'മദ്യപിച്ച് ലക്കുകെട്ട് പാർലമെന്റിൽ വന്നിരുന്ന അദ്ദേഹം ഇപ്പോൾ ഒരു സംസ്ഥാനം ഭരിക്കുന്നു'; പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ മുൻ കേന്ദ്രമന്ത്രി
text_fieldsന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരെ രൂക്ഷ വിമർശനവുമായി ശിരോമണി അകാലിദൾ എം.പിയും മുൻ കേന്ദ്രമന്ത്രിയുമായ ഹർസിമ്രത് കൗർ ബാദൽ. എം.പിയായിരിക്കെ മൻ പാർലമെന്റിൽ എത്തിയിരുന്നത് മദ്യപിച്ച് ലക്കുകെട്ട സ്ഥിതിയിലായിരുന്നെന്നും അദ്ദേഹത്തിനടുത്തിരുന്ന എം.പിമാർ സീറ്റ് മാറുകയും പരാതി പറയുകയും ചെയ്തിരുന്നെന്നും കൗർ ലോക്സഭയിൽ ആരോപിച്ചു. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ രാജ്യത്തെ ലഹരി ഉപയോഗത്തെയും അത് തടയാൻ സർക്കാർ സ്വീകരിച്ച നടപടികളെയും കുറിച്ചുള്ള ശ്രദ്ധ ക്ഷണിക്കലിലാണ് എം.പിയുടെ പരാമർശം.
'കുറച്ചു കാലം മുമ്പുവരെ ഞങ്ങളുടെ സംസ്ഥാനത്തെ (പഞ്ചാബ്) മുഖ്യമന്ത്രി പാർലമെന്റിൽ വന്നിരുന്നു. മദ്യപിച്ച് ലക്കുകെട്ട് എത്തിയിരുന്ന അദ്ദേഹം ഇപ്പോൾ സംസ്ഥാനം ഭരിക്കുകയാണ്. പാർലമെന്റിൽ അന്ന് അടുത്ത് ഇരിന്നിരുന്ന എം.പിമാർ അദ്ദേഹത്തിനെതിരെ പരാതി പറയുകയും സീറ്റ് മാറുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ അവസ്ഥ ഇതാണെങ്കിൽ സംസ്ഥാനത്തിന്റെ അവസ്ഥ നിങ്ങൾക്ക് ആലോചിക്കാവുന്നതേയുള്ളൂ. മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന ബോർഡുകൾ നിങ്ങൾക്ക് റോഡിൽ കാണാം. എന്നാൽ, അവർ മദ്യപിച്ച് ഒരു സംസ്ഥാനം ഓടിക്കുകയാണ്', കൗർ പറഞ്ഞു.
മുഖ്യമന്ത്രി അമിത മദ്യപാനിയാണെന്ന ആരോപണവുമായി ശിരോമണി അകാലിദൾ നേരത്തെയും രംഗത്തുവന്നിരുന്നു. ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ അമിതമായി മദ്യപിച്ച മന്നിനെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടെന്നായിരുന്നു ആരോപണം. എന്നാൽ, ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും സാങ്കേതിക കാരണങ്ങളാൽ വിമാനം വൈകുക മാത്രമാണ് ഉണ്ടായതെന്നും അന്ന് ലുഫ്താൻസ എയർലൈൻസ് വിശദീകരിച്ചിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.