അദ്ദേഹം സ്വന്തം കടമ നിർവഹിക്കുക മാത്രമാണ് ചെയ്തത്; ലഖിംപൂർ ഖേരിയിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകന്‍റെ പിതാവ്
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ നടന്ന സംഘർഷത്തിൽ നാലു കർഷകരും പ്രദേശിക മാധ്യമപ്രവർത്തകനും ഉൾപ്പെടെ ഒമ്പതുപേരാണ് കൊല്ലപ്പെട്ടത്. പ്രദേശിക ചാനലിൽ ജോലിചെയ്യുന്ന 35കാരനായ രമൻ കശ്യപാണ് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ. കർഷകർക്കൊപ്പം രമനും കാറിനടിയിൽ അകപ്പെടുകയായിരുന്നുവെന്നാണ് വിവരം. എന്നാൽ രമന്‍റെ മരണത്തിൽ കുടുംബം രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.
അക്രമ സംഭവത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് രമന്‍റെ മൃതദേഹം കണ്ടുകിട്ടിയത്. സംഭവ സമയത്ത് മകനെ കാണാനില്ലായിരുന്നുവെന്നും പിതാവ് രാം ധുലരി എൻ.ഡി.ടി.വിയോട് പറഞ്ഞു.
'അദ്ദേഹം മാധ്യമപ്രവർത്തന ജോലിക്കായാണ് അവിടെയെത്തിയത്. വെളുപ്പിന് മൂന്നുമണിക്ക് അജ്ഞാത മൃതദേഹം സംബന്ധിച്ച വിവരം ലഭിച്ചു. ഞാൻ മോർച്ചറിയിലെത്തിയപ്പോൾ എന്‍റെ മകനെയാണ് കാണുന്നത്' -രാം പറയുന്നു. ഇരുവശത്തുനിന്നും വന്ന പ്രക്ഷോഭങ്ങൾക്കിടയിൽ മകൻ കുടുങ്ങിപോയതാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം രമൻ കാർ പാഞ്ഞുകയറിയതിനെ തുടർന്നല്ല മരിച്ചതെന്നും സംഘർഷത്തിനിടെയാണെന്നും സഹപ്രവർത്തകർ ആരോപിച്ചു. രമന് രണ്ടുമക്കളുണ്ടെന്നും ഇവർക്ക് 50ലക്ഷം രൂപ ധനസഹായം നൽകണമെന്നും ഭാര്യക്ക് സർക്കാർ ജോലി നൽകണമെന്നും രാം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.