കർഷകർ മരിച്ചത് തനിക്കുവേണ്ടിയാണോയെന്ന് ചോദിച്ചു, മോദി ധാർഷ്ട്യത്തോടെ പെരുമാറിയെന്നും മേഘാലയ ഗവർണർ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ച് മേഘാലയ ഗവർണർ സത്യപാൽ മാലിക്. മോദിയുമായി കർഷക പ്രശ്നം ചർച്ച ചെയ്യാൻ പോയപ്പോൾ 'വളരെ ധാർഷ്ട്യത്തോടെ' പെരുമാറിയെന്നും അഞ്ച് മിനിട്ടിനുള്ളിൽ തനിക്ക് പ്രധാനമന്ത്രിയുമായി സംസാരിച്ച് പിരിയേണ്ടി വന്നെന്നായിരുന്നു സത്യപാൽ മാലിക്കിന്റെ പ്രതികരണം. ഞായറാഴ്ച ഹരിയാനയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർഷക പ്രക്ഷോഭത്തിനിടെ 500ലധികം കർഷകർ മരിച്ചതായി താൻ ചൂണ്ടിക്കാണിച്ചപ്പോൾ, അവർ എനിക്ക് വേണ്ടിയാണോ മരിച്ചതെന്ന് പ്രധാനമന്ത്രി വളരെ ധാർഷ്ട്യത്തോടെ ചോദിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. 'പ്രധാനമന്ത്രി വളരെ ധാർഷ്ട്യത്തോടെ പെരുമാറി. കർഷക പ്രക്ഷോഭത്തിനിടെ 500ഓളം കർഷകർ മരിച്ചില്ലേ എന്നു ചോദിച്ചപ്പോൾ അവർ എനിക്ക് വേണ്ടിയാണോ മരിച്ചതെന്ന് അദ്ദേഹം ചോദിച്ച് പൊട്ടിത്തെറിച്ചു' -ഗവർണർ പറഞ്ഞു.
ഇതോടെ നിങ്ങൾ രാജാവായിരിക്കുന്നതുവരെ നിങ്ങൾ തന്നെ ആയിരിക്കും കാരണക്കാരനെന്ന് ഞാൻ അദ്ദേഹത്തിന് മറുപടി കൊടുത്തു. ഒരു നായ ചത്താൽ പോലും പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്താറുണ്ടെന്നും ഗവർണർ പറഞ്ഞു. തുടർന്ന് ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്താൻ മോദി നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് അമിത് ഷായുമായി സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു.
മോദിക്കെതിരെ ഗവർണർ നടത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടി കോൺഗ്രസ് രംഗത്തെത്തി. മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെ മോദിക്കെതിരെ ഗവർണർ നടത്തിയ പ്രസ്താവനയുടെ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചു. പ്രധാനമന്ത്രിയുടെ ക്രൂരത, വിവേകശൂന്യത തുടങ്ങിയ എല്ലാ സ്വഭാവ ഗുണങ്ങളും പരാമർശിക്കപ്പെടുന്നുണ്ടെന്നും ജനാധിപത്യത്തിൽ ഇത് ആശങ്കജനകമാണെന്നും കോൺഗ്രസിന്‍റെ ട്വീറ്റിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.