ശിരോവസ്ത്ര വിലക്ക്: ലോക്സഭയില്‍ ഇ.ടി ബഷീറും നഖ്വിയും നേര്‍ക്കുനേര്‍
text_fieldsന്യൂഡല്‍ഹി: ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടകനായ പരിപാടിയില്‍ കേരളത്തില്‍നിന്നത്തെിയ മഫ്തയിട്ട ജനപ്രതിനിധികളെ തടഞ്ഞ സംഭവം ലോക്സഭയില്‍ ചൂടേറിയ ചര്‍ച്ചയായി.
സംഭവത്തില്‍ പ്രധാനമന്ത്രി മാപ്പുപറയണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മുസ്ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടപ്പോള്‍ കെട്ടിച്ചമച്ച കഥയാണിതെന്നും ആരോപണത്തെ അപലപിക്കുന്നുവെന്നുമായിരുന്നു കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയുടെ പ്രതികരണം. ലോക വനിത ദിനത്തില്‍ ആദരവേറ്റുവാങ്ങാന്‍ കേരളത്തില്‍നിന്ന് പോയ മൂന്ന് വനിത പഞ്ചായത്ത് പ്രസിഡന്‍റുമാരോട് മഫ്ത അഴിക്കാന്‍ ആവശ്യപ്പെട്ട സംഭവം ചോദ്യോത്തര വേള നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് ബഷീര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഈ ആവശ്യം തള്ളിയ സ്പീക്കര്‍ സുമിത്ര മഹാജന്‍, ശൂന്യവേളയില്‍ വിഷയമുന്നയിക്കാന്‍ ബഷീറിനെ അനുവദിച്ചു. അന്താരാഷ്ട്ര വനിത ദിനം കരിദിനമായി മാറ്റുന്ന തരത്തിലുള്ള ഇടപെടലാണ് പ്രധാനമന്ത്രിയുടെ പരിപാടിയിലുണ്ടായതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പുപറയണമെന്നും ബഷീര്‍ ആവശ്യപ്പെട്ടു.
തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ്് ഫൗസിയ, ചെങ്കള ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഷാഹിന, വയനാട് മുപ്പൈനാട് പഞ്ചായത്ത് പ്രസിഡന്‍റ് ഷഹര്‍ബാന്‍ എന്നിവരെയാണ് മഫ്ത അഴിക്കാന്‍ പറഞ്ഞ് അപമാനിച്ചത്. വിശ്വാസത്തിന്‍െറ ഭാഗമായി ധരിച്ച വസ്ത്രമാണെന്ന് ഇവര്‍ പറഞ്ഞിട്ടും സുരക്ഷാ ഉദ്യോഗസ്ഥര്‍ കയറ്റിവിട്ടില്ല. മറ്റുള്ളവര്‍ക്കിടയില്‍ ഇരിക്കാതെ ഹാളിന്‍െറ പിന്‍ഭാഗത്ത് പോയിരിക്കണമെന്നായിരുന്നു കല്‍പന. സ്ത്രീകള്‍ക്ക് ലഭിക്കേണ്ട നീതിയെക്കുറിച്ചും മതസ്വാതന്ത്ര്യത്തെക്കുറിച്ചും ധാരാളം സംസാരിക്കുമ്പോള്‍ തന്നെയാണ് വനിതകളെ ആദരിക്കാനുള്ള പരിപാടിയില്‍ ഇത്തരമൊരു ദുരനുഭവമെന്നും ബഷീര്‍ പറഞ്ഞു.
ഇതിനിടയില്‍ എഴുന്നേറ്റുനിന്ന് പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ച മുഖ്താര്‍ അബ്ബാസ് നഖ്വി സംഭവിച്ചതിന് നേര്‍വിപരീതമായ കാര്യങ്ങളാണ് ബഷീര്‍ പറയുന്നതെന്നും സഭയെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും മറുപടി നല്‍കി. മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തതിന്‍െറ അടിസ്ഥാനത്തിലാണ് ബഷീറിന്‍െറ പ്രസ്താവന. അതിനെ അപലപിക്കുന്നു -നഖ്വി പറഞ്ഞു. തുടര്‍ന്ന് പാര്‍ലമെന്‍റിന് പുറത്ത് മാധ്യമ പ്രവര്‍ത്തകരെ കണ്ട ബഷീര്‍, പ്രധാനമന്ത്രി മാപ്പുപറയണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നുമുള്ള ആവശ്യം ആവര്‍ത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.