രാമക്ഷേത്രത്തിന് സംഭാവന നൽകാത്തതിന് പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്ത് സ്കൂൾ അധികൃതർ
text_fieldsന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിന് സംഭാവന നൽകാൻ വിസമ്മതിച്ച പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്ത് സ്കൂൾ അധികൃതർ. രാമക്ഷേത്രത്തിന് സംഭാവനയായി 70,000 രൂപ നൽകാൻ തയാറാകാത്തതിനെ തുടർന്നാണ് പ്രതികാര നടപടി.
അധ്യാപികയുടെ പരാതിയിൽ ഡൽഹി ഹൈക്കോടതി സ്കൂൾ അധികൃതർക്ക് നോട്ടീസ് അയച്ചു. അധ്യാപികയെ പുറത്താക്കിയതിന്‍റെയും അച്ചടക്ക നടപടി സ്വീകരിച്ചതിന്‍റെയും കാരണം ആരാഞ്ഞാണ് നോട്ടീസ്.
സ്കൂൾ അധികൃതർക്ക് പുറമെ ആർ.എസ്.എസിന്‍റെ ട്രസ്റ്റായ സമർഥ് ശിക്ഷ സമിതി, ഡൽഹി സർക്കാറിന്‍റെ വിദ്യാഭ്യാസ ഡയറക്ടറേറ്റ് എന്നിവക്കും ജസ്റ്റിസ് കാമേശ്വർ റാവു നോട്ടീസ് അയച്ചു.
ക്ഷേത്രത്തിന്‍റെ നിർമാണത്തിനായി ഈ വർഷം 70,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ സമാഹരിച്ച് സംഭാവനയായി നൽകണമെന്ന് ആർ.എസ്.എസിന്‍റെ സമിതി നടത്തുന്ന സ്കൂളുകൾക്ക് ഫെബ്രുവരിയിൽ നിർദേശം നൽകിയിരുന്നു. ഇതിന് അനുസരിച്ച് പൊതുജനങ്ങളിൽനിന്ന് സംഭാവന സ്വീകരിക്കാൻ വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും സ്കൂൾ ജീവനക്കാർ നിർദേശം നൽകിയിരുന്നു. ഇതിനുപുറമെ സംപർണ് നിധി ഫണ്ടിലേക്ക് അധ്യാപകരിൽനിന്ന് 15000 രൂപ പിരിക്കാനും സ്കൂൾ അധികൃതർ തീരുമാനിച്ചിരുന്നു.
എന്നാൽ, 15000 രൂപ നൽകാൻ പ്രധാനാധ്യാപികക്ക് കഴിഞ്ഞില്ല. 2016ൽ ഭർത്താവിന് ഒരു അപകടം സംഭവിച്ചതുമുതൽ കടുത്ത സാമ്പത്തിക പ്രശ്നങ്ങൾ അനുഭവിക്കുന്നയാളാണ് അധ്യാപിക.
'കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടയിലും അധ്യാപിക 15,000 രൂപക്ക് പകരം 2100 രൂപ സംഭാവനയായി നൽകി. അന്നുമുതൽ സമിതി പ്രതികാര ബുദ്ധിയോടെ അധ്യാപികയോട് പെരുമാറാനും മാനസികമായി പീഡിപ്പിക്കാനും ശ്രമിച്ചു. തുടർന്ന് അധ്യാപികയോട് സ്വയം രാജിവെക്കാനും അല്ലെങ്കിൽ പിരിച്ചുവിടുമെന്നും അറിയിച്ചു' -പരാതിയിൽ പറയുന്നു.
തനിക്കെതിരായ പ്രതികാര നടപടിയിൽ സ്കൂൾ അധികൃതർക്കെതിരെ അധ്യാപിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ പരാതി നൽകുകയായിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കത്തയക്കുകയും ചെയ്തു. തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് സ്കൂൾ അധികൃതർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ഇതോടെ അധ്യാപികയെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്യുകയും അന്വേഷണം ആരംഭിക്കുകയായിരുന്നു.
സസ്പെൻഷൻ ഉത്തരവ് പിൻവലിക്കണമെന്നും വീടിന് സമീപത്തെ സ്കൂളിലേക്ക് സ്ഥലം മാറ്റം ലഭ്യമാക്കണമെന്നുമാണ് അധ്യാപികയുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.