70 കഴിഞ്ഞവർക്കെല്ലാം ആരോഗ്യപരിരക്ഷ
text_fieldsന്യൂഡൽഹി: 70 വയസ്സിന് മുകളിലുള്ള രാജ്യത്തെ എല്ലാ പൗരന്മാരെയും കേന്ദ്ര സർക്കാറിന്റെ ‘ആയുഷ്മാൻ ഭാരത് പ്രധാൻമന്ത്രി ജൻ ആരോഗ്യയോജന’യുടെ പരിരക്ഷയിലേക്ക് കൊണ്ടുവന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഇതോടൊപ്പം ആരോഗ്യമേഖലയിൽ 12,850 കോടി രൂപയുടെ പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കമിട്ടു. ആയുർവേദ ദിനം കൂടിയായ ധന്വന്തരി ജയന്തി ദിനത്തിൽ ന്യൂഡൽഹിയിയിൽ നടന്ന ചടങ്ങിലാണ് ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ന്യൂഡൽഹിയിൽ ‘ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ’യുടെ രണ്ടാം ഘട്ട വികസന പദ്ധതിയും മോദി ഉദ്ഘാടനം ചെയ്തു.
സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങൾ പരിഗണിക്കാതെ 70 വയസ്സിന് മുകളിലുള്ള എല്ലാവർക്കും അഞ്ച് ലക്ഷം രൂപവരെ ചെലവ് വരുന്ന ചികിത്സ സൗജന്യം. നിലവിൽ പദ്ധതി ഗുണഭോക്താക്കളായവർക്ക് അഞ്ച് ലക്ഷം രൂപയുടെ അധിക പരിരക്ഷ. അംഗങ്ങൾക്ക് പ്രത്യേക കാർഡ്. നാലരക്കോടി കുടുംബങ്ങളിലെ ആറ് കോടിയോളം മുതിർന്ന പൗരന്മാർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
കേന്ദ്ര സർക്കാർ ആരോഗ്യ പദ്ധതി (സി.ജി.എച്ച്.എസ്), എക്സ് സർവിസ് മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ഇ.സി.എച്ച്.എസ്), ആയുഷ്മാൻ സി.എ.പി.എഫ് ഗുണഭോക്താക്കളായ 70 വയസ്സിന് മുകളിലുള്ളവർക്ക് ഒന്നുകിൽ അതിൽ തുടരുകയോ ‘ആയുഷ്മാൻ ഭാരത് പി.എം-ജെ’യിൽ ചേരുകയോ ചെയ്യാം. നിലവിൽ സ്വകാര്യ ഇൻഷുറൻസ് പദ്ധതികളുടെയോ ഇ.എസ്.ഐയുടെയോ കീഴിലുള്ളവർക്കും പുതിയ പദ്ധതിക്കായി അപേക്ഷിക്കാം.
പദ്ധതിക്ക് രജിസ്റ്റർ ചെയ്യാൻ ആകെ വേണ്ടത് ആധാർ കാർഡ് മാത്രം. ആയുഷ്മാൻ ആപിലും PMJAY വെബ് പോർട്ടലിലും രജിസ്റ്റർ ചെയ്യാം. നിലവിൽ ആയുഷ്മാൻ കാർഡുള്ളവർ വീണ്ടും ആപ്പിലോ പോർട്ടലിലോ രജിസ്റ്റർ ചെയ്ത് ‘ഇ-കെ.വൈ.സി’ നടപടി പൂർത്തിയാക്കി പുതിയ കാർഡിനായി അപേക്ഷിക്കണം.
● വിവരങ്ങൾക്ക്: pmjay.gov.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.