ശിരോവസ്ത്ര നിരോധനം: മതപരമായ വിഷയങ്ങളിലേക്ക് ഹൈകോടതി കടക്കരുതായിരുന്നു -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ശിരോവസ്ത്രം ധരിക്കൽ മതപരമായ അനിവാര്യതയാണോ എന്ന വിഷയത്തിലേക്ക് കർണാടക ഹൈകോടതി കടക്കരുതായിരുന്നുവെന്ന് സുപ്രീംകോടതി. കർണാടക സർക്കാറിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൊവ്വാഴ്ച വാദം അവതരിപ്പിക്കുന്നതിനിടെ, ജസ്റ്റിസ് സുധാൻഷു ധൂലിയയാണ് ഹൈകോടതിയെ വിമർശിച്ച് വാക്കാൽ പരാമർശം നടത്തിയത്.
ഒരുവശം മാത്രമാണ് ഹൈകോടതി ആശ്രയിച്ചത്. മറുവിഭാഗം മറ്റൊരു വ്യാഖ്യാനമാണ് നൽകുന്നത്. ഏതു വ്യാഖ്യാനമാണ് ശരിയെന്ന് ആരാണ് തീരുമാനിക്കുന്നത്? ഖുർആനിൽ എന്തു പറയുന്നുവോ അത് നിർബന്ധമാണെന്നും കോടതിക്ക് തീരുമാനിക്കാനാകില്ല എന്നുമാണ് ഹരജിക്കാർ പറയുന്നത്.
എന്നാൽ, ഹൈകോടതി ആ വിഷയത്തിലേക്ക് കടന്നെന്നും ജസ്റ്റിസ് ധൂലിയ വ്യക്തമാക്കി. യൂനിഫോമിന്‍റെ നിറത്തിൽ തൊപ്പി അനുവദിക്കാമെങ്കിൽ എന്തുകൊണ്ട് ശിരോവസ്ത്രം അനുവദിച്ചൂകൂടാ എന്നും ജസ്റ്റിസ് ധൂലിയ ചോദിച്ചു.
കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിരോവസ്ത്രം നിരോധിച്ചത് ശരിവെച്ച ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജികളിൽ ജസ്റ്റിസ് ഹേമന്ദ് ഗുപ്ത, സുധാൻഷു ധൂലിയ എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ചിനു മുമ്പാകെ ഹരജിക്കാരുടെ വാദം കേൾക്കൽ ചൊവ്വാഴ്ച ഉച്ചയോടെ പൂർത്തിയായി.
തുടർന്ന് കർണാടക സർക്കാറിന്‍റെ വാദം കേൾക്കൽ ആരംഭിച്ചു. ജി.ഐ.ഒ കേരള പ്രസിഡന്‍റ് അഡ്വ. തമന്ന സുൽത്താനക്കും കർണാടകയിൽ നിന്നുള്ള ഒരു പെൺകുട്ടിക്കുംവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയാണ് അവസാന രണ്ടുദിവസം വാദിച്ചത്.
വ്യക്തിപരമായ രീതിയിൽ മതസ്വാതന്ത്ര്യം ആസ്വദിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും ശിരോവസ്ത്രം മുസ്ലിം സ്ത്രീകളുടെ വ്യക്തിത്വത്തിന്‍റെ ഭാഗമാണെന്നും അദ്ദേഹം വാദിച്ചു. മുമ്പ് ലവ് ജിഹാദിനെ ചൊല്ലിയായിരുന്നു വിവാദം.
ഇപ്പോൾ ശിരോവസ്ത്രം ധരിക്കുന്നത് സംബന്ധിച്ചായി. ഇത് ന്യൂനപക്ഷ സമുദായങ്ങളെ പാര്‍ശ്വവത്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ദവെ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.