തന്നെ വളർത്തിയത് രണ്ട് ധീര വനിതകൾ -പ്രിയങ്ക ഗാന്ധി
text_fieldsബംഗളൂരു: തന്നെ വളർത്തിയത് ശക്തരും ധീരരുമായ രണ്ട് വനിതകളാണെന്നും മുത്തശ്ശി ഇന്ദിര ഗാന്ധിയും അമ്മ സോണിയ ഗാന്ധിയുമാണ് അവരെന്ന് പ്രിയങ്ക ഗാന്ധി. ബംഗളൂരുവിൽ മഹിള കോൺഗ്രസ് റാലിയിൽ സംസാരിക്കുകയായിരുന്നു അവർ. ഇന്ത്യൻ ശീലങ്ങൾ പഠിക്കാൻ സോണിയ ഗാന്ധി ഏറെ പ്രയാസപ്പെട്ടെന്നും അവർക്ക് രാഷ്ട്രീയം ഇഷ്ടമല്ലായിരുന്നെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.
ഇരുപത്തൊന്നാം വയസ്സിലാണ് രാജീവ് ഗാന്ധിയുമായി സോണിയ ഗാന്ധി പ്രണയത്തിലാവുന്നത്. അദ്ദേഹത്തെ വിവാഹം കഴിക്കാൻ ഒരു തടസ്സവും കൂടാതെ അവർ ഇറ്റലിയിൽനിന്ന് ഇന്ത്യയിലേക്ക് വന്നു. ഇവിടത്തെ ശീലങ്ങൾ മനസ്സിലാക്കാൻ ശരിക്കും പ്രയാസപ്പെട്ടു. എല്ലാം ഇന്ദിരാജിയിൽനിന്നാണ് അവർ ഉൾക്കൊണ്ടത്. നാൽപത്തിനാലാം വയസ്സിൽ അവർക്ക് ഭർത്താവിനെ നഷ്ടമായി.
രാഷ്ട്രീയം ഇഷ്ടമില്ലാതിരുന്നിട്ടും അവർ രാഷ്ട്രസേവനത്തിന്റെ വഴി തെരഞ്ഞെടുത്തു. ഈ എഴുപത്തിയാറാം വയസ്സുവരെ അത് നിർബാധം തുടർന്നു. ‘നിന്റെ ജീവിതത്തിൽ എന്തു സംഭവിച്ചു എന്നത് കാര്യമല്ല, എത്ര വലിയ ദുരന്തം നീ നേരിട്ടെന്നതും നിന്റെ അതിജീവനത്തിന്റെ ആഴമെത്രയെന്നതും വിഷയമല്ല. അത് വീട്ടിലാകട്ടെ, ജോലിസ്ഥലത്താകട്ടെ, പൊതുയിടത്തിലാകട്ടെ എഴുന്നേറ്റ് പൊരുതാനുള്ള ശേഷി നിനക്കുണ്ടായിരിക്കണം..’- ഇതാണ് ഇന്ദിര ഗാന്ധിയിൽനിന്ന് സോണിയ പഠിച്ച പ്രധാനപ്പെട്ട കാര്യമെന്നും പ്രിയങ്ക പറഞ്ഞു.
33 കാരനായ സഞ്ജയ് ഗാന്ധി മരിക്കുമ്പോൾ തനിക്ക് എട്ടുവയസ്സായിരുന്നു.സഞ്ജയ് ഗാന്ധിയുടെ മരണത്തിന് ശേഷമുള്ള ദിവസങ്ങളിൽതന്നെ ഇന്ദിര ഗാന്ധി ഓഫിസിൽ പോയി രാഷ്ട്രസേവനം ചെയ്തു. അത് അവരുടെ മനക്കരുത്തായിരുന്നു. പിന്നീട് മരണംവരെ അവർ രാഷ്ട്രസേവനം ചെയ്തു -പ്രിയങ്ക ഓർമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.