രിക്കറ്റ് ബാറ്റ് കൈയിലെടുത്തിട്ടില്ല, പക്ഷേ.. ക്രിക്കറ്റിന്റെ ചുമതലക്കാരനാണിപ്പോൾ’ -കടന്നാക്രമിച്ച് രാഹുൽ ഗാന്ധി
text_fieldsഅനന്ത്നാഗ് (ജമ്മു കശ്മീർ): ആറോ ഏഴോ പേർ ചേർന്നാണ് രാജ്യത്തെ മുഴുവൻ കാര്യങ്ങളും നിയന്ത്രിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജീവിതത്തിൽ ഇതുവരെ ക്രിക്കറ്റ് ബാറ്റ് കൈകളിലേന്തിയ പരിചയം പോലുമില്ലാതിരുന്നിട്ടും ക്രിക്കറ്റ് കളിയുടെ മുഴുവൻ ചുമതലക്കാരനായി മാറിയത് ഇതുവഴിയാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി. അനന്ത്നാഗിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പ്രസംഗിക്കവേയാണ് അമിത് ഷായുടെ മകൻ ജെയ് ഷായുടെ യോഗ്യത രാഹുൽ ചോദ്യം ചെയ്തത്.
‘രാജ്യത്തെ എല്ലാ ബിസിനസും മൂന്നോ നാലോ പേർക്ക് നൽകുകയാണ്. അമിത് ഷായുടെ മകൻ ജീവിതത്തിൽ ഒരിക്കലും ക്രിക്കറ്റ് ബാറ്റ് പിടിച്ചിട്ടില്ല. എന്നാൽ, അയാളിപ്പോൾ ക്രിക്കറ്റിന്റെ മൊത്തം ചുമതലക്കാരനായി മാറിയിരിക്കുകയാണ്. ആറോ ഏഴോ പേരാണ് രാജ്യത്തിന്റെ മുഴുവൻ കാര്യങ്ങളും നിയന്ത്രിക്കുന്നത്. രാജ്യത്തെ ജനങ്ങൾ ഒന്നുംമിണ്ടാതെ എല്ലാം സഹിച്ചുകൊള്ളുമെന്നാണ് അവർ ചിന്തിക്കുന്നത്’ -നിറഞ്ഞ കൈയടികൾക്കിടെ രാഹുൽ പറഞ്ഞു.
അമിത് ഷായുടെ മകൻ ജെയ് ഷാ കഴിഞ്ഞ ആഴ്ചയാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി) ചെയർമാനായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ഗ്രെഗ് ബാർക്ലേക്കു പകരം ആ സ്ഥാനത്തെത്തിയ ജെയ് ഷാ ഡിസംബർ ഒന്നിന് ചുമതലയേൽക്കും. ഐ.സി.സി തലവനാകുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാകും ഈ ഗുജറാത്തുകാരൻ. മുമ്പ് ക്രിക്കറ്റുമായി ബന്ധമൊന്നുമില്ലാതിരുന്ന ജെയ് ഷാ ബി.ജെ.പി കേന്ദ്രത്തിൽ അധികാരത്തിലെത്തിയതോടെയാണ് പതിയെ കളിയുടെ അധികാരവഴികളിലേക്ക് ഗാർഡെടുത്തത്. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സിഐ) സെക്രട്ടറിയായി 2019ൽ തെരഞ്ഞെടുക്കപ്പെട്ട ശേഷം രാജ്യത്തിന്റെ ക്രിക്കറ്റ് ഭരിക്കുന്നത് അമിത് ഷായുടെ മകനും കൂട്ടാളികളുമാണ്.
ജഗ്മോഹൻ ദാൽമിയ, ശരദ് പവാർ, എൻ. ശ്രീനിവാസൻ, ശശാങ്ക് മനോഹർ എന്നിവർക്കുപിന്നാലെ ഐ.സി.സി തലവനാകുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ് ജെയ് ഷാ. ഐ.സി.സി ചെയർമാൻ പദവി ഏറ്റെടുക്കുന്നതോടെ ബി.സി.സി.ഐ സെക്രട്ടറി സ്ഥാനത്തുനിന്നും ജെയ് ഷാക്ക് പടിയിറങ്ങേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.